10 വർഷത്തെ എൽഡിഎഫ് തുടർഭരണത്തിൽ കേരളത്തിലുണ്ടായ മാറ്റം ചൂണ്ടിക്കാട്ടി ജനഹൃദയങ്ങൾ കീഴടക്കി മുന്നേറി മേഖലാ വികസനമുന്നേറ്റ ജാഥകള്‍. സർക്കാരിന്റെ നേട്ടങ്ങൾ നിലനിർത്താനും തുടരാനും എല്‍ഡിഎഫ് തുടരണമെന്ന ആവേശമായിരുന്നു ജാഥകളിലുയര്‍ന്നത്. നാടിനെ അടിമുടി മാറ്റിയ വികസന പ്രവർത്തനങ്ങളും ക്ഷേമ നടപടികളും ദീർഘവീക്ഷണമുള്ള സർക്കാരിന് മാത്രമേ അത് സാധിക്കുകയുള്ളുവെന്നും 10 വർഷമായി നടപ്പാക്കുന്ന സമാനതകളില്ലാത്ത വികസനമുന്നേറ്റം അതിന് ഉദാഹരണമാണെന്നും ജാഥയിലൂടെ എല്‍ഡിഎഫ് ജനങ്ങളോട് പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ് മാനേജരായ തെക്കന്‍ മേഖലാ ജാഥയ്ക്ക് തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രൗഢോജ്വല വരവേല്പ് നൽകി.
പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ ജനങ്ങളുമായി ഇന്നലെ സംവദിച്ചു. ചാലക്കുടിയില്‍ നടന്ന സമാപനത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ജാഥാ ക്യാപ്റ്റനും അംഗങ്ങളും തൃശൂരില്‍ പൗര പ്രമുഖരുമായി ആശയവിനിമയം നടത്തിയശേഷം പുതുക്കാട് മണ്ഡലത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിൽ കർഷകത്തൊഴിലാളികൾ, മഹിളാസംഘടനകൾ, യുവജന‑വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ എന്നിവർ അണിനിരന്ന ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയെ വരവേറ്റു.
ജാഥ ഇന്ന് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തും.
കല്പറ്റയിലെ സ്വീകരണത്തോടെ വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ചുരമിറങ്ങി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കും ഉജ്വല സ്വീകരണമായിരുന്നു. വയനാട് ചുരത്തിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്ന, മലബാറിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ‑കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമ്മാണം പുരോഗമിക്കുന്ന പ്രദേശത്തിന് സമീപത്തുകൂടിയാണ് ജാഥ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചത്.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാര്‍ എംപി മാനേജരായ ജാഥ മൂന്ന് മണിയോടെയാണ് അടിവാരത്തെത്തിയത്. ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. തിരുവമ്പാടിയിലെ മുക്കത്തായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കൊടുവള്ളിയിൽ വായോളി മുഹമ്മദും ബാലുശേരിയിൽ പി സുധാകരനും അധ്യക്ഷത വഹിച്ചു.
മധ്യമേഖല ജാഥയ്ക്ക് തുടക്കം
ചുവന്നുതുടുത്ത മലയോര മണ്ണിന്റെ സ്നേഹവായ്പിലലിഞ്ഞ് എൽഡിഎഫ് മധ്യമേഖല ജാഥക്ക് പത്തനംതിട്ടയിൽ ഉജ്വല തുടക്കം. പഴയ സ്വകാര്യ ബസ്സ് സ്റ്റാന്റ് മൈതാനിയിൽ അണിനിരന്ന ആയിരങ്ങളെ സാക്ഷിനിർത്തി ക്യാപ്റ്റൻ ജോസ് കെ മാണിക്ക് തലപ്പാവും ശില്പവും നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്താണ്ട് കാലം ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ നന്മയുടെ പ്രതിരൂപമായി മാറിയ ഇടതുമുന്നണി സർക്കാരിനെ നെഞ്ചോടു ചേർക്കാനെത്തിയ ജനതയുടെ വികാരവായ്പായിരുന്നു ഉദ്ഘാടന യോഗത്തിൽ ദർശിക്കാനായത്.
ജാഥ മാനേജർ സിപിഐ(എം) സംസ്ഥന സെക്രട്ടേറിയറ്റംഗം പി കെ ബിജുവാണ്. പത്തനംതിട്ടയിലെ സ്വീകരണ യോഗത്തിൽ കുര്യൻ മടക്കലിൻ അധ്യക്ഷനായി. റാന്നിയിൽ സ്വാഗത സംഘം ചെയർമാൻ പ്രമോദ് നാരായൺ എംഎൽഎയും കോന്നിയിൽ പി ജെ അജയകുമാറും അധ്യക്ഷത വഹിച്ചു. നാളെ രാവിലെ ഒമ്പതിന് അടൂർ ഗവ. ഗസ്റ്റ് ഹൗസിൽ പ്രമുഖ വ്യക്തികളുമായി ജാഥാംഗങ്ങൾ അഭിമുഖം നടത്തും. തുടർന്ന് മാധ്യമങ്ങളെ കാണും. പത്തിന് അടൂരിൽ നിന്നും ജാഥ ആരംഭിക്കും.

