Site iconSite icon Janayugom Online

ജനയുഗത്തിന്റെ 75-ാം വാർഷികം; ജനയുഗം എന്റെ ഗുരു

മാതൃഭാഷയുടെ സ്ഥാനത്ത് ഉറുദുവും ഐച്ഛികഭാഷയുടെ സ്ഥാനത്ത് പേർഷ്യനുമെടുത്തു വിദ്യാഭ്യാസം ചെയ്ത് ഉറുദു പത്രപ്രവർത്തകനായി ജീവിച്ചുപോന്ന എന്നെ സംബന്ധിച്ചിടത്തോളം മലയാളം ഒരു വിദേശഭാഷയായിരുന്നില്ല. എനിക്ക് അക്ഷരവും കൂട്ടക്ഷരവുമറിയാമായിരുന്നു എന്നു ചുരുക്കം. മലയാള ഭാഷയിൽ തെറ്റുകൂടാതെ ഒരു വാചകമോ ഖണ്ഡികയോ എഴുതാൻ വശമില്ലാത്ത ഞാൻ ഏറ്റവും വലിയ ഒരു സാഹിത്യകാരന്റെ പുതിയ ഉറുദു കഥ വിവർത്തനം ചെയ്ത് ജനയുഗത്തിനയച്ചു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത മാറ്റര്‍ ചവറ്റുകൊട്ടയിലെറിയുമെന്നല്ലാതെ പത്രാധിപര്‍ക്ക് എന്റെ പേരില്‍ പൊലീസ് നടപടിയെടുപ്പിക്കാന്‍ സാധിക്കുകയില്ലെന്നറിയാമായിരുന്നതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്. എന്തത്ഭുതം! ഞാന്‍ അയച്ച വിവര്‍ത്തനം ജനയുഗം പ്രസിദ്ധീകരിച്ചു.

അറിയാവുന്ന ഭാഷകളിലെ മികച്ച, പുതുകഥകള്‍ വിവര്‍ത്തനം ചെയ്തയയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പത്രാധിപര്‍ എനിക്കൊരു കാര്‍ഡയച്ചു. അതോടെ എന്റെ സാഹസം വര്‍ധിച്ചു. ജനയുഗം ഭാരവാഹികള്‍ ഞാനാരെന്നോ, ജാതി, മതമേതെന്നോ, എന്റെ രാഷ്ട്രീയാദര്‍ശമേതെന്നോ, തൊഴിലെന്തെന്നോ, അന്വേഷിച്ചില്ല. ആര് എഴുതി എന്നു നോക്കുന്നതിന് പകരം എന്തെഴുതി എന്നാണ് നോക്കുന്നത് എന്ന് തോന്നുന്നു. അത് ഉത്തരേന്ത്യന്‍ പത്രങ്ങളെ സംബന്ധിച്ചിടത്തോളം അസംഭവ്യവും അചിന്ത്യവുമായിരുന്നു. മലയാള പത്രങ്ങളുടെ കാര്യം അന്നെനിക്കറിഞ്ഞുകൂടായിരുന്നു. ഞാന്‍ ജീവിതത്തിലാദ്യമായി മലയാളത്തിലെഴുതി.

ജനയുഗം അത് പ്രസിദ്ധീകരിച്ചു. മലയാളം കൂട്ടിയെഴുതാനും ആശയം എഴുതിപ്പിടിപ്പിക്കാനും എനിക്കു സാധ്യമാകുമെന്ന് അതോടെ ഞാന്‍ മനസിലാക്കി. എന്നിരുന്നാലും എന്റെ മലയാളം തെറ്റില്ലാത്തതും അംഗീകൃതവുമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ മലയാളമെഴുതാന്‍ പഠിപ്പിച്ച ഗുരു ജനയുഗമാണ്. എന്റെ വിവര്‍ത്തനം ആദ്യം ജനയുഗം പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും മലയാളത്തിലെഴുതുമായിരുന്നില്ല. കാരണം ഭാഷയിലുള്ള കഴിവ് എനിക്കറിയാമായിരുന്നു എന്നതുതന്നെ.

Eng­lish Sum­ma­ry: 75th Anniver­sary of Janayugom

You may also like this video

Exit mobile version