Site iconSite icon Janayugom Online

ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍

സിബിഎസ്ഇ പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് പരിണാമ സിദ്ധാന്തം നീക്കം ചെയ്യുന്നതിനുള്ള എൻസിഇആർടി നീക്കത്തില്‍ നിരവധി ശാസ്ത്രജ്ഞരും അധ്യാപകരും കഴിഞ്ഞയാഴ്ച കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. കുട്ടികള്‍ പരിണാമ സിദ്ധാന്തം മനസിലാക്കുന്നത് ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിൽ നിർണായകമാണെന്ന് എൻസിഇആർടിക്ക്‌ അയച്ച കത്തില്‍ അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ ഈ സാധ്യത ഇല്ലാതാക്കുന്നത് അവർക്ക് യുക്തിസഹമായ അറിവ് നഷ്ടപ്പെടുത്തുന്നു. ഖേദകരമെന്നു പറയട്ടെ, ഒഴിവാക്കിയ ശാസ്ത്രവിഷയങ്ങളുടെ പട്ടികയിൽ ചാൾസ് ഡാർവിൻ, മോളിക്യുലാർ ഫൈലോജെനി, പരിണാമവുമായി ബന്ധപ്പെട്ട കണ്ടെത്തൽ എന്നിവയെല്ലാം ഉൾപ്പെടുന്നു.

പരിണാമ സിദ്ധാന്തത്തെ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കരുതെന്നും അത് പുനഃസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഐടി, ഐഐഎസ്ഇആർ, ഐസിഎആർ, ടിഐഎഫ്ആർ, സിഎസ്ഐആർ, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകരും ശാസ്ത്രജ്ഞരും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ജെെവപരിണാമത്തെക്കുറിച്ചുള്ള അറിവും ധാരണയും ജീവശാസ്ത്രപഠനത്തിന് മാത്രമല്ല, പ്രകൃതിയിൽ മനുഷ്യന്റെ ജീവിതത്തെയും സ്ഥാനത്തെയും കുറിച്ച് മനസിലാക്കുന്നതിനും പ്രധാനമാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന രോഗങ്ങൾ മുതൽ പകർച്ചവ്യാധികൾ, പരിസ്ഥിതിശാസ്ത്രം, മയക്കുമരുന്ന് തുടങ്ങി സമൂഹത്തിൽ ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിശകലനം ചെയ്യാൻ പരിണാമ ജീവശാസ്ത്രം സഹായിക്കുന്നു. സമീപകാലത്ത് കോവിഡ് വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യുന്നതിൽ പ്രകൃതിനിർധാരണം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ കൂടുതൽ വ്യാപനം തടയുന്നതിന് ഈ ശാസ്ത്രീയ അന്വേഷണങ്ങൾ സഹായിച്ചു.

വൈറസിന്റെ ജനിതക പരിണാമ പഠനങ്ങൾ വിവിധ രോഗങ്ങൾക്ക് കാരണമാകുന്ന ജീനുകളെയും രോഗകാരികളിലെ എൻസൈമുകളെയും കുറിച്ച് മനസിലാക്കാൻ വളരെയധികം ഉപകരിച്ചു, ഇത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന വാക്സിനുകൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. നമ്മുടെ ഗ്രഹം വൈവിധ്യമാർന്ന മൃഗങ്ങൾ, സസ്യങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവ നിറഞ്ഞതാണ്. ജൈവവൈവിധ്യവും വിവിധ ജീവിവർഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും മനസിലാക്കുന്നത് ശാസ്ത്രജ്ഞരെ, സസ്യങ്ങളെ സങ്കരമാക്കാനും ഉയർന്ന വിളവ് തരുന്ന മെച്ചപ്പെട്ട വിളകൾ നിര്‍മ്മിച്ചെടുക്കുന്നതിനും സഹായിച്ചു. അത് ഭക്ഷ്യോല്പാദനം വർധിപ്പിക്കാനും ലോകത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കാനും സഹായിച്ചു. ഡാർവിന്റെ ജീവിവർഗങ്ങളുടെ ഉത്ഭവ സിദ്ധാന്തം, പരിസ്ഥിതിയില്‍ ഭീഷണികൾ നേരിടുമ്പോൾ നിലനില്പിനായി വിവിധ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ക്രമാനുഗതമായ പരിവർത്തനം എങ്ങനെ സംഭവിക്കുന്നുവെന്ന് മനസിലാക്കാൻ നമ്മെ സഹായിച്ചു. എല്ലാ ജീവജാലങ്ങളും ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ, മെറ്റബോളിസം, ഫിസിയോളജി, പൊതു ജനിതക കോഡ്(ജീവിത പദ്ധതി) എന്നിവയുടെ പൊതുഘടന പങ്കിടുന്നുവെന്ന് ജീവശാസ്ത്രമാണ് നമ്മെ പഠിപ്പിച്ചത്. ജനിതകശാസ്ത്രം, ജീവശാസ്ത്രത്തിന്റെ ഒരു മേഖലയാണ്. ഇത് പരിണാമ സിദ്ധാന്തത്തിന് ശേഷം അഭിവൃദ്ധി പ്രാപിക്കുകയും ‘ട്രീ ഓഫ് ലൈഫ്’ ഉപയോഗിച്ച് വ്യത്യസ്ത ജീവികൾക്കിടയിലെ സമാനതകളും പരസ്പര ബന്ധങ്ങളും നിര്‍ണയിക്കാന്‍ സഹായിക്കുകയും ചെയ്തു. ഫ്രെഡറിക് ഏംഗൽസ്, ‘കുരങ്ങിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിവർത്തനത്തിൽ തൊഴിൽ വഹിച്ച പങ്ക്’ എന്ന ലേഖനത്തിൽ, പരിഷ്കൃത ഘട്ടത്തിലേക്ക് മനുഷ്യന്റെ പരിണാമം വിശകലനം ചെയ്യുകയും പരിണാമ പ്രക്രിയയിൽ മനുഷ്യ അധ്വാനം വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.

ബിജെപി നേതാവും മുൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കര്‍ 2018 ജനുവരിയില്‍ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ വെല്ലുവിളിച്ചു. ‘കുരങ്ങുകൾ മനുഷ്യരായി മാറിയത് ഇതുവരെ കണ്ടിട്ടില്ല. ഡാർവിന്റെ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. അതിനാല്‍ സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽ നിന്ന് ഇത് നീക്കം ചെയ്യണം’ എന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഡാർവിന്റെ സിദ്ധാന്തം, യൂക്ലാഡിയൻ ജ്യാമിതി എന്നിവ ഒഴിവാക്കി പകരം സാങ്കല്പിക ദശാവതാരങ്ങളും വേദഗണിതവും സ്ഥാപിക്കുന്നതും പാരമ്പര്യ സിദ്ധാന്തങ്ങളുടെ അംഗീകാരവും അതിശയിപ്പിക്കുന്നില്ല. വിദ്യാർത്ഥികളില്‍ നിന്ന് ‘വിമർശന ചിന്തയും ചോദ്യം ചെയ്യലും’ അട്ടിമറിക്കുന്നതിനായി ആർഎസ്എസും കേന്ദ്ര ഭരണകൂടവും ശാസ്ത്രത്തെയും യുക്തിസഹമായ ചിന്തയെയുമാണ് ലക്ഷ്യമിടുന്നത്. ആധുനിക ഇന്ത്യയെ അജ്ഞതയുടെ ഇരുണ്ട യുഗത്തിലേക്ക്, മനുസ്മൃതിയുടെയും ജാതീയതയുടെയും ആധിപത്യത്തിന്‍കീഴിലേക്ക് വലിച്ചിഴയ്ക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിത്. ഇത്തരം നടപടികളുണ്ടാക്കുന്ന വൻനാശം കണക്കിലെടുത്താണ് 1800 ഓളം ശാസ്ത്രജ്ഞരും അധ്യാപകരും പരിണാമ സിദ്ധാന്തത്തെ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ കത്തയച്ചത്. സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയ ഉള്ളടക്കം പുനഃസ്ഥാപിക്കാൻ എൻസിഇആർടിയോടും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തോടും ആവശ്യപ്പെടുന്ന ശാസ്ത്രജ്ഞർക്കൊപ്പം ജനങ്ങളും അണിചേരണം.

Eng­lish Sam­mury: janayu­gom arti­cle by dr.soma marla

Exit mobile version