Site iconSite icon Janayugom Online

ഉപതെരഞ്ഞെടുപ്പ് നൽകുന്ന ദിശാസൂചന

വയനാട് ലോക്‌സഭാ സീറ്റിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജനവിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പതിവ് പോലെ അവകാശവാദവുമായി രംഗത്ത് വന്നിട്ടുണ്ട്. തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോഴും ഇതുപോലുള്ള അവകാശവാദങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. ഈ ഉപതെരഞ്ഞെടുപ്പുകൾ മുമ്പ് നടന്ന തെരഞ്ഞെടുപ്പുകൾ പോലെ കാണാനാകില്ലെന്ന് മാത്രമല്ല, വ്യക്തമായ ചില രാഷ്ട്രീയ ദിശാസൂചനകൾ നൽകുന്നുമുണ്ട്. പുറമെ കാണുന്ന വോട്ടിങ് രീതി വിലയിരുത്തി മാത്രമല്ല, മറ്റു ചില വസ്തുതകൾ കൂടി പരിശോധിച്ചുവേണം ഇപ്പോഴത്തെ ജനവിധിയുടെ വിശകലനം നടത്താൻ. 

മണ്ഡലപുനർനിർണയം നടന്നതിന് ശേഷം ലോക്‌സഭയിലേക്ക് 2009ലും നിയമസഭയിലേക്ക് 2011ലുമാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം കണ്ടുവരുന്ന ഒരു വോട്ടിങ് രീതി ലോക്‌സഭയിലേക്ക് ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായുള്ള വിധിയെഴുത്തും നിയമസഭയിലേക്ക് അതാത് സമയത്തെ രാഷ്ട്രീയ — സാമൂഹ്യ അവസ്ഥകൾക്കനുസരിച്ചുള്ള വിധിയെഴുത്തും എന്നതാണ്. ലോക്‌സഭയിലേക്ക് ലഭിക്കുന്ന മുൻതൂക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡല പുനർനിർണയത്തിന് ശേഷം യുഡിഎഫിന് ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

മുന്നിലെത്തിയ 2011 ൽ പോലും രണ്ട് സീറ്റിന്റെ ബലത്തിലാണ് യുഡിഎഫിന് ഭരണം ലഭിക്കുന്നത്. ഇത് 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ ജനവിധിയുടെ പൊതുസ്വഭാവമാണ്. അതിനുമുമ്പ് 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ, തൂത്തുവാരിയതുപോലുള്ള ജനവിധി, പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനും നേടാനായില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം കേരളത്തിലെ 140 അസംബ്ലി നിയോജക മണ്ഡലങ്ങളിൽ 40 മുതൽ 50 വരെ മണ്ഡലങ്ങൾ എൽഡിഎഫിനും 15 മുതൽ 20 വരെ യുഡിഎഫിനും മേൽക്കൈയുള്ളവയാണെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാണാം.
തൃശൂർ, പാലക്കാട് ജില്ലകളിലെ ചേലക്കര, പുതുക്കാട്, കൈപ്പമംഗലം, നാട്ടിക, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, തരൂർ, മലമ്പുഴ, ആലത്തൂർ മണ്ഡലങ്ങൾ എൽഡിഎഫിനും, പാലക്കാട് യുഡിഎഫിനും മേൽക്കോയ്മയുണ്ട്. തൃശൂർ ജില്ലയിൽ യുഡിഎഫിന് മേൽക്കോയ്മയുള്ള ഒരു മണ്ഡലവുമില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി വ്യാഖ്യാനിക്കുന്ന പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് നേതാക്കളുടെയും അവകാശവാദത്തിൽ വസ്തുത പരിശോധിച്ചാൽ യാതൊരു കഴമ്പുമില്ലെന്ന് കാണാം. സംസ്ഥാനത്തെ തന്നെ ആകെ യുഡിഎഫിനു മുൻതൂക്കമുള്ള 15 മുതൽ 20 വരെ മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട് എന്നത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം കൊട്ടിഘോഷിക്കാവുന്നതല്ല എന്ന് വിലയിരുത്തുന്നത്. അവിടത്തെ വിജയം തൽസ്ഥിതി നിലനിർത്തി എന്നേയുള്ളൂ. 

അഞ്ചു മാസം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ തന്നെയായിരുന്നു ചേലക്കരയിൽ യുഡിഎഫിന്റെയും, പാലക്കാട് ബിജെപിയുടെയും സ്ഥാനാർത്ഥികൾ എന്ന പ്രത്യേകത കൂടി ഈ ഉപതെരഞ്ഞെടുപ്പുകൾക്കുണ്ട്. ഒരേ സ്ഥാനാർത്ഥികളായിട്ട് പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ നേടിയ വോട്ടുകൾ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും നേടാനായില്ല. അടുത്തടുത്ത് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ ഒരേ സ്ഥലത്ത് ഒരേ ആളുകൾ രണ്ടു തവണയും പരാജയം നേരിട്ട ഒരു പുതിയ റെക്കോഡും ഈ ഉപതെരഞ്ഞെടുപ്പുകളിലൂടെ കുറിക്കപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ യുഡിഎഫിന് ലഭിച്ച 55,195 വോട്ടുകൾ, ഉപതെരഞ്ഞെടുപ്പിൽ 52,696 ആയും പാലക്കാട് ബിജെപിയുടെ 43,072 വോട്ടുകൾ 39,549 ആയും കുറഞ്ഞത് കാണാതെ പോകരുത്. അതേസമയം രണ്ടിടത്തും എൽഡിഎഫ് ഗണ്യമായി വോട്ടു വിഹിതം ഉയർത്തി. പാലക്കാട് മൂന്നാം സ്ഥാനത്ത് തുടർന്നെങ്കിലും രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായുള്ള വ്യത്യാസം വെറും 1.63 ശതമാനം ആയി കുറയ്ക്കുകയും ചെയ്തു. 2021ൽ ഇത് 9.7 ശതമാനമായിരുന്നുവെന്നോർക്കണം.
സത്യസന്ധമായി പരിശോധിക്കുമ്പോൾ അഞ്ചു മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധിയുടെ രീതിയിൽ നിന്നും ജനങ്ങൾ മാറിച്ചിന്തിച്ചു തുടങ്ങി എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാറ്റം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന ചോദ്യത്തിന് 2026ൽ വരാൻ പോകുന്ന ജനവിധിയിലേക്ക് എന്നാണ് ഉത്തരം. 2021ലെ എൽഡി
എഫിന്റെ രണ്ടാമൂഴ വിജയവുമായിട്ടാണ് ഇപ്പോൾ തൽസ്ഥിതി നിലനിർത്തുന്നത്; അഞ്ച് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫ് വിജയവുമായിട്ടല്ല. 2021ൽ രണ്ടാമൂഴം നേടിയപ്പോഴുള്ള എൽഡിഎഫ് വിജയവുമായി ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് ജനവിധി അടുത്ത് നില്‍ക്കുന്നു എന്നർത്ഥം. ഈ സാഹചര്യത്തിലാണ്, വയനാടും പാലക്കാടും ജയിച്ചിട്ടു കാര്യമില്ല ചേലക്കര ജയിച്ചെങ്കിൽ മാത്രമേ യുഡിഎഫിന് രാഷ്ട്രീയ വിജയമുള്ളൂ എന്ന എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തിന് പ്രസക്തി ഏറുന്നത്.
ഇനി പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയം യഥാർത്ഥത്തിൽ യുഡിഎഫിന് മാത്രം അവകാശപ്പെടാനാകുമോ? അവിടെ നടന്ന അന്തർനാടകങ്ങൾ മതേതര കേരളം വളരെ ആശങ്കയോടെയാണ് കാണുന്നത്. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ പ്രീണിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ കസർത്ത് യുഡിഎഫിന് എത്രത്തോളം ഭാവിയിൽ ഗുണം ചെയ്യുമെന്ന് കണ്ടറിയണം. പ്രചരണത്തിനിടയിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും, എസ്ഡിപിഐ തുടങ്ങിയ വർഗീയ ശക്തികളുടെ വോട്ട് തങ്ങൾക്ക് വേണ്ട എന്ന് പറയാൻ യുഡിഎഫ് നേതാക്കൾ തയ്യാറായിരുന്നില്ല. ബിജെപി യിലെ തീവ്ര ഹിന്ദുത്വ വോട്ടുകൾ സമാഹരിക്കുന്നതിലും യുഡിഎഫ് അസാമാന്യ മെയ്‌വഴക്കം കാട്ടി. യുഡിഎഫിന്റെ വിജയത്തിൽ എസ്ഡിപിഐ നടത്തിയ ആഹ്ലാദ പ്രകടനവും ബിജെപി നേതാവ് ശിവരാജന്റെ പ്രതികരണങ്ങളും നൽകുന്ന സന്ദേശം എന്താണ്?
ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോഴാണ് കേരളം എൽഡിഫിന്റെ മൂന്നാമൂഴത്തിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിന് പ്രസക്തിയേറുന്നത്. എല്ലാ ഘടകകക്ഷികളെയും, സ്വയംവിമർശനത്തിലൂടെ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയാൽ 2026ൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് എൽഡിഎഫിന്റെ മൂന്നാം തുടർഭരണം തന്നെയായിരിക്കും. ഈ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന ദിശാസൂചന അതാണ്. 

Exit mobile version