2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് വരെ ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ തുടരും. ഡൽഹിയിൽ ഇന്നലെ സമാപിച്ച ദേശീയ നിർവാഹക സമിതിയുടെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രനടക്കം സംസ്ഥാന അധ്യക്ഷന്മാരെ തൽക്കാലം മാറ്റേണ്ടതില്ലെന്നും നിർവാഹക സമിതിയിൽ ധാരണയായി. 2024 ജൂൺ വരെയാണ് ജെ പി നഡ്ഡയുടെ കാലാവധി നീട്ടിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും നഡ്ഡ ബിജെപിയെ നയിക്കും. ഗുജറാത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കാലാവധി നീട്ടുന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്.
കോവിഡ് കാലത്ത് നഡ്ഡയുടെ നേതൃത്വം പാർട്ടിക്ക് പ്രയോജനപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോഡിയുടെയും നഡ്ഡയുടെയും നേതൃത്വത്തിൽ 2024 ലെ തെരഞ്ഞെടുപ്പിൽ 2019 നേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് ഉറപ്പുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. നിർണായകമായ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സംസ്ഥാന അധ്യക്ഷന്മാരെ മാറ്റേണ്ടെന്ന് തീരുമാനമുണ്ടായത്. സംസ്ഥാന ഭാരവാഹികളും തുടരും.
അതേസമയം കേരളത്തിൽ ബിജെപിക്ക് വളർച്ച കൈവരിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ദേശീയ എക്സിക്യൂട്ടീവിൽ ഉണ്ടായി. സംഘ്പരിവാർ സംഘടനകൾക്ക് ശക്തി കുറഞ്ഞ തമിഴ്‌നാട്ടിൽ പോലും കേരളത്തെക്കാൾ വളർച്ച നേടാൻ സാധിച്ചുവെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസമാർജിക്കാൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകത്തിന് കഴിയുന്നില്ലെന്നും ഒരുവിഭാഗം നേതാക്കൾ പറഞ്ഞു.
English Summary: J P Nadda will continue as BJP president
you may also like this video