Site iconSite icon Janayugom Online

ജനകീയ ചർച്ചകളിലൂടെ പാഠ്യപദ്ധതി രൂപീകരണം

കേരളത്തിന്റെ ഭാവി വിദ്യാഭ്യാസത്തെ മുൻനിർത്തി വ്യാപക ജനകീയ ചർച്ചകൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. 2007 ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണ ഘട്ടത്തിലും ജനകീയ ചർച്ചകളിലൂടെ ആശയ രൂപീകരണത്തിന് അന്നത്തെ ഇടതുമുന്നണി സർക്കാർ ശ്രമിച്ചിരുന്നു. ഇപ്പോൾ അതിനേക്കാൾ വിപുലമായി സ്കൂൾ തലത്തിൽ രക്ഷാകർതൃ സമൂഹത്തിന്റെയും പൗര സമൂഹത്തിന്റെയാകെയും ശ്രദ്ധ പാഠ്യപദ്ധതി രൂപീകരണത്തിലേക്ക് ക്ഷണിക്കുന്ന വിധം ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ പാഠ്യപദ്ധതിയെപ്പറ്റിയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളും ഇക്കുറി ചർച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസം കൂടുതൽ ജനകീയ വിഷയമായി ഈ ചർച്ചകളിലൂടെ വളർന്നു വരികയാണ്. സംസ്ഥാന തലസ്ഥാനത്തോ ഏതെങ്കിലും നഗരങ്ങളിലോ ഇരുന്ന് ഒരു പറ്റം വിദഗ്ധർ രൂപീകരിക്കുന്ന ആശയങ്ങളുടെ ശേഖരമായി പാഠ്യപദ്ധതി മാറിക്കൂടാ. നാളത്തെ സമൂഹം എങ്ങനെയാകണമെന്നതിനെക്കുറിച്ച് എല്ലാവർക്കും കാഴ്ചപ്പാടുകളുണ്ടാകും. ഇന്നത്തെ വിദ്യാഭ്യാസം ഭാവി സമൂഹത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ, ഭാവി തലമുറയെക്കുറിച്ച് ചിന്തിക്കുകയും കാഴ്ചപ്പാട് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവരും ഈ ചർച്ചകളിൽ ഭാഗഭാക്കുകളാകണം. നാട്ടിലെ സാധാരണ ജനങ്ങൾ ഭാവി തലമുറയെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങൾ യാഥാർഥ്യ ബോധത്തോടെ പങ്കിടണം. ഇന്ന് നാം രൂപീകരിക്കുന്ന പാഠ്യപദ്ധതിയുടെ ഗുണഭോക്താക്കൾ കുറഞ്ഞത് ഒന്ന്, ഒന്നര ദശാബ്ദത്തിന് ശേഷം യുവാക്കളാകുന്ന ഒരു തലമുറയാണെന്ന് ചർച്ചകളിൽ പങ്കെടുക്കുമ്പോൾ വിസ്മരിക്കരുത്. നമ്മുടെ കുടുംബ ബന്ധങ്ങൾ, കൃഷി, പരിസ്ഥിതി, ആരോഗ്യം, തൊഴിൽ, ഗതാഗതം, ആധുനിക സാങ്കേതിക വിദ്യയുടെ സഹായം, ഭിന്നശേഷിക്കാർ തുടങ്ങി സമൂഹത്തെ ബാധിക്കുന്ന നാനാവിധ വിഷയങ്ങളും സമീപ ഭാവിയിൽ ഏതു രൂപത്തിൽ നിലകൊള്ളണമെന്ന് ഉയർന്ന കാഴ്ചപ്പാടോടെ നാം വിഭാവനം ചെയ്യണം. അതായിരിക്കണം വിദ്യാഭ്യാസ ചർച്ചകളുടെ ഭാഗമാകേണ്ടത്. ഇന്നത്തെ വിദ്യാഭ്യാസത്തിൽ ശരിയായ കാഴ്ചപ്പാടുണ്ടായാലേ നാളെ നേർവഴിയ്ക്കുളെളാരു സമൂഹം നിലനിൽക്കൂ. അതിനാൽ വിദ്യാഭ്യാസ ചർച്ചകളിൽ ഒരു വിഷയവും അന്യമല്ല. വളരുന്ന ഒരു സമൂഹത്തെ മുന്നിൽ കണ്ടുള്ള ചർച്ചകൾക്കേ പ്രസക്തിയുള്ളു.

 


ഇതുകൂടി വായിക്കു; വിദ്യാഭ്യാസത്തിനും വിലക്കയറ്റം


ഇന്നത്തെ സമൂഹം പ്രതിഫലിപ്പിക്കുന്ന അപചയങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഇന്നലത്തെ വിദ്യാഭ്യാസത്തിനാണെന്ന കാര്യത്തിൽ സംശയമില്ല. അന്ധവിശ്വാസം, സ്ത്രീധന പീഡനം, അഴിമതി, ജാതി-വർഗീയ ചിന്തകൾ, പ്രകൃതി ചൂഷണം, റോഡപകടങ്ങൾ, കൊലപാതകം, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ, സ്വാർത്ഥ താല്പര്യങ്ങൾ തുടങ്ങി സമൂഹത്തെ മലീമസമാക്കുന്ന നടപടികളുടെ യഥാർത്ഥ ഉത്തരവാദി വിദ്യാഭ്യാസം തന്നെയാണ്. ആധുനിക സമൂഹത്തിനിണങ്ങുന്ന വിധം ഒരു തലമുറയെ പരിശീലിപ്പിക്കാൻ വിദ്യാഭ്യാസത്തിന് സാധിക്കാതെ പോയി. ഇത്തരം പരിമിതികളെ അതിജീവിക്കാൻ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിലൂടെ മാത്രമേ സാധിക്കൂ. അതിനാൽ, കുറ്റമറ്റ ഭാവി സമൂഹത്തെ പ്രാപ്തമാക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ വേണം എന്ന തിരിച്ചറിവ് വിദ്യാഭ്യാസ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകണം. വിദ്യാഭ്യാസം എന്നത് വിവരശേഖരണം മാത്രമല്ലെന്ന് ലോകം എന്നേ തിരിച്ചറിഞ്ഞു. വിവരങ്ങൾ ആർജിക്കാൻ സ്കൂളുകളെയോ കലാലയങ്ങളെയോ ആശ്രയിക്കാതെ തന്നെ ഇന്ന് സാധ്യമാണ്. വിവര ശേഖരണത്തിനപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തെയാണ് വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നത്. ലഭ്യമായ സാമൂഹിക സാഹചര്യങ്ങളെയും അറിവുകളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന, യുക്തിചിന്ത പ്രകടിപ്പിക്കുന്ന ഒരു സമൂഹമാണ് വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടേണ്ടത്. സാമൂഹിക ജീവിതത്തിന് പ്രയോജനപ്പെടുന്ന വിധം പുതിയ അറിവുകൾ രൂപീകരിക്കുന്നതിന് നിരന്തരം അന്വേഷണാത്മകത പ്രകടിപ്പിക്കുന്ന തലമുറയാണ് രൂപപ്പെടേണ്ടത്. ഭാഷയും ചരിത്രവും ഗണിതവും ശാസ്ത്ര വിഷയങ്ങളും സാങ്കേതിക വിദ്യയും മറ്റും പഠിക്കുന്നത് ഈ രൂപത്തിൽ സാമൂഹിക ജീവിതത്തിനു വേണ്ടിയുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് പ്രാപ്തി നേടാനാകണം. സാമൂഹിക യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാനും തിരുത്തലിനായി നിലകൊള്ളാനും കഴിയണം. ജനാധിപത്യ ബോധവും സാമൂഹിക നീതിയും പുലരുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കെൽപ്പുള്ള തലമുറയാണ് വിദ്യാഭ്യാസത്തിലൂടെ വളർന്നുവരേണ്ടത്. ആത്യന്തികമായി മികച്ച പൗരനെ സൃഷ്ടിക്കലാണല്ലോ വിദ്യാഭ്യാസം.

 


ഇതുകൂടി വായിക്കു; കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങുന്നു


 

വിദ്യാഭ്യാസം കേവലം തൊഴിൽ സമ്പാദനത്തിനു വേണ്ടിയുള്ള പ്രക്രിയയാണെന്ന വിധം അർത്ഥ സങ്കോചം വന്നിട്ടുണ്ട്. എന്നാൽ, അഭിരുചിയുള്ള ഏത് തൊഴിലും നല്ല സാമൂഹിക ബോധവും പ്രൊഫഷണൽ സ്വഭാവവും പുലർത്തി നിർവഹിക്കാൻ ബൗദ്ധികമായും മാനസികമായും കായികമായും ഒരാളിനെ കരുപ്പിടിപ്പിക്കലാണ് വിദ്യാഭ്യാസം. താൻ തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയെക്കുറിച്ച് ആധുനികമായ അറിവ് സമ്പാദിച്ച് മികച്ച സേവനം പ്രദാനം ചെയ്യാനുള്ള സന്നദ്ധതയാണ് വിദ്യാഭ്യാസം പകർന്നു നൽകേണ്ട ഗുണം. അതിനു പകരം ഏതെങ്കിലും തൊഴിൽ പഠനം മാത്രം ലക്ഷ്യമായി വിദ്യാഭ്യാസം മാറിയാൽ, മറ്റ് സാമൂഹിക മൂല്യങ്ങൾ നഷ്ടപ്പെട്ട തൊഴിൽ സേവകരുടെ നാടാകും സൃഷ്ടിക്കപ്പെടുക. ഏത് തൊഴിലിനെയും മാനിക്കുന്ന, താൻ ഏറ്റെടുത്തിരിക്കുന്ന തൊഴിൽ നാടിന്റെ സാമൂഹിക വികസനത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നവരെയാണ് നമുക്കാവശ്യമെങ്കിൽ, തൊഴിലാർജനത്തിന് മാത്രമായി ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസം അഭികാമ്യമല്ല.
നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ പ്രധാന പരിമിതി അത് പരീക്ഷാ കേന്ദ്രീകൃത പുസ്തക പഠനമാണ് എന്നതു തന്നെ. ഓർമ്മശക്തി മാത്രം പരിശോധിക്കുന്ന പരീക്ഷകളെ നാം ഇപ്പോഴും പാടേ ഉപേക്ഷിച്ചിട്ടില്ല.

കുട്ടി സമ്പാദിച്ചതോ സൃഷ്ടിച്ചതോ ആയ അറിവുകളുടെ പ്രായോഗികാവിഷ്കാരം എന്ന വിധത്തില്‍ പരീക്ഷകൾ മാറേണ്ടതുണ്ട്. കേവലം പാഠപുസ്തകങ്ങളോ ഗൈഡോ പഠിച്ചുറപ്പിച്ചാൽ മികച്ച പരീക്ഷാ വിജയം കൈവരിക്കാമെന്ന അവസ്ഥയിൽ നിന്ന് കുട്ടിയുടെ അന്വേഷണാത്മകത, സാമൂഹിക ചിന്ത, സർഗാത്മകത, ആത്മവിശ്വാസം എന്നിവയൊക്കെ ആവിഷ്കരിക്കാൻ പ്രേരിപ്പിക്കുന്ന, കുട്ടി ഉത്സാഹ പൂർവം പങ്കെടുക്കാൻ താല്പര്യപ്പെടുന്ന പരീക്ഷാ പരിഷ്കരണവും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ചർച്ചയാകുമെന്ന് തീർച്ച. ശാസ്ത്രീയ വിദ്യാഭ്യാസം കുട്ടിയുടെ മൂന്നാമത്തെ വയസു മുതൽ ആരംഭിക്കുന്നതിന് പാഠ്യപദ്ധതി പരിഷ്കരണം ലക്ഷ്യം വയ്ക്കുന്നു. കുട്ടിയുടെ ബൗദ്ധിക മാനസിക ഘടനയിൽ നിർണായക സ്വാധീനം സൃഷ്ടിക്കാനാവുന്ന ചെറിയ പ്രായത്തിൽ നൽകേണ്ട പ്രീ പ്രൈമറി വിദ്യാഭ്യാസം ഇന്ന് അശാസ്ത്രീയവും വിദ്യാഭ്യാസ കച്ചവട താല്പര്യക്കാരുടെ പിടിയിലുമാണ്. കുട്ടിക്ക് മികച്ച അനുഭവങ്ങൾ പകരുന്ന ഒരു പ്രീ സ്കൂൾ ഘട്ടം ഉണ്ടാകണം. പുറംലോകങ്ങൾ സഞ്ചരിച്ച് തിരിച്ചറിവുകൾ നേടിയ ഒട്ടേറെപ്പേർ നമ്മുടെ സമൂഹത്തിലുണ്ട്. അവർ കണ്ടറിഞ്ഞ മികച്ച മാതൃകകൾ ഇത്തരം ജനകീയ ചർച്ചകളിൽ പങ്കു വയ്ക്കട്ടെ. സാധ്യമായവ യാഥാർത്ഥ്യമാക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങൾക്കു കഴിയും. പ്രീ പ്രൈമറി, പന്ത്രണ്ടാം തരം വരെയുള്ള സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലായി രൂപപ്പെടുത്താൻ പോകുന്ന പാഠ്യപദ്ധതിക്ക് ഊടുംപാവും തീർക്കാൻ സാധ്യമായ ചർച്ചകൾ ജനാഭിപ്രായങ്ങളിൽ നിന്ന് രൂപം കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

Exit mobile version