ഒരു നാടിന്റെ സംസ്കൃതിയായ വള്ളംകളിയുടെ തനിമക്ക് ചാരുതയേകി അന്താരാഷ്ട്ര പുരസ്കാരം നേടിയ തിളക്കവുമായി ജമിയ ജോസഫ്. ലോകോത്തര ഫാഷൻ ഇവെന്റുകളിൽ ഒന്നായ ഡിഎൻഎ പാരീസ് ഡിസൈൻ മെറ്റ് ഗാലയിലേക്ക് വള്ളംകളിയുടെ സൗന്ദര്യത്തെ പകർത്തി തയ്യാറാക്കി നിർമ്മിച്ച കാർപറ്റിലൂടെയാണ് ഈ നേട്ടം.
ഇക്കോ ഡിസൈൻ വിഭാഗത്തിൽ ജമിയ ജോസഫ് ഡിസൈൻ ചെയ്ത നെയ്ത്ത് ബൈ എക്സ്ട്രാവീവ് സംരഭത്തിനാണ് പുരസ്കാരം. പ്രശസ്തമായ പാരീസ് ഡിസൈൻ മെറ്റ് ഗാലയിൽ ഇന്ത്യയിൽ നിന്നും 2023 ൽ പുരസ്‍കാരം ലഭിച്ച ഏക സംരംഭവുമാണ് ജമിയയുടേത്.
ആലപ്പുഴ പുത്തൻപറമ്പ് കൈനകരി കിഴക്ക് സ്വദേശിയായ ജമിയ ഇപ്പോൾ എറണാകുളം തിരുവാണിയൂർ നടുക്കുരിശിലാണ് താമസം. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ അധ്യാപകനും നാടക കലാകാരനും ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോസഫ് ആന്റണിയുടെയും സാലിയുടെയും മകളാണ്. മർച്ചന്റ് നേവിയിൽ എൻജിനീയറായ ജോയൽ ജോസഫ് സഹോദരനാണ്.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ പ്ലസ് ടു പഠനശേഷം കണ്ണൂർ നിഫ്റ്റിൽ നിന്നും നാലുവർഷത്തെ ടെക്സ്റ്റൈൽ ഡിസൈനിൽ ബാച്ചfലേഴ്സ് ഡിഗ്രി നേടf. ഇപ്പോള്‍ ചേർത്തലയിലെ നെയ്ത്ത് ബൈ എക്സ്ട്രവീവിൽ സീനിയർ ഡിസൈനറാണ് ജമിയ. കുട്ടിക്കാലത്തെ കൈനകരി കാഴ്ചകളും പിന്നീട് പഠനവുമായി ബന്ധപ്പെട്ടുള്ള യാത്രകളിൽ മനസ്സിൽ പതിഞ്ഞ കുട്ടനാടൻ പാരമ്പര്യവും സൗന്ദര്യവുമാണ് പ്രധാനമായും ജമിയയുടെ ഡിസൈനിങ്ങിൽ തെളിയുന്നത്. നെറ്റിപ്പട്ടം, കളിയോടം, വള്ളംകളി എന്നിവയെല്ലാം ഈ ഡിസൈനറുടെ കരവിരുതിൽ ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഡിസൈൻ ചെയ്ത വള്ളം കളിയാണ് അന്താരാഷ്ട്ര ബഹുമതിക്ക് അവസരമൊരുക്കിയതും. ഒക്ടോബർ ആറിന് പാരിസിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ജമിയ. നെയ്ത്ത് ബൈ സ്ഥാപകരായ ശിവൻ സന്തോഷ്, നിമിഷ ശ്രീനിവാസ് എന്നിവരും സഹപ്രവർത്തകരായ പി ആദർശ്, കെ യു കണ്ണൻ, ദിവ്യ രാജേഷ്, മിഥില മണി, റാണി എസ് ലാൽ തുടങ്ങിയവരും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടെന്നും അതൊരു ഊർജ്ജമാണെന്നും ജമിയ പറഞ്ഞു.
you may also like this video;