പരിസ്ഥിതിവാദം, കാലാവസ്ഥാവ്യതിയാനം, പ്രകൃതിസംരക്ഷണം തുടങ്ങിയ വാക്കുകള്‍ പറഞ്ഞുപറഞ്ഞ് ആവര്‍ത്തന വിരസമായി മാറിയിട്ടുണ്ട്. പ്രകൃതിസ്നേഹികളെ വികസനവിരുദ്ധരായി മുദ്രകുത്താന്‍ തുടങ്ങിയിട്ടും നാളേറെയായി. ഉദരപൂരണത്തിന് പരിസ്ഥിതിവാദം മറയാക്കുന്നവരുമുണ്ട്. ഇവരുടെ ബാഹുല്യം യഥാര്‍ത്ഥ പരിസ്ഥിതിവാദികളെ നിഴലില്‍ നിര്‍ത്തുന്ന അവസ്ഥയാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയും വാസയോഗ്യമായ ഭൂമിയുടെ ദൗര്‍ലഭ്യവും പ്രകൃതിസംരക്ഷണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. അതിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഈയൊരു സാഹചര്യത്തില്‍ വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകുന്നതിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും മാര്‍ഗങ്ങള്‍ ആരായുകയാണ് ചിന്തിക്കുന്ന ലോകം. എന്തൊക്കെ മുന്നറിയിപ്പുകളും ബോധവല്ക്കരണങ്ങളും നടക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ദുരയും സുഖാസക്തിയും ആക്രാന്തവും ഭൂമിയെ തീവ്രയാതനകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം ഭീഷണമായി ഉറ്റുനോക്കുന്ന സന്ദര്‍ഭത്തിലാണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥ ഉച്ചകോടി സിഒപി (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്) 2022 അരങ്ങേറിയിരിക്കുന്നത്. ശക്തമായ ജിയോപൊളിറ്റിക്സ്, ജിയോ സാമ്പത്തിക പിരിമുറുക്കത്തിന്റെയും ധ്രുവീകരണത്തിന്റെയും ആഗോള പശ്ചാത്തലത്തിലാണ് സിഒപി 27 നടക്കുന്നത്.
ഋതുചക്രങ്ങളെ തകിടംമറിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങള്‍ അസ്ഥിരമായി തുടരുന്നതാണ് ഭൂമിയിലെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിന് ഭീഷണിയായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയോ കാലാവസ്ഥാ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടു പോകുകയോ ചെയ്യുന്നത് ലോകത്തെ വാസയോഗ്യമല്ലാത്ത നിലയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യം ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല വിവേകശാലികളായ ഭരണാധികാരികള്‍ക്കുമുണ്ട്. സിഒപി 27 പ്രധാനമായി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടുക, കാലാവസ്ഥാ സഹായധന വിതരണം ത്വരിതപ്പെടുത്തുക എന്നിവയാണ്. ഈജിപ്റ്റ് ആതിഥേയരായ സിഒപി 27നോടനുബന്ധിച്ച് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് 2015 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷം ലോകം ഇതുവരെ കടന്നുപോയതില്‍ വച്ച് ഏറ്റവും ചൂടുകൂടിയ കാലഘട്ടമാണെന്നാണ്. ഈ എട്ട് വര്‍ഷക്കാലം വ്യവസായവല്ക്കരണ കാലഘട്ടത്തെ (1850–1900) ശരാശരിയെക്കാള്‍ ആഗോള താപനിലയില്‍ 1.15 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്നും പറയുന്നു.
കാര്‍ബണ്‍ഡെെ ഓക്സെെഡിന് പുറമെ മീഥെയിന്‍, നെെട്രസ് ഓക്സെെഡ് എന്നിവ അന്തരീക്ഷത്തില്‍ റെക്കോഡ് അളവിലെത്തിയിരിക്കുന്നുവെന്നും സമുദ്രനിരപ്പ് ഇരട്ടിവേഗത്തില്‍ ഉയരുകയാണെന്നും ആല്‍പ്സിലെ ഹിമപാളികള്‍ ഉരുകുന്നുവെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 2022 സിഒപിയില്‍ കാലാവസ്ഥാവ്യതിയാനം കുറയ്ക്കല്‍, അതിനാവശ്യമായ സാഹചര്യം അനുവര്‍ത്തിക്കല്‍, സാമ്പത്തിക സ്രോതസ് കണ്ടെത്തല്‍, അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയുള്ള നയരൂപീകരണങ്ങള്‍ക്കാണ് മുന്‍ഗണന. ഹരിതഗൃഹവാതക ബഹിര്‍ഗമനം വര്‍ധിക്കുന്നതുമൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം സമ്പന്നരാജ്യങ്ങളാണെന്നും അവര്‍ വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നുമുള്ള വാദം കാലങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിനായുള്ള ഫണ്ടിന്റെ കാര്യത്തില്‍ വികസിതരാജ്യങ്ങള്‍ മൗനം പാലിക്കുകയാണ്. അമേരിക്കയും യുകെയും യൂറോപ്യന്‍ രാജ്യങ്ങളും വ്യവസായ മേഖലയില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് ഒരിക്കലും പ്രസിദ്ധീകരിക്കാനോ വെളിപ്പെടുത്താനോ തയാറാകാതെയാണ് ഇന്ത്യയുടെ കൃഷിരീതികളെ കുറ്റം പറയുന്നത്. വികസിത രാഷ്ട്രങ്ങളുടെ വികസന, വിപണന അജണ്ടകള്‍ നടപ്പിലാക്കാനുള്ള വേദിയായി മാത്രം സിഒപികള്‍ മാറാതിരിക്കണമെങ്കില്‍ ചര്‍ച്ചകളില്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഇനിയും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. അപ്പോഴും കൃഷി, ജലം, നഗരപ്രദേശങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള നയരൂപവല്ക്കരണത്തില്‍ വികസ്വര രാഷ്ട്രങ്ങള്‍ അതീവ ശ്രദ്ധവയ്ക്കേണ്ടതുണ്ടെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഉഷ്ണതരംഗങ്ങളെക്കുറിച്ച് ഇപ്പോഴും വളരെക്കുറച്ച് പഠനങ്ങളെ നടന്നിട്ടുള്ളു. ആഗോളതാപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ അധികമായുണ്ടാകുന്ന ചൂടിന്റെ 93 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രം ചൂടിന്റെ കാല്‍ഭാഗത്തോളം ഉള്ളിലേക്കെടുക്കുന്നു. ഇതുമൂലം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തീവ്രമായ പ്രളയത്തിന് സാധ്യതകളേറെയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഉഷ്ണതരംഗങ്ങള്‍ മൂലം അറബിക്കടലിന്റെ സ്വഭാവവും മാറുന്നുണ്ട്. താരതമ്യേന തണുത്ത ജലമായിരുന്ന അറബിക്കടല്‍ ചൂടുപിടിക്കാന്‍ തുടങ്ങിയതോടെയാണ് കേരളത്തില്‍ അതിവൃഷ്ടിയും പ്രളയവും അടിക്കടിയുണ്ടാകുന്നത്. അറബിക്കടല്‍ ഓരോ വര്‍ഷവും മൂന്ന് മില്ലീമീറ്റര്‍ കണ്ട് ഉയരുന്നുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യാഘാതങ്ങളുടെ നേർസാക്ഷ്യമാണ് കുട്ടനാടും വൈപ്പിനും. സിഒപിയില്‍ വികസിത രാഷ്ട്രങ്ങള്‍ ഇരട്ടത്താപ്പ് കാട്ടിയാലും ഇല്ലെങ്കിലും ശരി, മനുഷ്യരാശി നേരിടുന്ന അസ്തിത്വപ്രശ്നമാണ് ഇന്ന് കാലാവസ്ഥാവ്യതിയാനവും അനുബന്ധ ദുരന്തങ്ങളും. ഭൂമണ്ഡലത്തിലെ സകലജീവികളെയും ഒരേപോലെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണിത്. വികസനത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയുമുള്ള കാഴ്ചപ്പാട് അടിയന്തരമായി മാറ്റാതെ മുന്നില്‍ പോംവഴികളില്ല.