ഇന്ത്യയും റഷ്യയും തമ്മില്‍ സുസ്ഥിരവും കാലാനുസൃതവുമായ ബന്ധമാണുള്ളതെന്നും വര്‍ധിച്ചുവരുന്ന സാമ്പത്തിക സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ സന്തുലിതമായ ദീര്‍ഘകാല ഇടപഴകലാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മോസ്‍കോയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ഉക്രെയ്‍ന്‍ സംഘര്‍ഷത്തിന് അനന്തരഫലങ്ങളുണ്ടാകും. തീവ്രവാദത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ശാശ്വതമായ പ്രശ്നങ്ങളുണ്ടെന്നും ഇവ രണ്ടും വികസനത്തിന് വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിയും വിപണി സമ്മര്‍ദ്ദങ്ങളും ആഗോള സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ആഗോള സാഹചര്യത്തെയും പ്രത്യേക പ്രാദേശിക ആശങ്കകളെയും കേന്ദ്രീകരിച്ചാണ് ചര്‍ച്ച നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര സംഭാഷണങ്ങളിലൂടെ ഉക്രെയ്‍ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണണമെന്ന നിലപാട് ആവര്‍ത്തിക്കുന്നതായും ജയശങ്കര്‍ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, ഊർജ മേഖല, ദേശീയ കറൻസി ഉപയോഗം തുടങ്ങിയ വിഷയങ്ങളിലും ഏഷ്യ‑പസഫിക് മേഖലയിൽ സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ), ജി 20, റഷ്യ‑ഇന്ത്യ‑ചൈന ത്രിരാഷ്ട്ര ബന്ധങ്ങൾ, ഐക്യരാഷ്ട്രസഭയിൽ നിലവിൽ നടക്കുന്ന അന്താരാഷ്ട്ര പ്രശ്‌നങ്ങൾ ഉൾപ്പെടെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണെന്നും ഇന്ധന ഇറക്കുമതി തുടരുമെന്നും ജയശങ്കര്‍ അറിയിച്ചു.
ഇന്ധന വാതക ഉപഭോഗത്തിൽ മൂന്നാമതാണ് ഇന്ത്യ. ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധന സ്രോതസ്സുകൾ കണ്ടത്തേണ്ടത് രാജ്യത്തിന് പ്രധാനമാണ്. അതിന് സഹായിക്കുന്ന റഷ്യയുമായുള്ള പങ്കാളിത്തം ഇന്ത്യ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജയശങ്കർ പറഞ്ഞു. യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും റഷ്യന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച നിലപാടില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നില്ല. ദ്വിദിന സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ തിങ്കളാഴ്ച മോസ്‍കോയിലെത്തിയത്. ഉക്രെയ്‍ന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള ജയശങ്കറിന്റെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ജയശങ്കറിന്റെ സന്ദര്‍ശനം.
English Summary: Jaishankar says India-Russia relationship ‘exceptionally steady’
You may also like this video