Site iconSite icon Janayugom Online

വരാനിരിക്കുന്നത് ‘സണ്ണി ഡേയ്സ’ല്ല; പോര്‍ദിനങ്ങള്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ കെ സുധാകരനുള്‍പ്പെടെ തുറന്ന പോരിനിറങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ യുദ്ധസാഹചര്യം. ഇനി ‘സണ്ണി ഡേയ്സ്’ ആണെന്ന് അവകാശപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ അതൃപ്തി തുറന്നുകാട്ടിയത്. ഇന്നലെ എഐസിസി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടുനിന്നാണ്, താന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് നീങ്ങുകയാണെന്ന് സുധാകരന്‍ പ്രഖ്യാപിച്ചത്. നേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ അതൃപ്തിയുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും ഇതേ മാതൃകയില്‍ മുന്നോട്ടുപോകുമെന്നാണ് വ്യക്തമാക്കിയത്. അനാരോഗ്യമുണ്ടെന്ന് പരസ്യമായും കഴിവുകേട് രഹസ്യമായും ആരോപിച്ചായിരുന്നു കെ സുധാകരനെ പുറത്താക്കാനുള്ള നീക്കം മറുവിഭാഗം നടത്തിയത്. തദ്ദേശ — നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കണമെങ്കില്‍ സുധാകരനെ മാറ്റിയേപറ്റൂ എന്ന വാദം അംഗീകരിച്ചാണ് ദേശീയനേതൃത്വം തീരുമാനമെടുത്തത്. അവസാനനിമിഷം കടുത്ത പ്രതിരോധമുയര്‍ത്തിയെങ്കിലും ഗത്യന്തരമില്ലാതെ സുധാകരന് വഴങ്ങേണ്ടിവന്നു. ഇതോടെ എല്ലാം ശാന്തമാകുമെന്ന് കരുതിയ നേതാക്കള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസം സുധാകരന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. 

പുതിയ അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങില്‍, തന്റെ കാലത്തുണ്ടാക്കിയ നേട്ടങ്ങള്‍ സുധാകരന്‍ എണ്ണിയെണ്ണിപ്പറഞ്ഞു. ഇതിനു പിന്നാലെയാണ്, തന്നെ അപമാനിച്ച് ഇറക്കിവിട്ട ദേശീയ നേതൃത്വത്തോട് യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം എഐസിസി യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. നിയമസഭാ തെരഞ്ഞെടുപ്പും പുനഃസംഘടനയുമുള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു ഡല്‍ഹിയിലെ യോഗം. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനും വിട്ടുനിന്നു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയ അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരും യു‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ അടൂര്‍ പ്രകാശുമാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നിറഞ്ഞുനിന്നത് മുതിര്‍ന്ന നേതാക്കളുടെ ഒളിയമ്പുകളും വിമര്‍ശനങ്ങളുമായിരുന്നു. സുധാകരനും കൊടിക്കുന്നില്‍ സുരേഷും കെ മുരളീധരനുമെല്ലാം അതൃപ്തി പങ്കുവച്ചു. അധ്യക്ഷസ്ഥാനത്തിന് വേണ്ടി കരുനീക്കിയിട്ടും ലഭിക്കാതെപോയ ആന്റോ ആന്റണി ചടങ്ങില്‍ പങ്കെടുത്തില്ല. എംപിമാരായ ശശി തരൂര്‍, എം കെ രാഘവന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും വിട്ടുനിന്നു. കെപിസിസി നേതൃമാറ്റം സംബന്ധിച്ച് അറിയിച്ചില്ലെന്നാണ് നേതാക്കളുടെ പരാതി. ഇതോടെ പുതിയ അധ്യക്ഷന്‍ സണ്ണി ജോസഫിന് മുന്നിലുള്ളത് കല്ലും മുള്ളും നിറഞ്ഞ വഴിയെന്നുറപ്പായി. 

Exit mobile version