കൊല്ലം മൈനാഗപ്പള്ളിയില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി നിരപരാധിയാണെന്ന് അമ്മ സുരഭി. ഒന്നാംപ്രതിയായ അജ്മല്‍ തന്റെ മകളെ കുടുക്കിയതാണെന്നും ഇതിനെല്ലാം പിന്നില്‍ തന്റെ മുന്‍ഭര്‍ത്താവ് അടക്കമുള്ളവരാണെന്നും സുരഭി ആരോപിച്ചു. മകളുടെ മുന്‍ഭര്‍ത്താവിനും ഇതില്‍ പങ്കുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്.
”ഹോഴ്‌സ് റൈഡിങ് പരിശീലകനാണെന്നും സീരിയലിലെ ഡ്യൂപ് ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞാണ് മകളുടെ മുന്‍ഭര്‍ത്താവ് അവളെ പരിചയപ്പെട്ടിരുന്നത്. അജ്മലും സീരിയല്‍ നടനാണെന്നും ഡാന്‍സുകാരനാണെന്നും പറഞ്ഞ് പരിചയപ്പെട്ടെന്നാണ് ഞാന്‍ വാര്‍ത്തകളില്‍ നിന്ന് മനസിലാക്കിയത്. അജ്മലിനെക്കുറിച്ച് മകള്‍ ഒന്നും പറഞ്ഞിട്ടില്ല. രണ്ടുമാസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് തനിക്കിറിയില്ലെന്നും. കുട്ടിയെ അകത്താക്കാന്‍ വേണ്ടി എന്തിനാണ് ആ പാവപ്പെട്ട കുടുംബത്തെ അവന്‍ കയറ്റിയിറക്കി കൊന്നത്. അവരുടെ കുടുംബം എന്തുമാത്രം കരയുന്നുണ്ടാകും. എന്റെ കൊച്ച് നിരപരാധിയാണ്.
ഞാന്‍ അങ്ങനെയൊന്നും ചെയ്യൂല അമ്മ എന്നാണ് എന്റെ കൊച്ച് വിളിച്ചിട്ട് പറഞ്ഞത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല അമ്മ, മാധ്യമങ്ങളില്‍ അങ്ങനെയൊക്കെ വരുന്നു അമ്മാ, ഞാന്‍ അങ്ങനെ ചെയ്യോ എന്നൊക്കെയാണ് അവള്‍ പറഞ്ഞതെന്ന് ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ ഏത് രോഗി വന്നാലും അവരുടെ അടുത്തുനിന്ന് മാറാതെ ശുശ്രൂഷ നല്‍കുന്നയാളാണ് ശ്രീക്കുട്ടി. അവര്‍ക്ക് എല്ലാംചെയ്തുകൊടുക്കും. അവിടെ പറ്റിയില്ലെങ്കില്‍ ആംബുലന്‍സില്‍ ഒപ്പംകയറി അടുത്ത ആശുപത്രിയിലേക്ക് പോകും.
കൊല്ലത്ത് അവള്‍ വാടകവീട്ടില്‍ താമസിക്കുകയാണെന്നും അവിടെ മദ്യപാനമാണെന്നും പറയുന്നത് വെറുതെയാണ്. മകള്‍ക്ക് ആശുപത്രി അധികൃതര്‍ നല്ല ഒരു മുറി കൊടുത്തിട്ടുണ്ട്. മാസംതോറും ഞാന്‍ അവിടെ പോകാറുണ്ട്. ഇടയ്ക്കിടെ മോനുമായി അവിടെപോകും. രണ്ടുമാസം മുന്‍പ് കുട്ടിയുടെ ജന്മദിനത്തിന് ശ്രീക്കുട്ടി ഇവിടെ വന്നിരുന്നു.
അഞ്ചുപവന്റെ ബ്രേസ് ലെറ്റും അഞ്ച് പവന്റെ കൊലുസ്സും മൂന്നരപവന്റെ മാലയും കമ്മലും രണ്ട് മോതിരവും മകള്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. എങ്ങനെയാണ് മായാലോകത്ത് ഇവന്മാര്‍ ഇതൊക്കെ ഊരിയെടുത്തതെന്ന് അറിയില്ല.
അവള്‍ക്ക് രണ്ട് ബൈക്കുകളുണ്ടായിരുന്നു. ആര്‍.ത്രീയും ആക്ടീവയും. അവള്‍ ബുള്ളറ്റൊക്കെ ഓടിക്കും. അജ്മല്‍ മകളുടെ രണ്ട് ബൈക്കും കൈക്കലാക്കി കൊണ്ടുപോയി. നല്ല സ്‌നേഹമുള്ള കൊച്ചാണ്. പഠിക്കാന്‍ മിടുക്കിയായിരുന്നു. പി.ടി.എ. യോഗത്തിന് പോയാല്‍ അധ്യാപികമാരെല്ലാം അവളെക്കുറിച്ച് നല്ലത് മാത്രമേ പറയാറുള്ളൂ.
24 മണിക്കൂറും ഡ്യൂട്ടിയാണ്, ഇതിനിടയില്‍ എവിടെ കറങ്ങിനടക്കാനാണ്. ആ പാവപ്പെട്ട സ്ത്രീയെ എന്തിനാണ് കൊല്ലാന്‍ ശ്രമിക്കുന്നത്. എന്റെ കുട്ടി നിരപരാധിയാണെന്നാണ് ആ കുടുംബത്തോട് പറയാനുള്ളത്. ദയവുചെയ്ത് എന്റെ കുടുംബത്തോട് കരുണ കാണിക്കണമെന്നും അപേക്ഷിക്കുകയാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം അജ്മലിനെ ഞാന്‍ കണ്ടിട്ടില്ല. സംഭവത്തില്‍ മകളുടെ മുന്‍ഭര്‍ത്താവിനെ ചോദ്യംചെയ്യണം. ഇതിന്റെ സത്യാവസ്ഥ അറിയണം. മകള്‍ക്ക് അജ്മല്‍ മദ്യം കൊടുത്തതാകും. ഇവിടെ ആരും മദ്യപിക്കില്ല. ഞാന്‍ മന്ത്രവാദിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇവിടെ അങ്ങനെയൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തില്‍ ആരും മദ്യപിക്കില്ല. കുടുംബത്തില്‍ മദ്യപാനമേ ഇല്ലെന്ന് ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.