ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങൾ അപകടകരമായ താപനിലയിലേക്കുള്ള ഉയർച്ചയുടെ കാലത്ത് അതീവ നിർണായകമാണ്. ഇപ്പോൾ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമാണ് എന്നതിനാൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ആഗോള സർവേകളനുസരിച്ച്, ഭൂരിഭാഗം ഇന്ത്യക്കാരും കാലാവസ്ഥാ വ്യതിയാനം ഒരു ഭീഷണിയായി തിരിച്ചറിയുന്നു. ഗ്യാലപ് ഡാറ്റയും ലോയ്ഡ് രജിസ്റ്റർ ഫൗണ്ടേഷൻ വേൾഡ് റിസ്ക് ഫൗണ്ടേഷൻ ഡാറ്റയും കാണിക്കുന്നത്, ഏകദേശം അഞ്ച് ഇന്ത്യക്കാരിൽ മൂന്നുപേരും (62ശതമാനം) അടുത്ത 20 വർഷത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന് ഭീഷണിയായി കരുതുന്നു എന്നാണ് . അതിൽ 37 ശതമാനം ഇതൊരു പ്രധാന ആശങ്കയായും കാണുന്നു. ഇക്കാര്യം മനസിലാക്കിയിരിക്കാം, ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ മറ്റ് വാഗ്ദാനങ്ങൾക്കൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥയും പരിസ്ഥിതിയും പ്രചരണത്തിൽ പരസ്യമായി ഇടംപിടിക്കുന്നില്ലെങ്കിലും, വോട്ടർമാരിൽ വലിയൊരു വിഭാഗം വരുന്ന യുവതലമുറയ്ക്ക് കാലാവസ്ഥാ പ്രശ്നം ഒരു പ്രധാന ആശങ്കയാണെന്ന് പാർട്ടികൾ മനസിലാക്കുന്നു.
ശുദ്ധവായു, വെള്ളം, മാലിന്യ സംസ്കരണം, ശുദ്ധമായ ഊർജം തുടങ്ങിയ വിഷയങ്ങൾ പ്രകടന പത്രികകളിൽ പരാമർശിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, ജലം, പുനരുപയോഗ ഊർജ സംക്രമണം, ആദിവാസി ക്ഷേമം, അവകാശങ്ങൾ എന്നിവയിലെ മുൻ പദ്ധതികളുടെ വിപുലീകരണമാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്. എന്നാൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളുടെ പിൻബലമുണ്ടോ എന്നതാണ് നമ്മൾ അന്വേഷിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തെ ദുർബലപ്പെടുത്തിയ വനസംരക്ഷണ (ഭേദഗതി) ബിൽ 2023, ജൈവവൈവിധ്യ (ഭേദഗതി) ബിൽ 2023 തുടങ്ങിയ വിവാദപരമായ പാരിസ്ഥിതിക നിയമങ്ങൾ കഴിഞ്ഞ ദശകത്തിൽ സർക്കാർ പാസാക്കി. പുതിയ ഗ്രീൻ ക്രെഡിറ്റ്സ് പ്രോഗ്രാമിലൂടെ, ഖനന പ്രവർത്തനങ്ങൾക്കും വ്യാവസായിക വിപുലീകരണത്തിനും വനം തരംമാറ്റുന്നതിന് കമ്പനികൾക്ക് എളുപ്പമാർഗമൊരുക്കുകയും പ്രകൃതിദത്ത വനത്തിന്റെ സങ്കീർണമായ ജൈവവൈവിധ്യത്തിന് അർഹമായ നഷ്ടപരിഹാര സാധ്യതപോലും ഇല്ലാതാക്കുകയും ചെയ്തു. കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തെക്കേ അറ്റത്ത് ഒരു മെഗാ പദ്ധതിക്ക് അംഗീകാരം നൽകിയത് അഭൂതപൂർവമായ തിടുക്കത്തിലാണ്. ഇത് ഉഷ്ണമേഖലാ മഴക്കാടുകളുടെ ഒരു വലിയ ഭാഗം നശിപ്പിക്കുകയും പവിഴപ്പുറ്റുകളുടെ ശേഖരം ഇല്ലാതാക്കുകയും ചെയ്യും. ആദിവാസി ജനതയുടെ അവകാശങ്ങളെയും ബാധിക്കും.
ഇതുകൂടി വായിക്കൂ: ചില ചെറിയ വലിയ കാര്യങ്ങള്‍
തെരഞ്ഞെടുപ്പ് കമ്മിഷൻ പുതുതായി പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന വ്യവസായത്തിലെ വൻകിടകൾ — ഊർജം മുതൽ പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന വ്യവസായം വരെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ചരിത്രമുള്ളവർ — ദശലക്ഷക്കണക്കിന് രൂപ അജ്ഞാത സംഭാവനകളായി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട് എന്നാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായത് ബിജെപിയാണ്. 2029 ഓടെ 60 നഗരങ്ങളിൽ വായു ഗുണനിലവാരം നിലനിർത്താൻ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (എൻസിഎപി) നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി ആവർത്തിച്ചു. ആഗോളതലത്തിൽത്തന്നെ ഏറ്റവും മോശം അവസ്ഥയിലായ രാജ്യത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കോൺഗ്രസും പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയ‑സംസ്ഥാന തലങ്ങളിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു റെഗുലേറ്ററി ബോഡി — സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ വ്യതിയാന അതോറിട്ടി — രൂപീകരിക്കാൻ ഇത് പദ്ധതിയിടുന്നു.
ഡൽഹിയിലെ വായുവിന്റെ നിലവാരത്തകർച്ച കാണിക്കുന്നത് അടിസ്ഥാനതലത്തിൽ പാരിസ്ഥിതിക മലിനീകരണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ്. ഭൂരിഭാഗം കൽക്കരി വൈദ്യുത നിലയങ്ങളിലും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഫിൽട്ടർ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഐഐടി ഹൈദരാബാദ് നടത്തിയ ഒരു ഗവേഷണം കാണിക്കുന്നത് വൈദ്യുത നിലയങ്ങൾ വൃത്തിയാക്കിയിരുന്നെങ്കിൽ 10 വർഷത്തിനുള്ളിൽ 7,20,000 നേരത്തെയുള്ള മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ്. സർക്കാർ ദേശീയ ശുദ്ധവായു പരിപാടിയിൽ വാഹനങ്ങളുടെ പുക, പൊടി, ജൈവവസ്തുക്കൾ/മാലിന്യങ്ങൾ കത്തിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ മലിനീകരണ സ്രോതസുകൾ കണ്ടെത്തുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, പ്രധാന ഉറവിടമായ കൽക്കരി വൈദ്യുത നിലയങ്ങളെ അവഗണിച്ചു.
സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത വനസംരക്ഷണ (ഭേദഗതി) നിയമം 2023 (എഫ്‌സിഎഎ) പോലുള്ള ബിജെപി പാസാക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഖനനത്തിനും റോഡുകൾക്കുമായി വനഭൂമി വഴിതിരിച്ചുവിടാൻ സഹായിക്കുന്ന നിയമസാധുത എഫ്‌സിഎഎ നൽകുന്നു. ഹരിതവൽക്കരണ ഫണ്ട് രൂപീകരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 2008ലെ ദേശീയ കർമ്മ പദ്ധതിയായ ദേശീയ കാലാവസ്ഥാ പ്രതിരോധ വികസന ദൗത്യം നടപ്പിലാക്കാനും നടപടിയെടുക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന വികസനം എന്ന പേരിൽ വിവിധ പദ്ധതികൾക്ക് നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങളെ പലപ്പോഴും നേർപ്പിക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്. ആത്മീയ’ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തരാഖണ്ഡ് പർവതനിരകളിലെ ചാർ ധാം റോഡ് വീതി കൂട്ടൽ പദ്ധതിക്ക് അനുമതി നൽകിയത് അത്തരത്തിലൊന്നാണ്.
ഒരുകാലത്ത് കാർഷികാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ, അനിയന്ത്രിതമായ വിനോദസഞ്ചാരത്തിലേക്ക് മാറി. കാർഷിക, വനഭൂമികൾ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കുമായി പരിവർത്തിപ്പിച്ചു. ലഡാക്ക് മുതൽ ഉത്തരാഖണ്ഡ്-ഹിമാലയം വരെ പരിസ്ഥിതിദുരന്തം നിരന്തരം സംഭവിക്കുന്നു. ബിജെപി മുൻ പ്രകടനപത്രികയിൽ ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിൽ വനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിത ബോണസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പാലിക്കാൻ ഒന്നും ചെയ്തില്ല. രാജ്യം ഒരു ജലപ്രതിസന്ധിയുടെ പിടിയിലാണ്. അഭൂതപൂർവമായ ജലക്ഷാമമുള്ള ബംഗളൂരു പോലുള്ള നഗരങ്ങൾ വരുംവർഷങ്ങൾ എന്തായിരിക്കുമെന്ന് നമ്മോട് പറയുന്നു. ഈ സാഹചര്യം ഭൂഗർഭ ജലസ്രോതസുകൾ നികത്തേണ്ടതിന്റെ ആവശ്യകതയും യുദ്ധകാലാടിസ്ഥാനത്തിൽ നദികൾ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും അടിവരയിടുന്നു.
2022ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 30 സംസ്ഥാനങ്ങളിലായി 279 നദികളിൽ 311 മലിനകേന്ദ്രങ്ങൾ കണ്ടെത്തി. 2019ൽ പുറത്തിറക്കിയ പ്രകടന പത്രികയിൽ ഇന്ത്യൻ നദികൾ ശുചീകരിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടും, 2014 മുതൽ 33,000 കോടി രൂപ ചെലവഴിച്ചുവെന്ന് അവകാശപ്പെട്ടിട്ടും ഗംഗയുടെ ഏതാനും ഭാഗങ്ങളിലൊഴികെ ആ നദിയെ പോലും ശുദ്ധീകരിക്കാൻ ഇന്ത്യൻ സർക്കാരിന് കഴിഞ്ഞില്ല. വിന്യസിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ പോലും ഉയർന്ന അളവിലുള്ള മലിനീകരണം നേരിടാൻ വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്. 2022ൽ പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യക്ക് ഏറ്റവും താഴ്ന്ന റാങ്കിങ്ങാണ് (180) ലഭിച്ചത്. വേൾഡ് ഇക്കണോമിക് ഫോറം, യൂറോപ്യൻ കമ്മിഷൻ എന്നിവയുടെ സഹകരണത്തോടെ യേൽ യൂണിവേഴ്സിറ്റിയും കൊളംബിയ യൂണിവേഴ്സിറ്റിയും ചേർന്നാണ് റാങ്കിങ് നടത്തിയത്. സ്വിസ് ആസ്ഥാനമായുള്ള ഇഎ എർത്ത് ആക്ഷൻ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് 60 ശതമാനം തെറ്റായ പ്ലാസ്റ്റിക് മാലിന്യത്തിന് ഉത്തരവാദികളായ 12 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നുവെന്ന് വെളിപ്പെടുത്തുന്നു.
കാലാവസ്ഥയെക്കുറിച്ചുള്ള വിവിധ അന്താരാഷ്ട്ര യോഗങ്ങളിൽ, സീറോ കാർബണ്‍ ലക്ഷ്യം 2070 ആണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ പ്രതിബദ്ധതകൾ നിറവേറ്റാനുള്ള പാതയിലാണോ നമ്മൾ? പുനരുപയോഗ ഊർജത്തിൽ, പ്രത്യേകിച്ച് സൗരോർജത്തിൽ നാമമാത്രമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, പെട്രോളിയം, കൽക്കരി അധിഷ്ഠിത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൽ ഇന്ത്യ ഇതുവരെ ഒരു മുന്നേറ്റവും നടത്തിയിട്ടില്ല. ഈ വിഭവങ്ങളോടുള്ള ആശ്രിതത്വം വർധിച്ചു. 600 അറുനൂറ് കൽക്കരി നിലയങ്ങൾ രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനത്തിലധികം ഉല്പാദിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, മാർച്ച് 21ലെ വിധിയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിൽ നിന്ന് മോചനം നേടാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. പാരിസ്ഥിതിക പ്രതിസന്ധി ഒഴിവാക്കാൻ, പാർട്ടികൾ പ്രകടനപത്രികയിൽ പച്ചക്കള്ളം പറയുകയല്ല, പ്രത്യക്ഷമായ നടപടിയാണ് വേണ്ടത്.
(ദി വയർ)