സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് മൊഴി. ആര്‍എസ്എസ് നേതാവ് പ്രകാശും മറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് സഹോദരന്‍ പ്രശാന്താണ് പൊലീസിന് മൊഴിനൽകിയത്. ഇക്കാര്യം ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയും സമ്മതിച്ചു. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമമാണ് തീയിട്ട് നശിപ്പിച്ചത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്. ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിനോട് പ്രശാന്ത് പറഞ്ഞത് ഇങ്ങനെയാണ്- എന്റെ അനിയൻ പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. അവൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. തിരുവനന്തപുരം ജഗതിയിൽ നിന്നും ഇവൻ്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെയാണ് അനിയൻ ആകെ അസ്വസ്ഥനാവുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലാണ് ആ പയ്യനെ പിടികൂടിയത്. ഇതോടെ ആകെ ഭയത്തിലായിരുന്നു ഇവൻ. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവൻ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് ഇവൻ പറഞ്ഞു. അന്ന് അവനെ ഞാൻ കുറേ ശകാരിച്ചു. പക്ഷേ അവൻ ആകെ ആശങ്കയിലായിരുന്നു. കുറച്ചു ദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ.
മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവൻ വീട്ടിൽ ഇല്ലായിരുന്നു. ഇടയ്ക്ക് വന്നാലും ഈ കുണ്ടമണ്കടവിലെ കൂട്ടുകാർ വന്ന് വിളിച്ചു കൊണ്ടു പോകും. പ്രകാശന്റെ മരണശേഷം എനിക്ക് മേലെ വലിയ സമ്മർദ്ദവുമായിരുന്നു. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത് സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു ഭീഷണി. എന്നാൽ അനിയൻ മരിച്ച ശേഷവും കൂട്ടുപ്രതികളൊക്കെവളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവന്റെ മരണശേഷം ഈ കൂട്ടുകാർ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നു. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം.
അതേസമയം, ആർഎസ്‌എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിര്‍ണായക വിവരം പുറത്തുവന്നത്. പ്രതികള്‍ ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേസ് അവസാനിച്ചുവെന്ന് പറയാതിരുന്നത് ചില മാധ്യമങ്ങൾ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.
English Summary:
It is said that the RSS is behind the burning of Sandipanandagiri’s ashram
You may also like this video: