Site iconSite icon Janayugom Online

തലസ്ഥാനത്ത് ഇത് ‘പൂക്കാലം ’

അത്തം പിറക്കാന്‍ രണ്ടു നാള്‍ നില്‍ക്കെ സന്തോഷത്തിന്റെ പൂക്കാലം തലസ്ഥാനത്തുണ്ട്. ഇത്തവണ ഓണം കളറാക്കാന്‍ അഞ്ച് ഇരട്ടിയിലേറെ വര്‍ധനയാണ് ജില്ലയിലെ പുഷ്പ കൃഷിയിലുണ്ടായത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലാ ഓഫിസ് തയ്യാറാക്കിയ പൂവിളി- 2024 പുഷ്പകൃഷി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബന്ദിയും ജമന്തിയും വാടാമുല്ലയുമാണ് ഈ വര്‍ഷം കൂടുതലായി കൃഷി ചെയ്തത്. ജില്ലയില്‍ 216.82 ഹെക്ടര്‍ സ്ഥലത്താണ് നിലവില്‍ പൂകൃഷി ചെയ്യുന്നത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അ‍ഞ്ച് ഇരട്ടിയിലധികമാണ്. ജമന്തി, ചെണ്ടുമല്ലി, മുല്ല, വാടാമുല്ല, ഓര്‍ക്കിഡ് എന്നീ പൂക്കളാണ് ജില്ലയില്‍ കൂടുതലായി കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തത്.

 

ജമന്തി, ചെണ്ടുമല്ലി എന്നിവ 37.5 ശതമാനവും വാടാമുല്ലയും മുല്ലയും 12.5 ശതമാനം വീതവും മറ്റു പൂക്കള്‍ 25 ശതമാനവും ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തു. ഒരു സെന്റില്‍ നിന്ന് ഏകദേശം 10 കിലോ ജമന്തി ലഭിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് 650 രൂപ വരുമാനമാണ് ലഭിച്ചത്. മുല്ല ഒരു വര്‍ഷം ഒരു സെന്റില്‍ നിന്ന് ഏകദേശം 25 കിലോ ലഭിച്ചു. ഇതില്‍ നിന്ന് 7500 രൂപ വരെ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ കൃഷിയില്‍ 62. 5 ശതമാനം കര്‍ഷകര്‍ക്കും ലാഭം ലഭിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് കുമാര്‍ ബി യുടെ നേതൃത്വത്തിലാണ് സര്‍വെ നടത്തിയത്. 30 വയസിനു മുകളിലുള്ളവരാണ് പുഷ്പകൃഷിയില്‍ ഏര്‍പ്പെടുന്നവരില്‍ കൂടുതലും. 30 വയസിനു താഴെ രണ്ട് ശതമാനം പേരും 31 നും 40 നും ഇടയില്‍ 16.3 ശതമാനം പേരും. 31 — 40 നും ഇടയില്‍ 16.3 ശതമാനം , 41- 50 നും ഇടയില്‍ പ്രായമുള്ളവര്‍ 49 ശതമാനം, 50 നു മുകളില്‍ 32. 7 ശതമാനം പേരുമാണ് കൃഷി ചെയ്യുന്നത്. സ്വന്തമായി പുഷ്പകൃഷി ചെയ്തത് 25. 9ശതമാനം പേര്‍. കര്‍ഷക സംഘങ്ങള്‍ വഴി 5.2 ശതമാനം, കര്‍ഷക കൂട്ടായ്മകള്‍ വഴി 72.4 ശതമാനം പേരും പുഷ്പ കൃഷി ചെയ്തിട്ടുണ്ട്. 62.1 ശതമാനം പേര്‍ കിണറിനെ ആശ്രയിച്ച് ജലസേചനം നടത്തിയപ്പോള്‍ 19 ശതമാനം പേര്‍ കുളവും 12.1 ശതമാനം പേര്‍ പൈപ്പ് കണക്ഷന്‍ ഉപയോഗിച്ചാണ് ജലസേചനം ചെയ്തത്. കൃഷി ചെയ്ത പൂക്കള്‍ നേരിട്ട് ഉപഭോക്താവിന് നല്‍കുന്ന 46.5 ശതമാനം പേരും പ്രാദേശിക വിപണികള്‍ക്ക് നല്‍കുന്ന 75. 9ശതമാനം പേരും ഉണ്ട്. പ്രാദേശിക വിപണനം നടത്തുന്ന 5.2 ശതമാനം പേരും മൊത്ത വിതരണക്കാര്‍ക്ക് നല്‍കുന്ന 8.6 ശതമാനം കര്‍ഷകരും ഉണ്ട്.

ജില്ലയില്‍ പുഷ്പകൃഷി കൂടുതലുള്ളത് കാട്ടാക്കട നിയോജക മണ്ഡലത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി ഈ വര്‍ഷം 37. 75 ഹെക്ടര്‍ ആണ് കൃഷി. മുന്‍ വര്‍ഷം 27.92 ഹെക്ടറായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 24 ഏക്കറിലധികം വര്‍ധനയാണ് കാട്ടാക്കട മണ്ഡലത്തില്‍ മാത്രമുണ്ടായത്. മുന്‍ വര്‍ഷം ഇവിടെ നടപ്പാക്കിയ നമ്മുടെ ഓണം നമ്മുടെ പൂവ് പദ്ധതിയാണ് പുഷ്പകൃഷി വര്‍ധനയ്ക്ക് പ്രധാന കാരണം. കൃഷി വകുപ്പ് നടപ്പാക്കുന്ന പൂവനി പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പുഷ്പകൃഷി ചെയ്ത കാട്ടാക്കട നിയോജക മണ്ഡലത്തിലെ പള്ളിച്ചല്‍ പഞ്ചായത്തില്‍ 20 ഹെക്ടര്‍ സ്ഥലത്ത് ജമന്തിയും ഹാര ജമന്തിയുമാണ് കൃഷിയിറക്കിയത്. അതിയന്നൂര്‍ ബ്ലോക്കിലെ വെങ്ങാനൂര്‍, നേമം ബ്ലോക്കിലെ ബാലരാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 10 ഹെക്ടര്‍ വീതം ഈ വര്‍ഷം പൂഷ്പകൃഷി ചെയ്തു. കോര്‍പറേഷനില്‍ 1. 5 ഹെക്ടര്‍ സ്ഥലത്താണ് പുഷ്പകൃഷി. നേമം ബ്ലോക്കില്‍ 47 ഹെക്ടര്‍ സ്ഥലത്ത് ജമന്തി, ചെണ്ടുമല്ലി, വാടാമുല്ല. മുല്ല എന്നീ പൂക്കളാണ് കൃഷി ചെയ്തിരിക്കുന്നത്.

Exit mobile version