28 May 2024, Tuesday

വിദ്യാഭ്യാസത്തിനും വിലക്കയറ്റം

Janayugom Webdesk
November 17, 2022 5:00 am

രാജ്യത്തെ ഒരു ഡസനിലധികം സര്‍വകലാശാലകളിലും കോളജുകളിലുമായി വിദ്യാര്‍ത്ഥികള്‍ രണ്ടുമാസത്തോളമായി പ്രക്ഷോഭത്തിലാണ്. ഫീസ് വര്‍ധനയ്ക്കെതിരെയാണ് എല്ലായിടത്തും സമരം നടക്കുന്നത്. പൂനെ, ബനാറസ് ഹിന്ദു, അലഹബാദ്, അസമിലെ ദിബ്രുഗര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലും ബോംബെ, ഡല്‍ഹി ഐഐടികള്‍, ഡല്‍ഹി സ്കൂള്‍ ഓഫ് ജേണലിസം എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥി സമരങ്ങളാണ്. പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്ന സ്ഥാപനങ്ങളിലെല്ലാം 300 ശതമാനം വരെയാണ് വിവിധ കോഴ്സുകള്‍ക്കുള്ള ഫീസ് നിരക്കില്‍ വര്‍ധന വരുത്തിയത്. അതിനു പുറമേ ദുര്‍ബല വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലും നിന്ന് ഉന്നത പഠനത്തിനെത്തുന്നവര്‍ക്ക് നല്കുന്ന വിവിധ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്തതും സമരത്തിനുള്ള കാരണമാണ്. അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ 70 ദിവസമായി സമരത്തിലാണ്. ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിവര്‍ഷ ഫീസില്‍ 300 ശതമാനത്തിന്റെ വര്‍ധന വരുത്തി, 975 രൂപയുണ്ടായിരുന്നത് 4,151 രൂപയാക്കി. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സത്യഗ്രഹ സമരം തുടരുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു) യില്‍ കോഴ്സിനു പുറമേ ഹോസ്റ്റല്‍, മെസ് നിരക്കുകളിലും ഭീമമായ വര്‍ധന വരുത്തി. ഹോസ്റ്റല്‍ നിരക്ക് 4,360 രൂപയുണ്ടായിരുന്നത് 7,500, പ്രത്യേക ഹോസ്റ്റലുകളുടേത് 5,360ല്‍ നിന്ന് 8,500 രൂപ എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. വിവിധ കോഴ്സുകളുടെ നിരക്കുകളില്‍ 2,000 മുതല്‍ 5,000 രൂപ വരെയാണ് കൂട്ടിയത്. തൊഴിലധിഷ്ഠിത കോഴ്സുകളുടെ നിരക്കാകട്ടെ ശരാശരി 10,000ത്തിലധികം രൂപയാണ് ഉയര്‍ത്തിയത്. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളാണ് ബിഎച്ച്‌യു പോലുള്ള സ്ഥാപനങ്ങളെ ഉന്നത പഠനത്തിനായി ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭമാരംഭിച്ചതിനെ തുടര്‍ന്ന് നിലവില്‍ പഠനം നടത്തുന്നവര്‍ പഴയ ഫീസ് നിരക്കു നല്കിയാല്‍ മതിയെന്നും പുതിയതായി ചേരുന്നവര്‍ക്കു മാത്രമേ വര്‍ധന ബാധകമാകൂ എന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. എന്നാല്‍ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.


ഇതുകൂടി വായിക്കൂ: റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരണം, വന്‍ കച്ചവടം


പല ഐഐടികളിലെയും നിരക്കുകള്‍ വിവിധ തരത്തിലാണ് ഉയര്‍ത്തിയത്. ബോംബെ ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫീസ് 2,500ല്‍ നിന്ന് 5,000, ബിരുദാനന്തര പഠനത്തിനുള്ള ഫീസ് 5,000ത്തില്‍ നിന്ന് 30,000 രൂപയുമായാണ് ഉയര്‍ത്തിയത്. ഹോസ്റ്റല്‍, ഭക്ഷണം, മറ്റുള്ളവ എന്നിവ ചേരുമ്പോള്‍ 78,000 മുതല്‍ 97,000രൂപ വരെയാണ് പ്രതിവര്‍ഷ വര്‍ധന. എംടെക് വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് 26,450ല്‍ നിന്ന് 53,100 രൂപയാക്കിയ ഐഐടികളുമുണ്ട്. പൂനെ സര്‍വകലാശാലയില്‍ നിരക്കുകളില്‍ 50 മുതല്‍ 233 ശതമാനം വരെയാണ് വര്‍ധന. പല വിധത്തിലാണ് ഫീസിനത്തിലും മറ്റും നിരക്കുവര്‍ധന വരുത്തിയിരിക്കുന്നത്. പുതിയ വിദ്യാഭ്യാസനയത്തിന്റെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിരക്കുവര്‍ധനയും സ്റ്റൈപ്പന്റുനിരക്കുകള്‍ വെട്ടിക്കുറയ്ക്കലും നടപ്പിലാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകളില്‍ വരുത്തിയ കുറവാണ് ഫീസ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നതിനുള്ള പ്രധാന കാരണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, മറ്റു ചെലവുകള്‍ എന്നിവ നിര്‍വഹിക്കുന്നതിന് മതിയായ തുക അനുവദിക്കാതിരിക്കുന്നു. ആവശ്യമായ പണം കണ്ടെത്തണമെന്ന നിര്‍ദ്ദേശവും നല്കുന്നു. അതുകൊണ്ടുതന്നെ ഫീസ് വര്‍ധനയും സ്റ്റൈപ്പന്റുകള്‍ വെട്ടിക്കുറയ്ക്കുന്നതും അനിവാര്യമായി മാറുന്നുവെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്കുന്ന വിശദീകരണം. പുതിയ വിദ്യാഭ്യാസനയവും യുജിസിയുടെ നടപടികളും രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് നിരക്കുവര്‍ധനയ്ക്കും ഗുണനിലവാരത്തകര്‍ച്ചയ്ക്കും കാരണമാകുമെന്ന ആശങ്കകള്‍ ശരിവയ്ക്കുന്നതാണ് ഫീസ് വര്‍ധന.


ഇതുകൂടി വായിക്കൂ: റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരണം, വന്‍ കച്ചവടം


എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ വിദ്യാഭ്യാസ പരിഷ്കരണത്തിനെന്ന പേരിലുണ്ടാക്കിയ സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വ്യവസായിയായ മുകേഷ് അംബാനി, കുമാരമംഗലം ബിര്‍ള എന്നിവരെയാണ് അന്ന് സമിതിയംഗങ്ങളായി നിശ്ചയിച്ചത്. 2000ത്തില്‍ അവര്‍ നല്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ചെലവുകള്‍ നിര്‍വഹിക്കുന്നതില്‍ അതാത് സ്ഥാപനങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്നത്. 20 വര്‍ഷത്തിനു ശേഷം പ്രസ്തുത റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്ത് നടപ്പിലാക്കുന്നു. അതനുസരിച്ച് വിദ്യാഭ്യാസരംഗത്തിനുള്ള വിഹിതം വെട്ടിക്കുറച്ച് ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നു. യുജിസി തലപ്പത്ത് ബിജെപി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്നവരെ പ്രതിഷ്ഠിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. അതിന്റെ ഫലമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പല പേരുകളില്‍ നിരക്കുവര്‍ധന നടപ്പിലാക്കുന്നു. അതുകൊണ്ടുതന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രക്ഷോഭത്തിനിറങ്ങേണ്ടി വന്നത്. ഇത്തരം നടപടികള്‍ വിദ്യാഭ്യാസ ചെലവ് വര്‍ധിപ്പിക്കുകയും അതുവഴി സാധാരണക്കാരെയും ദുര്‍ബല വിഭാഗങ്ങളെയും ഈ രംഗത്തുനിന്ന് അന്യവല്ക്കരിക്കുന്നതിനിടയാക്കുകയുമാണ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.