Site iconSite icon Janayugom Online

ഐടി നിയമം: ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി

പുതിയ ഐടി നിയമത്തെ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന ഹര്‍ജികളിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് മാനദണ്ഡങ്ങള്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍ അഭയ് ഒക എന്നിവരുടെ ബെഞ്ചിന്റേതാണ് നീക്കം.

ഐടി നിയമത്തെ ചോദ്യം ചെയ്തുകൊണ്ടും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള വ്യത്യസ്ത ഹര്‍ജികള്‍ വിവിധ ഹൈക്കോടതികളില്‍ കെട്ടികിടക്കുകയാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെതന്നെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഹൈക്കോടതികളിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന എസ്ജിയുടെ ആവശ്യം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

അതേസമയം വിഷയം സംബന്ധിച്ച് വിവിധ ഹൈക്കോടതികള്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവുകള്‍ സ്റ്റേ ചെയ്തിട്ടില്ല. ഈ മാസം 19ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഐടി നിയമത്തെ ചോദ്യംചെയ്ത് നിരവധി ഹര്‍ജികളാണ് ‍ഡല്‍ഹി, മദ്രാസ്, ബോംബെ, കേരള ഹൈക്കോടതികളില്‍ എത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രം അപേക്ഷ നല്‍കിയത്.

Eng­lish Sum­ma­ry: IT Law: Peti­tions Trans­ferred to Supreme Court

You may like this video also

Exit mobile version