Site iconSite icon Janayugom Online

ജനപ്രതിനിധികളില്ലാതെ ജമ്മുകശ്മീര്‍

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്ലാതെ ജമ്മുകശ്മീര്‍. 30,000 തദ്ദേശീയ ജനപ്രതിനിധികളുടെ കാലാവധി നാളെ തീരുന്നതോടെയാണ് കശ്മീരിലെ ജനാധിപത്യസംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുന്നത്. അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും സംസ്ഥാനത്തെ മുന്‍സിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടത്തുക. എന്നാല്‍ കേന്ദ്രം ഇതുസംബന്ധിച്ച തീരുമാനം ഇനിയുമെടുത്തിട്ടില്ല. 2018ലാണ് ജമ്മു കശ്മീരില്‍ അവസാനമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. അംഗങ്ങളും പഞ്ചായത്ത് തലവന്മാരും (സര്‍പഞ്ച്) ഉള്‍പ്പെടെ 27,281 പേരെയാണ് അന്ന് തെരഞ്ഞെടുത്തത്. 2019 ജനുവരി 10ന് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. നിലവില്‍ 12,776 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 

മുന്‍സിപ്പല്‍, പഞ്ചായത്ത് വാര്‍ഡുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ഡിസംബര്‍ 23ന് പഞ്ചായത്ത് രാജ് വകുപ്പ് ജമ്മുകശ്മീരിലെ എല്ലാ ബ്ലോക്ക് ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചിരുന്നു. വോട്ടര്‍മാരുടെ എണ്ണം കഴിയുന്നത്ര തുല്യമായി വരുന്ന രീതിയില്‍ അതിര്‍ത്തിനിര്‍ണയം നടത്തണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.
ജനപ്രതിനിധികളുടെ കാലാവധി അവസാനിക്കുന്നതിനാൽ നാളെ മുതൽ ഓരോ പഞ്ചായത്തിനും അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് ഇല്ലാതാകുമെന്ന് ഓൾ ജമ്മു കശ്മീർ പഞ്ചായത്ത് കോൺഫറൻസ് ചെയർമാൻ അനിൽ ശർമ പറഞ്ഞു. നാളെ മുതല്‍ ആറ് എംപിമാരും 20 ജില്ലാ വികസന കൗണ്‍സിലുകളും മാത്രമാണ് ജമ്മുകശ്മീരിനെ പ്രതിനിധീകരിക്കുക. എംപിമാരില്‍ ഒരാള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ്.

ബിജെപി, പി‍ഡിപി സംയുക്ത സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് 2018 മുതല്‍ ജമ്മു കശ്മീരിനെ കേന്ദ്രഭരണത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത്. 2014ലാണ് അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമാക്കി വിഭജിക്കുകയുമായിരുന്നു. അതിര്‍ത്തി നിര്‍ണയത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് മുമ്പ് ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഡിസംബര്‍ 11ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

Eng­lish Summary;Jammu and Kash­mir with­out peo­ple’s representatives
You may also like this video

Exit mobile version