Site iconSite icon Janayugom Online

ജയ്പുർ- മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊല: പ്രതി മുസ്‍ലിങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി, കേസിൽ കുറ്റപത്രം സമർപ്പിച്ചു

ജയ്പുർ- മുംബൈ എക്സ്പ്രസിൽ ആർപിഎഫ് കോൺസ്റ്റബിൾ യാത്രക്കാരെയും മേലുദ്യോഗസ്ഥനെയും വെടിവച്ചുകൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതിയായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ചേതൻ സിങ് മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

ജൂലൈ 31, തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തിയ സമയത്തായിരുന്നുകൂട്ടക്കൊല നടന്നത്. 2017ൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളയാളെ അകാരണമായി ആക്രമിച്ചതിന് ചേതൻ സിങ്ങിനെതിരെ വകുപ്പു തല നടപടി ഉണ്ടായിട്ടുണ്ടെന്നതും കേസിന് ബലമായി.

പ്രതിയായ ചേതൻ സിംഗ് തന്റെ സഹപ്രവർത്തകനായ ടിക്കാറാം മീണയെയാണ് ആദ്യം കൊലപ്പെടുത്തിയത്. അസുഖമാണെന്ന് പറഞ്ഞിട്ടും ജോലിയിൽ നിന്നും വിടുതൽ നൽകാൻ ടിക്കാറാം മീണ അനുവദിക്കാത്തതാണ് ആദ്യ കൊലയുടെ പ്രകോപനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പിന്നീട് നടത്തിയ കൊലപാതകം കോച്ചുകളിൽ മാറി മാറി നടന്ന പ്രതി മുസ്ലീം വിഭാഗക്കാരെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്. കൊലപാതക ശേഷം മുസ്ലീം വിരുദ്ധ ഭീഷണി പ്രസംഗം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Jaipur-Mum­bai Cen­tral train fir­ing case: files chargesheet
You may also like this video

Exit mobile version