Site iconSite icon Janayugom Online

വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവവധുവിനെയും, വരനെയും യുവാക്കള്‍ വഴിതടഞ്ഞ് മര്‍ദ്ദിച്ചതായി ആരോപണം

വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവവധുവിനെയും, വരനെയും യുവാക്കള്‍ വഴിതടഞ്ഞ് മര്‍ദ്ദിച്ചതായി ആരോപണം. ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ച് കാര്‍ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്നു പേരുള്‍പ്പെടെ നാല് പ്രതികളെ പത്തനംതിട്ട ജില്ലിയിലെ കീഴ് വായ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത്ത് അജി (27), അമല്‍ജിത്ത് അജി (22) പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ് നാഥ് (20) എന്നിവരാണ് പിടിയിലായത്.

നവദമ്പതിമാരായ നെടുമ്പാറ കോലാനിക്കല്‍ മലയില്‍ മുകേഷ് മോഹന്‍, കോട്ടയം കുറിച്ചി സ്വദേശിനി ദീപ്തിമോള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ വിവാഹദിവസമായ 17‑ന് വൈകീട്ട് നാലിന് മുകേഷിന്റെ വീട്ടില്‍വന്ന വാഹനങ്ങള്‍ പിന്നില്‍ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശംകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വധൂവരന്മാര്‍ യാത്രചെയ്ത കാറില്‍ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. 

കാറിന്റെ മുന്നില്‍ കയറി തടഞ്ഞുനിര്‍ത്തിയശേഷം അഭിജിത്ത് വരനെയും വധുവിനെയും ആക്രമിച്ചു. മറ്റ് പ്രതികള്‍ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ഡോറുകള്‍ ഇടിച്ചു കേടുപാടുവരുത്തി. മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മില്‍ ഒരുവര്‍ഷംമുമ്പ് അഭിജിത്തിന്റെ കല്യാണദിവസം അടിപിടി ഉണ്ടായിട്ടുണ്ട്. ഇതിന്റെ മുന്‍വിരോധം ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. അഖില്‍ജിത്തും അമല്‍ജിത്തും കഴിഞ്ഞവര്‍ഷം കീഴ്‌വായ്പ്പൂര് പൊലീസ് രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസില്‍ പ്രതികളാണെന്നു പറയപ്പെടുന്നു. നെടുമ്പാറ സ്വദേശിയെ കമ്പികൊണ്ടും കമ്പുപയോഗിച്ചും ആക്രമിച്ച സംഘത്തില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ്‌ഐ കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. 

Exit mobile version