2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിനിടെ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ആദിൽ ഹുസൈൻ ഷാ ഉൾപ്പെടെ 56 പേർക്ക് ജമ്മു കശ്മീർ സർക്കാരിന്റെ ധീരതാ പുരസ്കാരം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹപത്നാർ ഗ്രാമത്തിൽ നിന്നുള്ള കുതിര സവാരിക്കാരനായ ഷാ, ആക്രമണത്തിനിടെ കാണിച്ച അസാധാരണ ധൈര്യത്തിനാണ് ആദരിക്കപ്പെട്ടത്.
ഏപ്രിൽ 22ന് ബൈസരൻ താഴ്‌വരയിൽ വച്ച് ആയുധധാരികളായ ഭീകരർ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചപ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്തിയും ഷാ അവർക്കെതിരെ പോരാടുകയായിരുന്നു. ഭീകരരുടെ പക്കൽ നിന്നും തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഷാ ഉൾപ്പെടെ 25 സഞ്ചാരികളാണ് അന്ന് കൊല്ലപ്പെട്ടത്. ഷായുടെ സംസ്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഒരു ലക്ഷം രൂപയും മെഡലുമാണ് അവാർഡ് ജേതാക്കൾക്ക് ലഭിക്കുക.

