Site iconSite icon Janayugom Online

സമര സൂര്യന് വിട നൽകാൻ ജനസാഗര സംഗമം; സംസ്‌ക്കാരം ബുധനാഴ്ച ആലപ്പുഴ വലിയചുടുകാട്ടിൽ

കേരളത്തിന്റെ സമര സൂര്യൻ വി എസ് അച്യുതാനന്ദന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനസാഗര സംഗമം ഇരമ്പി. എകെജി പഠന ​ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് ആയിരങ്ങളാണ് എത്തിയത്. തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ മൃതദേഹത്തെ അനു​ഗമിച്ചു. എകെജി പഠന ഗവേഷണകേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം.

 

ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ചൊവ്വ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി ഒൻപതോടെ സ്വവസതിയില്‍ എത്തിക്കും. ബുധൻ രാവിലെ ഒൻപത് വരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. 11 മുതല്‍ വൈകിട്ട് മൂന്ന് വരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

 

പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിച ചടങ്ങുകളോടെയുള്ള സംസ്‌കാരം. പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള വാഹനപാര്‍ക്കിങ്ങിന് ബീച്ചിലെ മേല്‍പ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ആവശ്യത്തിന് പൊലീസിനെയും വിന്യസിക്കും.

Exit mobile version