123 വര്‍ഷത്തിന് ശേഷമുള്ള ചൂടേറിയ, രണ്ടാമത്തെ നവംബറാണ് കടന്നുപോയതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ മാസത്തെ ശരാശരി ഉയര്‍ന്ന താപനില 29.37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നവംബറിലെ ശരാശരി പ്രതിദിന പരമാവധി താപനില സാധാരണയേക്കാള്‍ 0.62 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. കുറഞ്ഞ താപനില സാധാരണയെക്കാള്‍ 1.05 ഡിഗ്രി സെല്‍ഷ്യസും. ഒക്ടോബറില്‍ മണ്‍സൂണ്‍ അവസാനിച്ചതിന് ശേഷം സാധാരണയേക്കാള്‍ ഉയര്‍ന്നതാപനില രേഖപ്പെടുത്തി. ഇത് തുടര്‍ന്നാല്‍ 2024 ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറിയേക്കാം.
മെഡിറ്ററേനിയനില്‍ ഉത്ഭവിക്കുന്ന ഉഷ‍്ണമേഖലാ കൊടുങ്കാറ്റുകള്‍ നവംബറിനും മാര്‍ച്ചിനും ഇടയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ശൈത്യകാല മഴയ്ക്ക് കാരണമാകുന്നു. എന്നാല്‍ ഇവയുടെ അഭാവം കാരണം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നവംബറില്‍ 79.9 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ പ്രയോജനം ലഭിക്കുന്ന തെക്കേഇന്ത്യയുടെ ചില ഭാഗങ്ങളില്‍ 37.9 ശതമാനം കുറവും രേഖപ്പെടുത്തി.
രണ്ട് പതിറ്റാണ്ട് മുമ്പ് മുതല്‍ നവംബറിലെ മഴയുടെ കുറവ് തുടങ്ങിയെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക‍്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.