Site iconSite icon Janayugom Online

ട്രേഡ് യൂണിയനുകൾ നേരിടുന്ന വെല്ലുവിളികൾ

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും സ്ഥിതി അത്യന്തം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് എഐടിയുസി ദേശീയ സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്. എഐടിയുസി രൂപംകൊണ്ടതിന്റെ ശതാബ്ദി വർഷമായ 2020ൽ ദേശീയ സമ്മേളനം ചേരുന്നതിന് നിശ്ചയിച്ച് പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായത്. അതുകൊണ്ടുതന്നെ സമ്മേളനം മാറ്റിവയ്ക്കാൻ നിർബന്ധിതമായി. മഹാമാരിയുടെ വ്യാപനം ഒട്ടൊന്നു ശമിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏകദേശം ഒന്നര വർഷം കഴിഞ്ഞ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. കോവിഡ്, ലോക സാഹചര്യങ്ങളും ജീവിത പ്രതിസന്ധികളും കൂടുതൽ രൂക്ഷമാക്കിയ സാഹചര്യത്തിൽ കൂടിയാണ് സമ്മേളനം.

ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും കൂടുതൽ വലത്തോട്ട് ചരിയുകയാണ്. ആഗോള ധനമൂലധന ശക്തികൾ അതിന്റെ ആധിപത്യം അടിച്ചേല്പിക്കുന്നതോടെ ആ പ്രവണത വർധിക്കുകയാണ്. ആഗോളതലത്തിൽ തൊഴിൽരംഗം വിപരീത വളർച്ചയാണ് നേരിടുന്നത്. മുതലാളിത്തം അതിന്റെ സാമ്പത്തിക ഭാരം വികസ്വര രാഷ്ട്രങ്ങൾക്ക് മേൽ ചുമത്താൻ വെമ്പുന്ന കാഴ്ച കൂടുതൽ വ്യക്തമായി ദൃശ്യമാകുന്നു. അതിനായി അവർ യുദ്ധങ്ങൾ, സംഘർഷങ്ങൾ, ഭീഷണിപ്പെടുത്തലുകൾ, ഉപരോധങ്ങൾ തുടങ്ങിയ കുത്സിത മാർഗങ്ങൾ സ്വീകരിക്കുന്നു. ഉപരോധ രാഷ്ട്രീയം ലോകം മുഴുവനുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതഭാരം വർധിപ്പിച്ചു. തൊഴിലില്ലായ്മ അതിരൂക്ഷമായി. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി പെൻഷൻ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, വിവിധ സേവനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നു. സാധാരണക്കാർക്ക് വേണ്ട അവശ്യ സേവനങ്ങളിൽ നിന്നും സർക്കാരുകൾ പിന്തിരിയുന്നു.
നമ്മുടെ രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. ഭക്ഷ്യവസ്തുക്കൾക്കും ചരക്ക് സേവന നികുതി ബാധകമാക്കുന്നു. ദുർബല വിഭാഗങ്ങളിൽപ്പെടുന്നവരും ദരിദ്രരും ഗോത്രവർഗക്കാരുമുൾപ്പെടെയുള്ള ജനകോടികൾ ഉപയോഗിക്കുന്ന പൊതുഭൂമിയും വനവും പ്രകൃതിവിഭവങ്ങളും വാണിജ്യവല്ക്കരിക്കപ്പെടുന്നതോടെ അവർ, അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നും പുറന്തള്ളപ്പെടും. അതേസമയം ധനികരും സാധാരണക്കാരും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ ആഴങ്ങൾ വർധിക്കുന്നു. ലോകമെമ്പാടും ഫാസിസ്റ്റ് പ്രവണത വളരുകയും ചെയ്യുന്നു.

 


ഇതുകൂടി വായിക്കു; ട്രേഡ്‌ യൂണിയന്‍ ഐക്യത്തിന് മുന്‍കൈ എടുത്തത്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത: കാനം


രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കുള്ളിലും സംഘർഷങ്ങൾ വർധിക്കുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളാകട്ടെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ജാതി, മതം, വിശ്വാസം, ഭാഷ, ജീവിത രീതി, അഭിപ്രായ സ്വാതന്ത്യ്രം, വിയോജിപ്പ്, ജനാധിപത്യ മൂല്യങ്ങൾ എന്നിങ്ങനെ ബഹുസ്വരതയാർന്ന ഭാരതീയ സംസ്കാരം ഗുരുതരമായ ഭീഷണി നേരിടുന്നു. വിദ്യാർത്ഥികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, സ്വതന്ത്ര ചിന്താഗതിക്കാർ, പ്രത്യയശാസ്ത്ര വിദഗ്ധർ തുടങ്ങി നീതിക്കും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നിലകൊള്ളുന്നവരെല്ലാം ആക്രമിക്കപ്പെടുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളെല്ലാം നിരാകരിച്ചു കൊണ്ടും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽപ്പറത്തിയും എതിർപ്പുകളെയും വിയോജിപ്പുകളെയും നിശബ്ദമാക്കുന്ന അക്രമാസക്ത രാഷ്ട്രീയം വളരുന്നു.

കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ വിദേശ കുത്തകകളുടെയും ധനമൂലധന ശക്തികളുടെയും താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഭൂരിപക്ഷ വർഗീയതയുടെ വക്താക്കളായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. അധികാരശ്രേണിയിലെ പ്രമുഖരുടെ മൊഴികളും ചെയ്തികളും അവരുടെ ഫാസിസ്റ്റ് പ്രവണതകൾ തുറന്ന് കാട്ടുന്നു. ഒരുവശത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കോർപറേറ്റുകൾക്കും മുതലാളിത്ത സമൂഹത്തിനും കൈമാറുന്നു. മറുവശത്ത് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കുടിവെള്ളം, ശുചിത്വം, സാമൂഹിക സുരക്ഷ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടുന്നതിന് സമൂഹത്തെ വിഭജിക്കുവാനും വർഗീയ വിഷം വിതറാനും സംഘടനകളെ കയറൂരി വിട്ടിരിക്കുന്നു. രാജ്യത്ത് പട്ടിണി മരണങ്ങൾ വർധിക്കുന്നു. ദരിദ്ര വിഭാഗങ്ങൾക്ക് സബ്സിഡി നൽകുന്നതിൽ സർക്കാർ പരാജയപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിക്കും മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നു. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ വിസമ്മതിക്കുന്നു. എന്നാൽ വൻകിട കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതിൽ അവർക്ക് ഒരു ഉളുപ്പുമില്ല.


ഇതുകൂടി വായിക്കു; ട്രേഡ് യൂണിയനും ഇന്ത്യന്‍ ജനാധിപത്യവും കോഡ് 2020 ലെ തൊഴിലാളി വിരുദ്ധതയും


പാവപ്പെട്ടവർ അങ്ങേയറ്റം നിരാശരാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആത്മഹത്യ ചെയ്യുന്നവരിൽ 25 ശതമാനം പേരും ദിവസ കൂലിക്കാരാണ് എന്നാണ്. തൊഴിൽ സാഹചര്യങ്ങളും പരിതാപകരമാണ്. കോവിഡ് കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഇരട്ടിയിലധകം വർധിച്ചു. സാധാരണ തൊഴിലാളിയുടെ വേതന വർധനവിന്റെ ആറിരട്ടി വേഗത്തിലാണ് ശതകോടീശ്വരന്മാരുടെ സമ്പത്ത് വർധിച്ചത്. 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് കോഡുകളാക്കിയതിനെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ കടുത്ത വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുന്നു. “ഈസ് ഓഫ് ഡൂയിങ് ബിസിനസി”നായി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്. എന്നാൽ തൊഴിൽ നിയമങ്ങൾ ലഘൂകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അവരുടെ അവകാശ വാദം. യഥാർത്ഥ ലക്ഷ്യമാകട്ടെ തൊഴിലാളികളെയും അവരുടെ യൂണിയനുകളെയും അടിച്ചമർത്തുകയും, സമ്പത്തുല്പാദിപ്പിക്കുവാനും സേവനം പ്രദാനം ചെയ്യാനും അഹോരാത്രം കഷ്ടപ്പെടുന്ന തൊഴിലാളികളെ തന്നിഷ്ടം പോലെ നിയമിക്കാനും പിരിച്ചുവിടാനും തൊഴിലുടമകൾക്ക് അധികാരവും സ്വാതന്ത്യ്രവും നൽകുക എന്നതാണ്.

വർഷങ്ങളായി കരാർ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പോലും ജോലി സ്ഥിരത ലഭിക്കുന്നില്ല. തൊഴിൽ മേഖലയിലെ കരാർവല്ക്കരണം ശാശ്വതീകരിക്കപ്പെടുന്നതിന്റെ ഭാഗമായി നിശ്ചിതകാല തൊഴിൽ നയം നടപ്പാക്കുന്നു. തൊഴിൽ നഷ്ടം വ്യാപകമാകുന്നു. വിലക്കയറ്റം കാരണം യഥാർത്ഥ വേതന മൂല്യം കുറയുന്നു. തൊഴിലാളികളുടേയും സാധാരണക്കാരുടേയും ജീവിതം ദിവസം ചെല്ലുന്തോറും ദുസ്സഹമാകുന്നു. സംഘടിക്കുന്നതും തൊഴിലാളി യൂണിയനുകൾ രജിസ്റ്റർ ചെയ്യുന്നതും ഇന്ന് ബുദ്ധിമുട്ടേറിയ ജോലിയാണ്. സ്വകാര്യവല്ക്കരണത്തിന്റെയും വിറ്റഴിക്കലിന്റെയും പുതിയ പേരാണ് ദേശീയ ധന സമ്പാദന പദ്ധതി. ഈ പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ പൊതുമേഖലാ ആസ്തി പൂജ്യമാകും. ഇതെല്ലാം ഒരുവശത്ത്. മറുവശത്ത് ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് വെറുപ്പിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം തുടരുകയാണ്. സർക്കാരിന്റെ നയങ്ങളെ എതിർക്കുകയും ചെറുത്ത് നില്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ ജനാധിപത്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു. അതിനായി സിബിഐ, ഇഡി, എൻഐഎ, യുഎപിഎ, പൊലീസ്, രാജ്യദ്രോഹനിയമം എന്നിവയെല്ലം ദുരുപയോഗപ്പെടുത്തുന്നു. ജൂഡീഷ്യറിയെപ്പോലും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നു.
നഷ്ടപ്പെടുന്ന തൊഴിൽ, വെട്ടിക്കുറയ്ക്കുന്ന വേതനം, വർധിക്കുന്ന തൊഴിലില്ലായ്മ, അപകടത്തിലായ തൊഴിൽ സുരക്ഷ, തൊഴിലിടങ്ങളിൽ വർധിക്കുന്ന അപകടങ്ങൾ, ദുർബലമാകുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ആക്രമിക്കപ്പെടുന്ന ട്രേഡ് യൂണിയൻ സ്വാതന്ത്യ്രങ്ങളും പണിമുടക്കാനുള്ള അവകാശങ്ങളും എന്നിങ്ങനെയുള്ള നിരവധി തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം തീവ്രമായ വെല്ലുവിളികൾ നിറഞ്ഞ നാളുകളാണ് നമ്മുടെ മുമ്പിലുള്ളത്.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ബഹുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും നിരന്തരവും ഉജ്ജ്വലവുമായ പോരാട്ടങ്ങളുടെ മുന്നണിയിൽ നില്ക്കുന്ന സംഘടനയാണ് എഐടിയുസി. അതിനുള്ള അംഗീകാരമെന്ന നിലയിലാണ് സാർവദേശീയ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, കൺവീനർ സ്ഥാനങ്ങൾ എഐടിയുസിക്കു ലഭിച്ചത്. അമർജീത് കൗർ, സി ശ്രീകുമാർ, സി എച്ച് വെങ്കിടാചലം എന്നിവരാണ് ഇപ്പോൾ ഈ സ്ഥാനങ്ങൾ വഹിക്കുന്നത്.
ജാതി, മത വിശ്വാസങ്ങൾക്കതീതമായി സംഘടിപ്പിക്കപ്പെട്ട, ജനാധിപത്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായ തൊഴിലാളി പ്രസ്ഥാനമെന്ന നിലയിൽ തൊഴിലവകാശങ്ങളും തൊഴിലിടങ്ങളിലെ അവകാശങ്ങളും സംരക്ഷിക്കാനും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനും സാധാരണക്കാരന്റെ സാമൂഹ്യ‑സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താനുമുള്ള പോരാട്ടങ്ങളിൽ എഐടിയുസി നേതൃത്വപരമായ പങ്കുവഹിക്കും. ഇത്തരം വിഷയങ്ങൾ പ്രധാനമായും ആലപ്പുഴ സമ്മേളനത്തിൽ ചർച്ച നടത്തുകയും ഭാവികടമകൾ തീരുമാനിക്കുകയും ചെയ്യും.

Exit mobile version