Site iconSite icon Janayugom Online

ഇന്ധന നികുതി വ്യവസ്ഥയും ജിഎസ്‌ടിയും; തല്‍സ്ഥിതി എത്രകാലത്തേക്ക്

യുപി തലസ്ഥാനമായ ലഖ്നൗവില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 2021 സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ വിളിച്ചുചേര്‍ത്ത ജിഎസ്‌ടി കൗണ്‍സില്‍ യോഗം പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിര്‍ണയം ജിഎസ്‌ടിയുടെ ഭാഗമാക്കാന്‍ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി മുന്നോട്ടുവച്ച നിര്‍ദ്ദേശം പരിഗണനയ്ക്കെടുത്തെങ്കിലും ഇതില്‍ തീരുമാനമൊന്നും എടുത്തില്ല. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത മിക്കവാറും മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഈ വിഷയത്തില്‍ തല്‍സ്ഥിതി തുടരുന്നതിനോടാണ് യോജിച്ചത്. യുപി അടക്കമുള്ള ബിജെപി അധികാരത്തിലിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന നിലപാടെടുത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരാണെങ്കില്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ടതുപോലൊരു സ്ഥിതിവിശേഷത്തിലായിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന എന്നോണമുള്ള വിലവര്‍ധന കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ അവയുടെ മേലുള്ള നികുതികള്‍ കുറയ്ക്കണമെന്ന സമ്മര്‍ദ്ദം ശക്തമായി വരികയുമാണ്. വിലനിര്‍ണയം വിപണി ശക്തികള്‍ക്കു വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് അടിക്കടിയുള്ള ഈ വിലവര്‍ധന ഒരു തീരാശാപമായി മാറിയിരിക്കുന്നത്. പെട്രോളിന്റെ ചില്ലറ വില്പനവില ലിറ്ററിന് 100 രൂപയിലേറെയായി ഉയര്‍ന്നതിനാല്‍ ഇന്ത്യയിലെ മുഴുവന്‍ ഉപഭോക്താക്കളും ഇത് നല്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. കേന്ദ്ര മോഡിഭരണകൂടം പഴിചാരുന്നതാകട്ടെ ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ആഗോള എണ്ണവ്യാപാര കുത്തകകളുടെ മേലുമാണ്. ഒപ്പെക്ക് രാജ്യ കൂട്ടായ്മയാണ് ഇതിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.

ഇന്ത്യയാണെങ്കില്‍ ആഭ്യന്തരാവശ്യങ്ങള്‍ക്കായുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ആഗോള എണ്ണയിലെ വിലവര്‍ധന ആഭ്യന്തര എണ്ണ വിപണിയെയും സ്വാഭാവികമായി ബാധിക്കുമല്ലോ. അതേ അവസരത്തില്‍ തന്നെ, ഉയര്‍ന്ന നികുതിനിരക്കുകളാണ് ഇന്ധനവില വര്‍ധനവിലേക്കുള്ള ഏറ്റവും പ്രധാന പങ്കു വഹിക്കുന്നൊരു ഘടകം എന്നതും വസ്തുതയാണ്. ഇന്ധനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്കേണ്ടിവരുന്ന തുകയില്‍ പകുതിയിലേറെ ഏതെങ്കിലും ഒരു നികുതി ഇനത്തിലുള്ളതാണ്. ആഗോള എണ്ണവില ഇടിയുമ്പോഴും ഇതിന്റെ ആനുകൂല്യം ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല. നികുതി നിരക്കുകള്‍ ഇതിനനുസൃതമായി ഉയര്‍ത്തി അപ്രതീക്ഷിതമായി വന്നുചേരുന്ന ഈ നേട്ടം ഉപഭോക്താക്കളില്‍ നിന്നും കൊള്ളയടിക്കുകയാണ് ചെയ്തുവരുന്നത്. എണ്ണ വിപണന കമ്പനികളെ ഈ കൊള്ളയ്ക്കം ചൂഷണത്തിനും കരുക്കളാക്കുകയും ചെയ്യുന്നു. സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം ബോധ്യമാകും, ഈ നടപടിക്രമം പൊതുമേഖലാ-സ്വകാര്യ മേഖലാ കമ്പനികള്‍ തുടര്‍ച്ചയായി നടപ്പാക്കിവരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന്. ഇറക്കുമതി ചെയ്യുന്നത് 80 ശതമാനം അസംസ്കൃത എണ്ണയും 20 ശതമാനം ആഭ്യന്തര തലത്തില്‍ ഉല്പാദിപ്പിക്കുന്ന എണ്ണയുമാണെങ്കിലും രണ്ടിനും ആഭ്യന്തര വിലവര്‍ധന ഒരേ തോതിലായിരിക്കും. ഈ ചൂഷണരീതിയും ചെറുത്തുതോല്പിക്കപ്പെടേണ്ടതാണ്.

 


ഇതുകൂടി വായിക്കാം;കേന്ദ്രത്തിന്റെ കണ്ണടച്ചുള്ള കുത്തക പ്രീണനം; ഇന്ധന വില വീണ്ടും കൂട്ടി


 

2021 ഏപ്രില്‍ മാസത്തില്‍ ആഗോള എണ്ണവില ബാരല്‍ ഒന്നിന് 20 ഡോളര്‍ ഇടിവുണ്ടായിട്ടും ആഭ്യന്തര വിപണിവിലയില്‍ ഈ മാറ്റം പ്രതിഫലിച്ചില്ല. കോവിഡ് 19ന്റെ ആഘാതമെന്ന നിലയില്‍ ആഗോള വിപണിയിലുണ്ടായ ഈ ഇടിവിന്റെ ആനുകൂല്യം എന്തുകൊണ്ടും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ അവര്‍ക്കത് നിഷേധിക്കപ്പെടുകയാണുണ്ടായത്. ഈ നീതിനിഷേധത്തിനുള്ള കാരണമായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ചൂണ്ടിക്കാട്ടിയത്, റവന്യു വരുമാന നഷ്ടം ഒഴിവാക്കുക എന്നതാണ്. തൊഴിലില്ലായ്മയും വരുമാന തകര്‍ച്ചയും തുടര്‍ന്നുണ്ടായ ക്രയശേഷിക്കുറവും ഭാഗികമായെങ്കിലും നികത്താന്‍ നികുതി വര്‍ധനവ് ഒഴിവാക്കിക്കൊണ്ട് എണ്ണവില ഇടിവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതായിരുന്നു. ഇതിലൂടെ എണ്ണവില വര്‍ധനവിന്റെയും പണപ്പെരുപ്പത്തിന്റെയും വിലവര്‍ധനവിന്റെയും ശൃംഖലാ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന അധിക ഭാരത്തില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഒഴിവാകാന്‍ കളമൊരുക്കുമെന്നത് വസ്തുതയുമായിരുന്നു. പ്രത്യേകിച്ച് ചരക്കു കടത്തിനായി ആഭ്യന്തര വിപണികളിലെ മുഖ്യ ആശ്രയം ലോറികളെന്ന ഗതാഗത സംവിധാനമാണല്ലോ. നിരാലംബരായ ഉപഭോക്താക്കള്‍ക്ക് എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ലാ, ഭരണകൂടങ്ങളുടെ ഖജനാവുകള്‍ക്ക് ക്ഷീണം സംഭവിച്ചുകൂടാ എന്നതായിരുന്നു ഏക ലക്ഷ്യം.

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം റവന്യു വരുമാനത്തില്‍ നേരിയ തോതില്‍ പോലും കുറവുണ്ടാകാന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല. കേന്ദ്ര മോഡി സര്‍ക്കാരോ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന ബിജെപി-ബിജെപി-ഇതര സര്‍ക്കാരുകളോ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധവുമല്ല. ഇതിന് അപവാദമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 950 കോടി രൂപയോളം റവന്യു വരുമാനം ഉപേക്ഷിച്ചും സമീപകാലത്ത് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരും തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാരും രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഖെലോട്ട് സര്‍ക്കാരും പരിമിതമായ തോതിലാണെങ്കിലും നികുതി ഇളവുകളിലൂടെയും വിലക്കുറവിന്റെ ആശ്വാസം ജനങ്ങള്‍ക്കു നല്കാന്‍ തയ്യാറായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയ ഭേദമില്ലാതെ യോജിക്കുന്നൊരു മേഖല ഇന്ധന നികുതി എന്ന വരുമാന സ്രോതസുവഴി പരമാവധി ഉപഭോക്തക്കളെ ചൂഷണം ചെയ്ത് ഖജനാവുകള്‍ നിറയ്ക്കുക എന്നതാണ്. ഈ വിധത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ കവര്‍ന്നെടുത്തത് 2020–21 ധനകാര്യ വര്‍ഷത്തില്‍ മൊത്തം ആറ് ലക്ഷം കോടി രൂപയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഇന്ധന നികുതികള്‍ ജിഎസ്‌ടിക്കു കീഴിലാക്കുക വഴി ഈ വരുമാന മാര്‍ഗത്തില്‍ വലിയൊരു വിള്ളലായിരിക്കും വരുത്തുക. ജിഎസ്‌ടി വ്യവസ്ഥയില്‍ ഇന്ധന നികുതിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബ് 28 ശതമാനം മാത്രമാണെങ്കില്‍ ഇന്നത്തെ നിലയില്‍ ഇത് 100 ശതമാനത്തിലെത്തി നില്‍ക്കുകയാണെന്നോര്‍ക്കുക. അപ്പോള്‍ പിന്നെ, ഇതില്‍ മാറ്റം വരുത്തുന്നതിനോട് അവര്‍ യോജിക്കുന്നതെങ്ങനെ? മാത്രമല്ല, ഇപ്പോള്‍ത്തന്നെ ധനകാര്യ കമ്മിഷന്‍ നിജപ്പെടുത്തിയിരിക്കുന്ന 41 ശതമാനം വിഹിത കെെമാറ്റവും ജിഎസ്‌ടിയുടെ വിഹിത കെെമാറ്റവും ഗുരുതരമായ പ്രതിസന്ധിയും കാലതാമസവും നേരിടുന്ന സാഹചര്യം നിലവിലിരിക്കെ, സ്വന്തം വിഹിത ചോര്‍ച്ചക്കു കൂട്ടുനില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒരിക്കലും സമ്മതംമൂളില്ല. ഇതിനെല്ലാം പുറമെ ഇപ്പോള്‍ പ്രാബല്യത്തിലുള്ള സംവിധാനമനുസരിച്ച്, സ്വതന്ത്രമായ നിലയില്‍ മൂല്യവര്‍ധിത നികുതി നിരക്കുകളില്‍ ഭേദഗതികള്‍ വരുത്തുകവഴി അധിക നികുതി വരുമാന സമാഹരണത്തിന് സൗകര്യം ലഭ്യമാകുന്നുമുണ്ട്.

 


ഇതുകൂടി വായിക്കാം;സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു


 

സാമ്പത്തിക, സാമൂഹ്യലക്ഷ്യങ്ങള്‍ കെെവരിക്കുന്നതില്‍ നികുതിവരുമാന വീഴ്ചയ്ക്കു വഴിയൊരുക്കുന്ന യാതൊരു പരിഷ്കാരത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുകയില്ല. അതേ അവസരത്തില്‍, ഉയര്‍ന്ന ഇന്ധന നികുതി ചുമത്തുന്ന സര്‍ക്കാര്‍ നയത്തെ ശക്തിയായി വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഉയര്‍ന്ന നിരക്കുകള്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടെന്നാണ്. നികുതി നിരക്കുകള്‍ കുറച്ചാല്‍, കൂടുതലായി പെട്രോളും ഡീസലും ഉപയോഗിക്കപ്പെടുകയും യാത്രകള്‍ക്കായി ചെലവ് ചുരുക്കാന്‍ കഴിയുന്ന ഉപഭോക്താക്കള്‍ ഇതുവഴി സമ്പാദിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അങ്ങനെ മൊത്തത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് സഹായിക്കുമെന്നും ഇവരെല്ലാം വാദിക്കുന്നു. ഇത്തരം പ്രവണത വ്യാപകമാകുന്ന സാഹചര്യത്തില്‍, ഉയര്‍ന്ന ഇന്ധനവില നല്കി കുറഞ്ഞ ഉപഭോഗത്തിലൂടെ നഷ്ടമാകുന്ന നികുതിവരുമാനം, മറ്റു നിരവധി ഉല്പന്നങ്ങളുടെ അധിക ഉപഭോഗം വഴി നേടാന്‍ കഴിയുന്ന നികുതിവരുമാനത്തിലൂടെ നികത്താനും കഴിയുമത്രെ.

ഏതായാലും ഏറ്റവുമൊടുവില്‍ ലഖ്‌നൗവില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ഈ തര്‍ക്കവിഷയം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിലും മോഡി സര്‍ക്കാര്‍ ഇന്ധന നികുതികളെക്കൂടി ജിഎസ്‌ടിക്കു കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു എന്നുതന്നെവേണം ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്നും ഊഹിക്കേണ്ടത്. ജിഎസ്‌ടിയില്‍ നിന്നും ഒഴിവാക്കേണ്ട ഉല്പന്നങ്ങള്‍, നികുതിവെട്ടിപ്പിന് സാധ്യതയുള്ള മേഖലകള്‍, നികുതിയുടെ തട്ടുകള്‍ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുക ലക്ഷ്യമാക്കിയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനായി ഒരു ഏഴംഗസമിതിക്ക് കേന്ദ്രമന്ത്രിസഭ രൂപം നല്കിയിരിക്കുന്നത്. കേരള ധനമന്ത്രി കെ എന്‍ രാജഗോപാലും ഇതില്‍ അംഗമാണ്. ഈ സമിതിയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തര്‍കിംഷോര്‍, പ്രസാദ് പശ്ചിമബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിശ്ര എന്നിവരും അംഗങ്ങളാണ്. ഇതിനുപുറമെ, നിലവിലുള്ള നികുതി അടവ് വ്യവസ്ഥയുടെ അപാകതകള്‍ വിലയിരുത്താന്‍ ഒരു എട്ടംഗസമിതിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവ്വാര്‍ അധ്യക്ഷനും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിരോദിഷയും തമിഴ്‌നാട് ധനമന്ത്രി പളനിമേല്‍ ത്യാഗരാജനും അംഗങ്ങളായ ഈ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, കേന്ദ്ര‑സംസ്ഥാന നികുതി ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനം മെച്ചപ്പെടുത്താനും, നികുതിഘടന കൂടുതല്‍ ലളിതമാക്കാനും സഹായകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ്. ജിഎസ്‌ടി നാല് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴെങ്കിലും, നികുതിഘടന ലളിതമാക്കണമെന്ന തോന്നല്‍ മോഡി സര്‍ക്കാരിന് ഉണ്ടായല്ലോ എന്നോര്‍ത്ത് നമുക്ക് ആശ്വസിക്കാം. നിര്‍ദ്ദിഷ്ട സമിതികളുടെ മുന്നില്‍ ലയനത്തിനായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള സ്ലാബുകള്‍ 5,12,18,28 എന്നിവയാണ്. 2021സെപ്റ്റംബര്‍ 17ന് നടന്ന ജിഎസ്‌ടി കൗണ്‍സില്‍ രൂപം നല്കിയ സമിതികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ കാലാവധിയാണ്.

നിര്‍ദ്ദിഷ്ട സമിതികളുടെ കണ്ടെത്തലുകളും ശുപാര്‍ശകളും എന്തെന്നുള്ളതല്ല, ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അര്‍ഹിക്കുന്നത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് ഇന്ധനങ്ങള്‍ക്കുള്ള നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ അവര്‍ക്ക് ആശ്വാസം പകര്‍ന്നുനല്കുമോ, ഇല്ലയോ എന്നതാണ്. ഇന്ധന നികുതിയുടെ പങ്ക് ഇന്ധനങ്ങളുടെ ചില്ലറ വിപണി വില്പനവിലയില്‍ 2014­നും 2021നും ഇടയ്ക്ക് 30 ശതമാനത്തില്‍ നിന്നും 60 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ്. ഈ തോതിലുള്ള വര്‍ധനവില്‍ നിന്നും പിന്നോട്ട് നീങ്ങാന്‍ കേന്ദ്ര ഭരണകൂടമൊ, സംസ്ഥാന ഭരണകൂടങ്ങളോ സന്നദ്ധമാകുമെന്നു കരുതുക അസ്ഥാനത്തായിരിക്കും. അതായത്, നിര്‍ദ്ദിഷ്ട സമിതികളുടെ റിപ്പോര്‍ട്ടുകള്‍ കിട്ടിയതിനുശേഷം നടക്കാനിരിക്കുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍, ഇന്ധന നികുതി വ്യവസ്ഥയും ജിഎസ്‌ടിയുടെ ഭാഗമാക്കാന്‍ യോജിച്ചൊരു തീരുമാനത്തിലെത്താനാണ് സാധ്യത തെളിയുന്നത്. അപ്പോള്‍ സംഭവിക്കുക നിലവിലുള്ള നികുതി നിരക്കുകള്‍ ഇനിയും ഉയര്‍ത്തേണ്ടെന്ന തീരുമാനത്തിലായിരിക്കുമോ അതോ മറിച്ചായിരിക്കുമോ എന്നതാണ് ഉപഭോക്താക്കളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വികാരം. കാത്തിരിക്കുകതന്നെ.

Exit mobile version