Site iconSite icon Janayugom Online

ഇറാന്‍ ഒരു സൂചനയാണ്

ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇറാനിലെ മതാധിഷ്ഠിത നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ അവസാനിച്ചിട്ടില്ല. മൂന്നു ദിവസത്തേക്ക് പണിമുടക്ക് ആഹ്വാനം നല്കിയിരിക്കുകയാണ്. പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഞായറാഴ്ച മതകാര്യ പൊലീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം അറ്റോർ‌ണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി നടത്തിയത്. എന്നാല്‍ പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര അധികാരികള്‍ ഔദ്യോഗിക സ്ഥിരീകരണം നല്കിയിട്ടില്ലാത്തതിനാല്‍ പ്രക്ഷോഭം തുടരുന്നതിനാണ് തീരുമാനം. നിര്‍ബന്ധിത മതാചാരങ്ങള്‍ക്കെതിരെ സെപ്റ്റംബറിലാണ് ഇറാന്റെ വിവിധ പ്രദേശങ്ങളില്‍ പ്രക്ഷോഭം ഉടലെടുത്തത്. തലസ്ഥാനമായ ടെഹ്റാനില്‍ കുര്‍ദിഷ് യുവതി മഹ്സ ആമിനി മരിച്ചതിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. സെപ്റ്റംബര്‍ 13 ന് ഹിജാബ് ശരിയായി ധരിക്കാതെ പൊതുസ്ഥലത്തെത്തിയതിന് മതകാര്യ പൊലീസ് പിടികൂടി മര്‍ദിച്ചതിനെ തുടര്‍ന്നാണ് ആമിനിയെ ആശുപത്രിയിലാക്കിയത്. അവിടെവച്ചായിരുന്നു സെപ്റ്റംബര്‍ 16ന് അവരുടെ അന്ത്യം.

മതാചാരങ്ങള്‍ക്ക് നിയമപരമായ പിന്‍ബലവും സമ്മര്‍ദ്ദങ്ങളും നല്കിക്കൊണ്ടാണ് 1979ല്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിതമായത്. ഇതിനു പിന്നാലെ മതാചാരപ്രകാരം എല്ലാ പൗരന്മാരും ജീവിക്കണമെന്ന നിര്‍ദ്ദേശങ്ങളുണ്ടായി. 1983 ഏപ്രില്‍ മുതലാണ് രാജ്യത്തെ എല്ലാ സ്ത്രീകളും തല മറച്ച് മാത്രമേ പൊതുസ്ഥലത്തെത്താവൂ എന്ന തിട്ടൂരമിറക്കിയത്. ഇസ്‌ലാമിക റിപ്പബ്ലിക്കായതു മുതല്‍തന്നെ വിവിധ രൂപങ്ങളിലായി മതകാര്യ പൊലീസ് സംവിധാനമുണ്ടായിരുന്നു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ഖൊമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സംവിധാനം പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗഷ്തെ ഇ ഷാദ് എന്ന മതകാര്യ പൊലീസ് വിഭാഗം മഹ്മൂദ് അഹമ്മദി നജാദിന്റെ കാലത്ത് 2006ലാണ് രൂപീകരിക്കുന്നത്. പൊലീസ് സംവിധാനത്തിന്റെ ഭാഗമായ ഈ സംവിധാനത്തെ അഹമ്മദിയുടെ കാലത്താണ് ശക്തവും വിപുലവുമാക്കിയത്. നീതിന്യായ വ്യവസ്ഥയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായിരുന്നു ഇത്. പ്രമുഖ നഗരങ്ങളിലെല്ലാം സദാ ജാഗരൂകരായി ഈ വിഭാഗത്തിന്റെ സാന്നിധ്യമുറപ്പിച്ചു. ചെറിയ വീഴ്ചകള്‍ക്കുപോലും വലിയ ശിക്ഷകള്‍ നല്കുന്ന നിയമങ്ങള്‍ കൂടിയായപ്പോള്‍ ഇറാനിലെ ജനത വല്ലാത്ത അസ്വസ്ഥതയിലാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ നടന്നുവന്നു.

ഹിജാബ് നിർബന്ധമാക്കിയ നിയമം പിൻവലിക്കണമെന്ന് രാജ്യത്തെ പ്രധാന കക്ഷിയായ യൂണിയൻ ഓഫ് ഇസ്‌ലാമിക് ഇറാൻ പീപ്പിൾ പാർട്ടി ആവശ്യപ്പെട്ടുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ആമിനിയുടെ മരണമാണ് പുതിയ പ്രക്ഷോഭത്തിനും രാജ്യവ്യാപകമായ പ്രതികരണങ്ങള്‍ക്കും ഇടയാക്കിയത്. ആമിനിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രാജ്യത്തെ നിര്‍ബന്ധിത മതാചാരത്തിനെതിരായ പ്രക്ഷോഭമായി രാജ്യവ്യാപകമാകുകയായിരുന്നു. സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളുള്‍പ്പെടെ, നിഷ്കര്‍ഷിക്കുന്നതിന് വിരുദ്ധമായ വസ്ത്രധാരണ രീതി അവലംബിച്ച് തെരുവുകളെ പ്രക്ഷോഭഭരിതമാക്കി. സമരങ്ങളെ നിഷ്ഠുരമായാണ് അധികൃതര്‍ നേരിട്ടത്. നൂറുകണക്കിനാളുകളെയാണ് വെടിവച്ചും മര്‍ദ്ദിച്ചും കൊന്നത്. ഇറാന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ വാര്‍ത്താ ഏജന്‍സിയുടെ കണക്കു പ്രകാരം 470 പ്രക്ഷോഭകരാണ് മരിച്ചത്. അതില്‍ 64 പേര്‍ കുട്ടികളായിരുന്നു. 18,000ത്തിലധികം പേരെ ജയിലില്‍ അടച്ചു. 61 സുരക്ഷാ ജീവനക്കാരും മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 200ആണ്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ മതാചാര നിര്‍ബന്ധത്തിനെതിരെ പ്രക്ഷുബ്ധമാവുകയും നിയന്ത്രണാതീതമാവുകയും ചെയ്തപ്പോഴാണ് കഴിഞ്ഞ ദിവസം മതകാര്യ പൊലീസിനെ പിരിച്ചുവിട്ടതായി അറ്റോർ‌ണി ജനറൽ അറിയിച്ചത്.

നീതിന്യായ വ്യവസ്ഥയില്‍ ഇത്തരം സംവിധാനങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും ഇറാന്‍ ഒരു സൂചനയാണ്. മതാധിഷ്ഠിതമായാലും അല്ലെങ്കിലും ഭരണകൂടങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് വശംവദരായി ജീവിക്കുവാന്‍ ഒരുക്കമല്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് ഇറാന്‍ അടയാളപ്പെടുത്തുന്നത്. അടിച്ചമര്‍ത്തുന്നതിന് ഏതെല്ലാം വഴികള്‍ സ്വീകരിച്ചാലും കരുത്തോടെ സമരപഥത്തില്‍ ഉറച്ചുനില്ക്കുമെന്ന പോരാട്ട വീര്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളിലും ഇത്തരം അനുഭവങ്ങളും പ്രക്ഷോഭങ്ങളും സംഭവിക്കുന്നുണ്ട്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇപ്പോഴത്തെ വന്‍ പ്രക്ഷോഭത്തിന് വഴിമരുന്നിട്ട ആമിനിയുടെ അറസ്റ്റും മരണവുമുണ്ടായത്. പക്ഷേ ഹിജാബ് ശരിയായി ധരിച്ചല്ല പ്രക്ഷോഭകര്‍ തെരുവിലെത്തിയത്. ഹിജാബ് വലിച്ചെറിഞ്ഞും ഉയര്‍ത്തിവീശിയും കത്തിച്ചും പ്രതിഷേധിക്കുകയാണ് യുവതികളുള്‍പ്പെടെ ചെയ്തത്. അതുകൊണ്ടുതന്നെ തിട്ടൂരങ്ങളെ തിരസ്കരിക്കുന്നവരുടെ പ്രക്ഷോഭങ്ങളും ശക്തമാകുന്നുവെന്നാണ് ഇറാന്‍ അടയാളപ്പെടുത്തുന്നത്.

 

Exit mobile version