Site iconSite icon Janayugom Online

മുഖ്യമന്ത്രിക്കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല; ജനങ്ങള്‍ ആഗ്രഹിച്ചാൽ ഇനിയും പരിപാടികളിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍

shashi tharoorshashi tharoor

താന്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ച് വെച്ചവർ അത് ഊരി വെയ്ക്കണമെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിനല്‍കുകയായിരുന്നു അദ്ദേഹം. ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു. അതാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? അങ്ങിനെ ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ഇങ്ങനെയുള്ള വിമർശനങ്ങളിൽ അപമാനമൊന്നും തോന്നുന്നില്ലെന്നും തരൂർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

എല്ലാ രാഷ്ട്രീയക്കാരും വിവിധ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ഞാനും അതിന്റെ ഭാഗമായിട്ടാണ് പങ്കെടുക്കുന്നത്. 14 വർഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. സമയം ലഭിക്കുന്നത് പോലെ പരിപാടികളിൽ പങ്കെടുക്കും. നാട്ടുകാർക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സമയം അനുസരിച്ച് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കെ കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ നിർമ്മാണോദ്ഘടന വേളയിലായിരുന്നു ശശിതരൂരിനെതിരെ ചെന്നിത്തലയുടെ വിമർശനം. ആരെങ്കിലും മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അത് അഴിച്ച് വെച്ചിട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. 

വിവിധ പരിപാടികള്‍ക്കായി കോഴിക്കോട്ടെത്തിയ ശശിതരൂര്‍ സാമുദായിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുസ്ലിംലീഗ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു പുറമെ സമസ്ത ആസ്ഥാനത്തും മുജാഹിദ് സെന്ററിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം വിസ്ഡം ഇസ്ലാമിക് മിഷന്‍ ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലാതെയുള്ള ഈ സന്ദര്‍ശനങ്ങള്‍ കെ പി സി സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. തരൂരിന്റെ അപ്രമാദിത്വത്തെ ഒരുകാരണവശാലും അംഗീകരിച്ചുകൊടുക്കരുതെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളുടെ ആവശ്യം. ഹൈക്കമാന്റിന് തരൂരിനെതിരെ പരാതി പ്രവഹിക്കുകയാണ്. എഐസിസി നേതൃത്വം പരസ്യപ്രതികരണവുമായി രംഗത്തെത്തിയെങ്കിലും പാര്‍ട്ടി അണികള്‍ക്കിടയില്‍ ശശിതരൂരിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണ അവരേയും നിസ്സഹായരാക്കുകയാണ്.

Eng­lish Sum­ma­ry: It is not pre­pared for the Chief Min­is­ter; Shashi Tha­roor said that he will par­tic­i­pate in more pro­grams if peo­ple want

You may also like this video

Exit mobile version