Site icon Janayugom Online

‘ജനയുഗം’ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം: കാനം

kanam

ജനയുഗം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍. ജനയുഗം ആര്‍ക്കൈവ്സിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ സമരം എങ്ങനെയാണ് വളര്‍ന്ന് വികസിച്ച് മുന്നോട്ടുപോയത്, ശക്തമായ ഒരു പ്രസ്ഥാനമായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് മാറാന്‍ കഴിഞ്ഞത്, സ്വാതന്ത്ര്യത്തിനുശേഷം അവരുടെ ശക്തി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞത് എന്നതിനെല്ലാം നേര്‍സാക്ഷിയാകാന്‍ ജനയുഗത്തിന് കഴിഞ്ഞു. ഇതിന്റെയൊക്കെ തുടിക്കുന്ന താളുകള്‍ ജനയുഗത്തിന്റെ പഴയ ലക്കങ്ങളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. ഇതൊക്കെ ഡിജിറ്റലൈസ് ചെയ്യാന്‍ മാത്രമല്ല, അതിന്റെ പഴമയോടുകൂടി ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുവാനും ജനയുഗം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനയുഗത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച വ്യക്തിയാണ് കാമ്പിശേരി കരുണാകരനെന്നും കാനം അനുസ്മരിച്ചു.

ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുസമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഓണ്‍ലൈനില്‍ സി അച്യുതമേനോന്‍ സ്മാരക പ്രഭാഷണം നടത്തി. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി ലാലു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേല്‍, സിപിഐ സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ രാജീവ് എന്നിവര്‍ പങ്കെടുത്തു. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും റസിഡന്റ് എഡിറ്റര്‍ പി എസ് സുരേഷ് നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; ‘Janayugam’ Text­book for Polit­i­cal Stu­dents: Kanam

You may also like this video;

Exit mobile version