മോഹന്‍ലാല്‍ എമ്പുരാന്റെ തിരക്കഥ വായിച്ചില്ലെന്നും ചിത്രം നിര്‍മിച്ച ഗോകുലം ഗോപാലന്‍ സ്‌ക്രിപ്റ്റ് കണ്ടില്ലേയെന്നും
പറയുന്നത് അവിശ്വസനീയമാണെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. തിരക്കഥ വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും മുഖപത്രം വിമര്‍ശിക്കുന്നു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിട്ടും ആര്‍എസ്എസ് ആക്ഷേപം തുടരുകയാണ്. എമ്പുരാനെതിരെയും മോഹന്‍ലാലിനെതിരെയും ഓര്‍ഗനൈസറിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനമുയരുന്നത്.
എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകള്‍ സെന്‍സര്‍ ചെയ്ത് കളയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ തീരുമാനിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ് ഓര്‍ഗനൈസര്‍ നേരത്തെയും ലേഖനം പുറത്തിറക്കിയിരുന്നു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തതെന്നും ചോദ്യം ഉയര്‍ത്തി. 2002ലെ ഗുജറാത്ത് കലാപത്തില്‍ പൃഥ്വിരാജ് ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പ്രതികരിച്ചിരുന്നു.