മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ടിനോട് (പിഎംജെഡിവൈ) വിടപറഞ്ഞ് ജനങ്ങള്‍. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളിലും ഒരു ബാങ്ക് അക്കൗണ്ട് ഉടമ ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയോടാണ് ജനങ്ങള്‍ മുഖം തിരിച്ചിരിക്കുന്നത്. പൂജ്യം ബാലന്‍സില്‍ അക്കൗണ്ട് തുറക്കാനുള്ള സൗകര്യമായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന ലക്ഷക്കണക്കിന് പേര്‍ ജന്‍ ധന്‍ അക്കൗണ്ടിനോട് വിടപറഞ്ഞതോടെ ബാങ്കുകളില്‍ നിഷ്ക്രിയ അക്കൗണ്ടുകള്‍ 26% വര്‍ധിച്ചു.
പദ്ധതി ഉദ്ഘാടനം ചെയ്ത ആദ്യദിവസം തന്നെ ഒന്നരക്കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുറന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആകെ 56.85 കോടി ജന്‍ ധന്‍ അക്കൗണ്ടുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖകളില്‍ പറയുന്നു. എന്നാല്‍ ഇവയില്‍ 14 കോടിയിലേറെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ മാത്രമായി തുടരുകയാണെന്നും വ്യക്തമാകുന്നു. ജന്‍ ധന്‍ അക്കൗണ്ടുകളിലായി ആകെ 2.75 ലക്ഷം കോടി നിക്ഷേപമുണ്ട്.
ജന്‍ ധന്‍ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ മാത്രമാണ് സജീവമായിരിക്കുന്നത്, മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഒന്നും ഇവയില്‍ കാര്യമായി നടക്കുന്നില്ല. 5,000 രൂപയുടെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം, റുപെ ഡെബിറ്റ് കാര്‍ഡ്, ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ഈ അക്കൗണ്ടുകളുടെ സവിശേഷതയാണ്. എന്നാല്‍ പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതികരണം മങ്ങിയതോടെ ബാങ്കുകളില്‍ നിഷ്ക്രിയ അക്കൗണ്ടുകളുടെ എണ്ണം ക്രമാനുഗതമായി കൂടിവന്നു. പുതിയ കാമ്പയിനുകളിലൂടെ നിഷ്‌ക്രിയ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടാക്കിയിട്ടില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗനിർദേശങ്ങൾ അനുസരിച്ച് രണ്ട് വർഷത്തിൽ കൂടുതൽ ഇടപാടുകൾ നടക്കാതെ വന്നാല്‍ ഒരു സേവിങ്സ് അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കപ്പെടുന്നു. പണപ്പെരുപ്പം വര്‍ധിച്ചതോടെ 5,000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ്, റുപെ കാര്‍ഡ്, ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്നാണ് വിലയിരുത്തല്‍.
ബാങ്ക് ഓഫ് ഇന്ത്യ 32%, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 33, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് 8% എന്നീ ക്രമത്തിലാണ് നിഷ്ക്രിയ അക്കൗണ്ടുകളിലെ വര്‍ധന. 2024 ല്‍ 21 ശതമാനമായിരുന്ന പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ 2025 സെപ്റ്റംബറില്‍ 26ലേക്ക് ഉയര്‍ന്നുവെന്നാണ് കണക്ക്. 2025 സെപ്റ്റംബർ വരെ പൊതുമേഖല ബാങ്കുകളിലെ പിഎംജെഡിവൈ അക്കൗണ്ടുകളിൽ ഏകദേശം 14.28 കോടി പ്രവർത്തനരഹിതമായിരുന്നു.2025–26ൽ ബാങ്കുകളില്‍ പുതിയ പിഎംജെഡിവൈ അക്കൗണ്ടുകൾ തുറക്കാനുള്ള ലക്ഷ്യം 3.80 കോടിയാണ്. ഇതിൽ 1.32 കോടി സെപ്റ്റംബർ വരെ തുറന്നതായും കണക്കുകള്‍ പറയുന്നു.

