Site icon Janayugom Online

ആര്‍എസ്എസുമായി എന്താണ് ചര്‍ച്ചചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം: മുഖ്യമന്ത്രി

pinarayi vijayan

സംഘപരിവാറുമായി ചര്‍ച്ച ചെയ്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ രാജ്യഭരണം നിയന്ത്രിക്കുന്ന ആർഎസ്എസിനുമുന്നിൽ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയത്?ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാൽ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാർ? അത്തരക്കാരുമായി ചർച്ച നടത്തിയാൽ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക? ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തിൽ ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികൾ. വർഗ്ഗീയതകൾ പരസ്പരം സന്ധി ചെയ്‌തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതിൽ ഒരേ മനസ്സോടെ നിൽക്കുന്നവരാണ് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.

Eng­lish Sum­ma­ry: Jamaat-e-Isla­mi lead­er­ship should clar­i­fy what was dis­cussed with RSS: Chief Minister

You may also like this video

Exit mobile version