Site iconSite icon Janayugom Online

ലോകസഭയിലെ ശ്രദ്ധേയ സാന്നിധ്യം

Renu royRenu roy

യുദ്ധക്കെടുതികൾക്ക് പിന്നാലെ 1943 ൽ ബംഗാളിനെയാകെ ഗ്രസിച്ച ഭീകരമായ ക്ഷാമം നാടാകെ മരണം വിതക്കുകയായിരുന്നു. മണി കുന്തള സെന്നിന്റെയും രേണു ചക്രവർത്തിയുടെയും ഇളാ റീദിന്റെയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വനിതകൾ മഹിളാ ആത്മരക്ഷ സമിതി രൂപീകരിച്ചു രംഗത്തിറങ്ങി. നൂറുകണക്കിന് റിലീഫ് കേന്ദ്രങ്ങളും ഫസ്റ്റ് എയ്ഡ് സെന്ററുകളും സാമൂഹ്യ അടുക്കളകളും സ്ഥാപിച്ച് അവർ ഭക്ഷണവും മരുന്നും വസ്ത്രവും വിതരണം ചെയ്തു. അടിയന്തരമായി ദുരിതാശ്വാസമെത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 5000 സ്ത്രീകൾ നിയമസഭാ മന്ദിരത്തിലേക്ക് മാർച്ചു നടത്തി. നിരവധി സ്ഥലങ്ങളിൽ കരിഞ്ചന്തക്കാരുടെ പക്കൽ നിന്ന് സമിതിയുടെ സഖാക്കൾ അരിയും ധാന്യങ്ങളും പിടിച്ചെടുത്ത് വിതരണം ചെയ്തു. മഹാത്മാഗാന്ധിയെയും മറ്റു ദേശീയ നേതാക്കളെയും വിട്ടയയ്ക്കണമെന്നും ഉടൻ തന്നെ ഒരു ദേശീയ ഗവണ്മെന്റ് രൂപീകരിച്ച് യുദ്ധക്കെടുതികൾക്കും ക്ഷാമത്തിനും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമിതി പ്രക്ഷോഭമാരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് ബേലേഘട്ടയിൽ വർഗീയലഹളയ്ക്കെതിരെ മഹാത്മാഗാന്ധി നിരാഹാരമനുഷ്ഠിക്കുമ്പോൾ, ലഹളയ്ക്കൊരുമ്പെട്ട വർഗീയ ശക്തികൾക്കെതിരെ സ്ത്രീകളുടെ പ്രകടനം നയിച്ചുകൊണ്ട് മുന്നിൽ നിന്നത് കൈക്കുഞ്ഞിനെ ഒക്കത്തേറ്റിയ രേണു ചക്രവർത്തി യാണ്. കൽക്കട്ട തീസിസിന്റെ കാലഘട്ടത്തിൽ, പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് അന്ന് പാർട്ടികേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന നിഖിലിനോടൊപ്പം രേണുവും ഒളിവിൽ പോയി. രണ്ടര വർഷക്കാലം നീണ്ടുനിന്ന ആ ഒളിവുജീവിതക്കാലത്ത് സുമിതിനെ വളർത്തിയത് രേണുവിന്റെ മാതാപിതാക്കളായിരുന്നു.


ഇതുകൂടി വായിക്കൂ:കമ്മ്യൂണിസ്റ്റ് കർമ്മയോഗി


1952ൽ നടന്ന ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിൽ, പശ്ചിമബംഗാളിലെ 24 പാർഗാനാസ് ജില്ലയിൽപ്പെട്ട ബസിർ ഹട്ട് മണ്ഡലത്തിൽ നിന്ന് വിജയിച്ചുകൊണ്ടാണ്, രേണു ചക്രവർത്തി തന്റെ ഉജ്ജ്വലമായ പാർലമെന്ററി ജീവിതത്തിന് തുടക്കംകുറിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച പതിനേഴ് പേരും പാർട്ടി പിന്തുണച്ച ചില സ്വതന്ത്രരുമടങ്ങിയ ലോക്‌സഭയിലെ പാർട്ടി ഗ്രൂപ്പിന്റെ നേതാവ് എ കെ ഗോപാലനായിരുന്നു. ഉപനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്, രേണു ചക്രവർത്തിയും ബംഗാളിൽ നിന്നു തന്നെ വിജയിച്ച പഴയ സഹപാഠി പ്രൊ. ഹിരേന്ദ്രനാഥ് മുഖർജിയും. കെ അനന്തൻ നമ്പ്യാർ, രവി നാരായണ റെഡ്ഢി, പി ടി പുന്നൂസ്, കെ കെ വാര്യർ, വി പി നായർ തുടങ്ങിയ ശക്തരായ പാർലമെന്ററിയന്മാർ അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവ് രാജ്യസഭാംഗമായ പി സുന്ദരയ്യ ആയിരുന്നു. ട്രഷറി ബെഞ്ചിലാകട്ടെ പ്രധാനമന്ത്രി നെഹ്രുവിന്റെ നേതൃത്വത്തിൽ അതിപ്രശസ്തരായ നേതാക്കളുടെ ശക്തമായ ഒരു നിര തന്നെ സ്ഥാനം പിടിച്ചിരുന്നു.

1957 ലെ രണ്ടാം ലോക്‌സഭയിൽ കമ്മ്യൂണിസ്റ്റ് അംഗങ്ങളുടെ എണ്ണം 29 ആയി ഉയർന്നു. ബോംബെ സിറ്റി സെൻട്രലിൽ നിന്ന് വിജയിച്ചെത്തിയ എസ് എ ഡാങ്കെ നേതാവായി. എകെജി, ഹിരൺ മുഖർജി, പി കെ വാസുദേവൻ നായർ, സർജൂ പാണ്ഡേ, പാർവതി കൃഷ്ണൻ, ഇന്ദ്രജിത് ഗുപ്ത, ദശരഥ ദേബ്, കെ കെ വാര്യർ, ടി സി എൻ മേനോൻ, പി ടി പുന്നൂസ്, വി പി നായർ, എസ് ഈശ്വരയ്യർ തുടങ്ങിയ പ്രഗത്ഭരുടെ സംഘമാണ് ഇത്തവണ കമ്മ്യൂണിസ്റ്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചത്.  ലോക്‌സഭയിലെ ഏറ്റവും ശ്രദ്ധേയയായ അംഗങ്ങളിൽ ഒരാളായിരുന്നു രേണു ചക്രവർത്തി. സമൂഹത്തിന്റെ അടിത്തട്ടിലും പുറമ്പോക്കിലും കഴിയാൻ വിധിക്കപ്പെട്ടവർക്കും നിസ്വവർഗത്തിൽപ്പെട്ട സ്ത്രീകൾക്കും വേണ്ടി അവർ നിരന്തരം ശബ്ദമുയർത്തി. വളർച്ചയിലും പുരോഗതിയിലും അങ്ങേയറ്റം പിറകിലായിരുന്ന ബസിർഹട്ട് എന്ന തന്റെ മണ്ഡലത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ബംഗാളിലെ ഒന്നാമത്തെ കുടുംബത്തിൽ പിറന്നുവീണ രേണു, നാട്ടുകാരുടെ കൊച്ചു കുടിലുകളിൽ താമസിച്ച്, അവരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണാൻ പരമാവധി ശ്രമിച്ചു.

തന്റെ പുത്രിയുടെ സമപ്രായക്കാരിയും സുഹൃത്തിന്റെ അനന്തരവളുമായ രേണുവിന്റെ അഭിപ്രായങ്ങൾക്ക് പ്രധാനമന്ത്രി ഏറെ വിലകല്പിച്ചിരുന്നു. എങ്കിലും പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി വിമർശനങ്ങൾ ഉയർത്താൻ രേണു ഒരിക്കലും മടിച്ചിരുന്നില്ല. 1962 ലെ ചൈനയുടെ ആക്രമണസമയത്തും അതിന് തൊട്ടുമുമ്പും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ആചാര്യ കൃപലാനി, മീനു മസാനി തുടങ്ങിയ വലതുപക്ഷ നേതാക്കൾ തുനിഞ്ഞപ്പോൾ ഈറ്റപ്പുലിയെപോലെ അവരെ നേരിടുന്ന രേണു ചക്രവർത്തിയെ അന്ന് പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്ത പത്രലേഖകർ ഓർക്കുന്നുണ്ട്. ചൈനീസ് ആക്രമണത്തെയും ഹിന്ദു കോഡ് ബില്ലിനെയും കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും തിളങ്ങിയ മുഖം രേണുവിന്റേതായിരുന്നു. കമ്മ്യൂണിസ്റ്റുകാർ ഒന്നടങ്കം രാജ്യദ്രോഹികളെന്നു മുദ്രയടിക്കപ്പെട്ടപ്പോൾ, പാർട്ടിയുടെ ഇക്കാര്യത്തിലുള്ള യഥാർത്ഥ നിലപാടെന്തെന്നു നാട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താനായി ബംഗാളിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ അവർ ചുറ്റിസഞ്ചരിച്ചു. അക്കാലത്തു നടന്ന മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പിൽ, സ്ഥിരം മണ്ഡലം വിട്ട്, ബാരക്ക്പുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച രേണു ചക്രവർത്തി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.


ഇതുകൂടി വായിക്കൂ: എം എസ്: യശോധാവള്യമുള്ള കമ്മ്യൂണിസ്റ്റ്


 

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിനെ തുടർന്ന് മുപ്പതിലേറെപ്പേരടങ്ങിയ പാർലമെന്ററി ഗ്രൂപ്പിൽ നിന്ന്, അതിന്റെ നേതാവായിരുന്ന എകെജിയോടൊപ്പം മാർക്സിസ്റ്റ് പാർട്ടിയിലേക്ക് ചുവട് മാറിയത് ദശരഥ ദേബ്, ഇമ്പിച്ചിബാവ, അനന്തൻ നമ്പ്യാർ, ഉമാനാഥ് തുടങ്ങി വളരെ കുറച്ചുപേർ മാത്രമാണ്. രേണു ചക്രവർത്തി, പികെവി, ഇന്ദ്രജിത് ഗുപ്ത ഹിരൺ മുഖർജി, സർജൂ പാണ്ഡേ, രണൻ സെൻ, രവി നാരായണ റെഡ്ഢി, കെ കെ വാര്യർ, ഹോമിദാജി തുടങ്ങി, പ്രഗത്ഭരായ പാർലമെന്ററിയന്മാർ ഏതാണ്ടെല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ഉറച്ചുനിന്നു. രാജ്യസഭയിലാകട്ടെ ഭൂപേശ് ഗുപ്ത, ഇസഡ് എ അഹമ്മദ്, എം എൻ ഗോവിന്ദൻ നായർ, കെ ദാമോദരൻ എന്നിവർ സിപിഐയിലും ബാസവ പുന്നയ്യ, പി രാമമൂർത്തി എന്നിവർ മാർക്സിസ്റ്റ് പാർട്ടിയിലും നിലയുറപ്പിച്ചു. ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിലും കോൺഗ്രസ് ഗവണ്മെന്റിന്റെ തെറ്റായ നയങ്ങളെ തുറന്നു കാട്ടുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എംപിമാർ മറ്റാരേക്കാളും മുമ്പിലായിരുന്നു. ആ നാളുകളിൽ ലോക്‌സഭയിൽ അംഗമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് മധുലിമായെ അക്കാലം ഓർമ്മിക്കുന്നത് ഇങ്ങനെയാണ്.

“പ്രൊഫ. ഹിരൺ മുഖർജിയുടെ പ്രസംഗപാടവം അതുല്യമായിരുന്നു. ഹോമിദാജി കഠിന പ്രയത്നത്തിലൂടെയാണ് ശ്രദ്ധേയനായത്. പ്രശ്നങ്ങളെ യുക്തിപൂർവം, കാര്യകാരണസഹിതം അവതരിപ്പിക്കുന്നതിൽ ഇന്ദ്രജിത് ഗുപ്തയ്ക്ക് അസാമാന്യ കഴിവുണ്ടായിരുന്നു. എന്നാൽ ഇവരിലൊന്നും കാണാത്ത ഒരു തീജ്വാല ഉള്ളിൽ കൊണ്ടുനടന്നിരുന്ന, ഒരു പ്രത്യേക സ്വഭാവ വൈശിഷ്ട്യമുണ്ടായിരുന്ന ആളായിരുന്നു രേണു ചക്രവർത്തി. ഉള്ളിലെ കെടാത്ത ഈ തീയാണ് ഞങ്ങളെ തമ്മിലടുപ്പിച്ചത്. രേണുവടക്കം അന്നത്തെ സ്പീക്കർ സർദാർ ഹുക്കും സിങ്ങിന്റെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന കുറേ എംപിമാരെ ഞാൻ കളിയാക്കി വിളിച്ചിരുന്നത് സ്പീക്കേഴ്സ് പാർട്ടി എന്നാണ്. ഞങ്ങൾ ചിലരാകട്ടെ റെബലുകളും. സ്വഭാവം കൊണ്ട് ഞങ്ങളോട് കൂടുതൽ സാദൃശ്യമുണ്ടായിരുന്ന രേണു അധികം വൈകാതെ സ്പീക്കറിന്റെ പാർട്ടി വിട്ട് ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നു.” മതേതരത്വത്തിനും ജനാധിപത്യത്തിനും വേ­ണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ നയിച്ചിരുന്ന രേണുവിന്, ഒരിക്കൽ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് അവർ തുറന്നുപറഞ്ഞിട്ടുണ്ട്. സാധു സമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിൽ ഗോവധനിരോധനത്തിന് വേണ്ടിയുള്ള മുറവിളി ഉയർന്ന നാളുകൾ. എംപിമാർ മിക്കപേരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതുകൊണ്ട് ഹാജർ തീരെ കുറവായിരുന്ന ഒരു വെള്ളിയാഴ്ച ഗോവധ നിരോധനം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഒരു സ്വകാര്യ ബിൽ ഒരംഗം അവതരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ബെഞ്ചിൽ ആകെയുണ്ടായിരുന്നത് രേണു ചക്രവർത്തിയും സർജൂ പാണ്ഡെയുമാണ്. നെഹ്രുവിന്റെ ക്യാബിനറ്റിലെ ചില അംഗങ്ങൾ പോലും ബില്ലിന് അനുകൂലമാണെന്ന ശ്രുതി അക്കാലത്തുണ്ടായിരുന്നു. പല രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്ന ഒരു പ്രശ്നമാണ്, എന്നാൽ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് ഒരു തീരുമാനമെടുക്കാനുള്ള സമയവുമില്ല. ഇതൊക്കെ കാരണം കമ്മ്യൂണിസ്റ്റ് എംപിമാർ തൽക്കാലം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനമെടുത്തു. ഏതായാലും ബിൽ പരാജയപ്പെട്ടു. അപ്പോഴേക്കും സഭയിലെത്തിച്ചേർന്ന പ്രധാനമന്ത്രി നെഹ്രുവിൽ നിന്ന് രേണു ചക്രവർത്തിക്ക് ഒരു കുറിപ്പ് കിട്ടി.

“പ്രിയപ്പെട്ട രേണു, ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ കമ്മ്യൂണിസ്റ്റുകാർ നിഷ്പക്ഷത പാലിച്ചത് എന്നെ ആശ്ചര്യപ്പെടുത്തുന്നു” തങ്ങളുടെ ഗുരുതരമായ വീഴ്ച്ചയുടെ ആഴത്തെക്കുറിച്ച് ബോധ്യപ്പെടുത്തിത്തന്ന ആ തുണ്ടു കടലാസ്, മതേതരത്വമൂല്യങ്ങളിലും വിശ്വാസപ്രമാണങ്ങളിലും നെഹ്രുവിനുണ്ടായിരുന്ന ഉറച്ച നിലപാടുകളെക്കുറിച്ച് ഒരിക്കൽകൂടി വിളിച്ചറിയിച്ചുവെന്ന് പിന്നീടൊരിക്കൽ രേണു ചക്രവർത്തി പറഞ്ഞു. 1967 ലെ തെരഞ്ഞെടുപ്പിൽ ബാരക്ക്പുർ മണ്ഡലത്തിൽ മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി മുഹമ്മദ് ഇസ്മയിലിനോട് പരാജയപ്പെട്ട രേണു ചക്രവർത്തി പിന്നീട് ഒരിക്കലും പാർലമെന്റിലേക്ക് മത്സരിച്ചില്ല. 1969ൽ അജയ് മുഖർജി നയിച്ച രണ്ടാമത്തെ ഐക്യമുന്നണി മന്ത്രിസഭയിൽ, സഹകരണത്തിന്റെയും സാമൂഹ്യ ക്ഷേമത്തിന്റെയും ചുമതലയുള്ള മന്ത്രിയായി അവർ പ്രവർത്തിച്ചു. ജനക്ഷേമപരമായ പല പ്രധാന പദ്ധതികൾക്കും ആ നാളുകളിൽ തുടക്കം കുറിക്കാൻ സാധിച്ചെങ്കിലും, ആഭ്യന്തരകലഹംമൂലം ആ മന്ത്രിസഭയ്ക്ക് അധികകാലം ആയുസുണ്ടായില്ല.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ എന്നും മുന്നിൽ നിന്നു നയിച്ചിരുന്ന രേണു ചക്രവർത്തി 1950 കളിൽ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ(എന്‍എഫ്ഐഡബ്ല്യു) എന്ന സംഘടന ആരംഭിക്കാൻ മുൻകൈയെടുത്തു. ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറിയായും പിന്നീട് ഉപാധ്യക്ഷയായും പ്രവർത്തിച്ചു. പല അന്തർദേശീയ വനിതാ സമ്മേളനങ്ങളിലും അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു. വുമണ്‍സ് ഇന്റര്‍നാഷണല്‍ ഡൊമസ്റ്റിക് ഫെഡറേഷന്റെ സംഘടനാ ചുമതലകളും വഹിച്ചിട്ടുണ്ട്. 1958ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമൃതസർ കോൺഗ്രസിൽ വച്ച് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രേണു ചക്രവർത്തി 1978 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീടേറെക്കാലം പാർട്ടിയുടെ കേന്ദ്ര കണ്‍ട്രോൾ കമ്മിഷനിൽ അംഗമായിരുന്നു. തൊഴിലാളി കർഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന അവർ അൻപതുകളുടെ ഒടുവിൽ നടന്ന ജംഷെഡ്പുരിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി സമരത്തെ മുന്നിൽ നിന്നു നയിച്ചു.

തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് പലതവണ ജയിൽവാസം വരിച്ചു. രേണു ചക്രവർത്തി രചിച്ച ‘കമ്മ്യൂണിസ്റ്റ് ഇന്‍ ഇന്ത്യന്‍ വുമണ്‍സ് മൂവ്മെന്റ്’ നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട, ഇന്ത്യയിലെ സ്ത്രീപ്രസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളിലും കമ്മ്യൂണിസ്റ്റുകാർ വഹിച്ചപങ്കിനെ സമഗ്രമായി വിലയിരുത്തുന്ന ഒരു ചരിത്രപുസ്തകമാണ്. ജന്മനായുള്ള ഹൃദയത്തിന്റെ തകരാറുമൂലം 1973 ൽ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ രേണു ചക്രവർത്തി വിശ്രമജീവിതം നയിക്കാൻ ഒരിക്കലും തയാറായില്ല. അയോധ്യയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വർഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ നടന്ന ഒരു റാലിയെ നയിച്ചുകൊണ്ട് മുന്നണിയിലുണ്ടായിരുന്ന രേണു, ആരോഗ്യം ശ്രദ്ധിക്കണമെന്നും വിശ്രമിക്കണമെന്നുമുള്ള മറ്റുള്ളവരുടെ അഭ്യർത്ഥന വകവയ്ക്കാതെ ബെറാംപുരിലുള്ള ഒരു വനിതാ സമ്മേളനത്തിലും സംബന്ധിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് 1994 ജനുവരി26 ന് അവർക്ക് മസ്തിഷ്കാഘാതമുണ്ടാകുന്നത്. ഏ­പ്രിൽ 16ന് രേണു ചക്രവർത്തി വിട പറഞ്ഞു. അടങ്ങാത്ത പോരാട്ടവീര്യത്തിന്റെയും കർമ്മധീരതയുടെയും പ്രതീകമായിരുന്നു രേണു ചക്രവർത്തി. സങ്കുചിതമായ വ്യക്തിതാല്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും ഒരിക്കലും വഴങ്ങാതിരുന്ന ആ വലിയ സ്ത്രീ വിഭാഗീയതയ്ക്കെതിരെ എക്കാലവും ഉറച്ച നിലപാട് കൈക്കൊണ്ടിരുന്നു. അതാണ് 67ലെ അവരുടെ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചതും. സ്ത്രീകളുടെ നേതാവ് എന്ന നിലയിൽ മാത്രം ഓർമ്മിക്കേണ്ട ഒരു പേരല്ല രേണു ചക്രവർത്തിയുടേത്. എങ്കിലും ഒരു മാർച്ച് എട്ട് കൂടി കടന്നുവരുമ്പോൾ, മഹിളാ ആത്മരക്ഷാസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന് അടിത്തറയിട്ട, നിരവധി സ്ത്രീപോരാട്ടങ്ങൾ മുന്നിൽ നിന്നു നയിച്ച രേണു ചക്രവർത്തിയെ ഒരിക്കൽ കൂടി സ്മരിക്കാനും അതിൽ നിന്നു പ്രചോദനംകൊള്ളാനും കഴിഞ്ഞില്ലെങ്കിൽ, സംശയം വേണ്ട, ചരിത്രം നമ്മളെ കുറ്റക്കാരെന്ന് വിധിക്കും.
(അവസാനിച്ചു)

Exit mobile version