Site iconSite icon Janayugom Online

എന്ത് കഴിക്കണം എന്ന് പറയുക സർക്കാരിന്റെ ജോലിയല്ല: കേന്ദ്ര മന്ത്രി

ഇന്ത്യക്കാർക്ക് അവരുടെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മതസമൂഹങ്ങൾക്കിടയിൽ അസഹിഷ്ണുത വളരുന്നില്ലെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി. രാജ്യത്തെ സമാധാനവും സമൃദ്ധിയും ദഹിക്കാത്ത തത്പരകക്ഷികൾ സമഗ്രമായ സംസ്കാരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

എന്താണ് കഴിക്കേണ്ടതെന്ന് ജനങ്ങളോട് പറയുക എന്നത് സർക്കാരിന്റെ ജോലിയല്ല. ഓരോ പൗരനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിൽ ഹിജാബിന് നിരോധനമില്ല. മാർക്കറ്റുകളിലും മറ്റും ഹിജാബ് ധരിക്കാം. എന്നാൽ കോളജുകൾക്കും സ്ഥാപനങ്ങൾക്കും ഡ്രസ് കോഡും അച്ചടക്കവുമുണ്ട്. ഇത് അംഗീകരിക്കേണ്ടിവരും-നഖ്‍വി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതകലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനിടയിലാണ് ന്യൂനപക്ഷകാര്യ മന്ത്രിയുടെ അഭിമുഖം. ഹനുമാൻ ജയന്തിക്ക് ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ഹിന്ദുമത ഘോഷയാത്രയ്ക്കിടെ സംഘർഷം ഉണ്ടായി, പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും സമാനമായ അക്രമമുണ്ടായി. രാമനവമി കാലത്ത് ഹോസ്റ്റലിൽ മാംസാഹാരം വിളമ്പുന്നതിനെച്ചൊല്ലി ന്യൂഡൽഹിയിലെ വിദ്യാർത്ഥികൾ ജെഎൻയു കാമ്പസിൽ അക്രമം നടത്തി. കഴിഞ്ഞ മാസം ആദ്യം കർണാടകയിലെ മുസ്‍ലിം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് സ്കൂളിലെത്തിയത് വിവാദമായിരുന്നു.

Eng­lish summary;It is not the job of the gov­ern­ment to say what to eat: Union Minister

You may also like this video;

YouTube video player
Exit mobile version