Site icon Janayugom Online

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലക്കുട വിടർത്തി ജക്രാന്ത മരങ്ങൾ

maram

തെക്കിന്റെ കാശ്മീരായ മൂന്നാറിന്റെ പാതയോരങ്ങളില്‍ നീലവസന്തം വിരിയിച്ച് ജക്രാന്ത മരങ്ങള്‍. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ് കാന്തി വിരിക്കുന്ന ഈ നീലവാക പൂക്കള്‍ വസന്തകാലത്ത് മൂന്നാറിന് വര്‍ണ്ണനാതീതമായ സൗന്ദര്യമാണ് നല്‍കുന്നുത്. അഴകിന്റെ കുട നിവര്‍ത്തി നില്‍ക്കുന്ന നീലവാക മരങ്ങള്‍ നിരവധി സഞ്ചാരികളെയാണ് മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നത്.

ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന നീല വാകയുടെ പുഷ്പങ്ങളാണ് മൂന്നാറിന്റെ മലനിരകളില്‍ വസന്തമണിയിച്ചിരിക്കുന്നത്. കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്‍മാരാണ് മൂന്നാര്‍ തേയില തോട്ടങ്ങളിലെ പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നല്‍കിയാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറുള്ളത്. വര്‍ഷത്തില്‍ രണ്ട് തവണ മാത്രം ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന മരങ്ങള്‍ മൂന്നാറിന്റെ പ്രത്യേകതകളില്‍ ഒന്ന് മാത്രമാണ്.

പൂത്തുലഞ്ഞു നില്‍ക്കുന്ന ജക്രാന്തകള്‍ കാണുവാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മൂന്നാര്‍ ഉദുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് നീലവാകകള്‍ വ്യാപകമായി പൂത്തു നില്‍ക്കുന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് മധ്യത്തിലൂടെയുള്ള പാതയോരത്ത് പൂത്തു നില്‍ക്കുന്ന ജക്രാന്തകള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് അഴകാര്‍ന്ന സൗന്ദര്യം സമ്മാനിക്കുന്നു. 

പാതയോരങ്ങളും ഉദ്യാനങ്ങളും മോടി പിടിപ്പിക്കുവാന്‍ വിദേശ രാജ്യങ്ങളിലും ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സില്‍പ്പെട്ട അമേരിക്കകാരിയാണ് ജക്രാന്ത. ശാസ്ത്രനാമം മിമോസിഫോളിയ എന്നാണ്. 

Eng­lish Sum­ma­ry: Jacaran­da trees spread blue umbrel­las on the road­sides of Munnar

You may also like this video

Exit mobile version