Site iconSite icon Janayugom Online

അംബേദ്കറില്‍ നിന്ന് സവര്‍ക്കറിലേക്ക്

ഭരണഘടനാ ശില്പി ഡോ. ഭീം റാവു അംബേദ്കറിന്റെ പേര് മാറ്റിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവുണ്ടായത് 2017ലാണ്. ഭീം റാവു അംബേദ്കര്‍ എന്നതിന്റെ മധ്യത്തില്‍ റാംജി എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ രേഖകളിലും അംബേദ്കറുടെ പേര് ഭീം റാവു റാംജി അംബേദ്കര്‍ ​എന്നാക്കി. ഭീം റാവു എന്നത് ‘റാംജി‘യെന്ന സവര്‍ണസംജ്ഞയിലേക്ക് പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ഈ വിഷയം അന്ന് വേണ്ടത്ര ഗൗരവമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. ഇതേ സംഘ്പരിവാര്‍ സര്‍ക്കാര്‍ 50 കോടി ചെലവില്‍ ഡോ. അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ 2022ല്‍ പദ്ധതിയിട്ടു. ജൂണ്‍ 28ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തറക്കല്ലിട്ടു. ‘ഭരണഘടനാ ശില്പിയായ അംബേദ്കർ വിഭാവനം ചെയ്ത ഇന്ത്യയാണ് പുതിയ ഇന്ത്യ’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു മന്‍കീ ബാത്തില്‍ വിളംബരം ചെയ്തു. സംഘ്പരിവാര്‍ ഭരണാധികാരികള്‍ അംബേദ്കറെ ബഹുമാനിക്കാന്‍ ചെയ്യുന്ന ധാര്‍മ്മികതയായിരുന്നു ഇതെല്ലാം എന്ന് വിശ്വസിക്കാനാകുമോ?. ഇല്ല എന്ന് അടിവരയിടുന്നതാണ് ഏറ്റവുമൊടുവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ സിലബസില്‍ നിന്ന് അംബേദ്കര്‍ ചിന്തകള്‍ ഒഴിവാക്കിയ നടപടി. ബിഎ ഫിലോസഫി കോഴ്‌സിൽ നിന്ന് അംബേദ്കറുടെ ഭാ​ഗം ഒഴിവാക്കാന്‍ മേയ് എട്ടിനാണ് സര്‍വകലാശാല സ്റ്റാന്റിങ് കമ്മിറ്റി നിർദേശിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020 അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി അവലോകനത്തിന്റെ ഭാഗമായാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ നിർദേശം. ഈ റിപ്പോര്‍ട്ട് പുറത്തായതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. അംബേദ്കർ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെ പ്രതിനിധിയാണെന്നും നിർദേശം അംഗീകരിക്കില്ലെന്നും ഫിലോസഫി വിഭാഗം കരിക്കുലം കമ്മിറ്റി തന്നെ നിലപാടെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ 12ന് നടന്ന ബിരുദ, ബിരുദാനന്തര കരിക്കുലം കമ്മിറ്റി യോഗം ഇത് ചർച്ചചെയ്തുവെന്നും എന്നാല്‍ ഇതുവരെ കോഴ്സിൽ മാറ്റംവരുത്തിയിട്ടില്ലെന്നും അക്കാദമിക് കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഉന്നതാധികാര സമിതിയായ അക്കാദമിക് കൗൺസിലാണെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണും കോളജ് ഡീനുമായ ബൽറാം പാണി പറഞ്ഞു.

 


ഇതുകൂടി വായിക്കു;  അങ്ങനെ അവര്‍ക്ക് ചെങ്കോലും ആയി…


അംബേദ്കറെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ വിവാദം കെട്ടടങ്ങും മുമ്പ് മറ്റാെരു വിവാദം കൂടി ഉയര്‍ന്നിരിക്കുന്നു. ‘സാരെ ജഹാന്‍ സെ അച്ചാ’ എന്ന ഗീതത്തിന്റെ രചയിതാവ് അല്ലാമ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരിക്കുന്നു. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആധുനിക രാഷ്ട്രീയചിന്ത എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്. അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം പരിഗണിക്കുന്ന എക്സിക്യൂട്ടീവ് കൗണ്‍സിലാണ് അവസാനതീരുമാനം എടുക്കേണ്ടത്. ‘ഇന്ത്യയെ ഭിന്നിപ്പിക്കാൻ അടിത്തറയിട്ടവർ സിലബസിൽ ഉണ്ടാകരുത്’ എന്നാണ് വൈസ് ചാൻസലർ യോഗേഷ് സിങ് ഒഴിവാക്കലിനെ കുറിച്ച് പ്രതികരിച്ചത്. 1877ൽ അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിൽ ജനിച്ച കവിയാണ് ഇഖ്ബാൽ. എന്‍സിഇആര്‍ടിയുടെ സ്കൂള്‍ സിലബസില്‍ നിന്ന് ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനു പിന്നാലെയാണ് ഡല്‍ഹി സര്‍വകലാശാല അംബേദ്കറെയും ഇഖ്ബാലിനെയും ഒഴിവാക്കുന്നത്. ഇതിന്റെ രാഷ്ട്രീയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയപാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതിന്റെ രാഷ്ട്രീയവും ഒന്നുതന്നെയാണ്.
ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്ന ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്‍ക്കറുടെ ജന്മദിനമായ മേയ് 28 ആണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സവര്‍ക്കറെ അകത്താക്കുകയും ഗാന്ധിജിയെയും അംബേദ്കറെയും പുറത്താക്കുകയും ചെയ്യുക എന്നത് ഭൂരിപക്ഷ വര്‍ഗരാഷ്ട്രീയത്തിന്റെ വക്താക്കളുടെ ലക്ഷ്യമാണ്. കേന്ദ്രസര്‍ക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ദളിത്-ന്യൂനപക്ഷ‑പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നത് ഇന്ന് വാര്‍ത്തയേയല്ല. കേന്ദ്രമന്ത്രിസഭയിലെ ന്യൂനപക്ഷ‑ദളിത് പ്രാതിനിധ്യവും ഗവര്‍ണര്‍മാരുടെ പട്ടികയും മാത്രം പരിശോധിച്ചാല്‍ മതി. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ കൂട്ടത്തിലും അധഃസ്ഥിത‑ന്യൂനപക്ഷ ഗണത്തിലുള്ളവര്‍ ഇല്ലെന്നുള്ളത് ലാഘവത്തോടെ കാണേണ്ട കാര്യമല്ല.

 


ഇതുകൂടി വായിക്കു;  പാർലമെന്റ് മന്ദിരം ഉദ്ഘാടനം; എന്തുകൊണ്ട് രാഷ്ട്രപതി വേണം


 

സാമൂഹ്യ വിവേചനം, ദളിതുകളെ പുറന്തള്ളൽ, അംബേദ്കർ ആശയങ്ങൾ തുടങ്ങിയവ പഠിപ്പിക്കുന്നതിന് സർവകലാശാലാ ഗവേഷണ കേന്ദ്രങ്ങളിലൂടെ നൽകിയിരുന്ന ഫണ്ടുകൾ 2017ല്‍ കേന്ദ്ര സർക്കാർ നിര്‍ത്തലാക്കി. 11-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച ഈ കേന്ദ്രങ്ങൾക്ക് ഫണ്ട് അനുവദിച്ചിരുന്നത് യുജിസി വഴിയായിരുന്നു. ഇത്തരം കേന്ദ്രങ്ങൾ അടച്ചൂ പൂട്ടാന്‍ തീരുമാനിച്ച സർക്കാർ തന്നെ വേദം പഠിപ്പിക്കുന്നതിന് ഫണ്ടുകൾ നല്കുകയും ചെയ്യുന്നുവെന്നതാണ് ഇക്കാര്യത്തിലെ വൈരുധ്യം. അംബേദ്കറെ സവര്‍ക്കറിയന്‍ അനുയായികള്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുകയാണ്. ഭീതിയൊഴിവാക്കാനാണവര്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ തമസ്കരിക്കാന്‍ ശ്രമിക്കുന്നത്. “ഹിന്ദുയിസം ആളുകളെ അടിമകളാക്കുന്ന പൈശാചികമായ ഒരു ഉപജാപക സംഘമാണ്” എന്നാണ് അംബേദ്‌കർ പറഞ്ഞിട്ടുള്ളത്. “ഹിന്ദുക്കൾ ആഫ്രിക്കൻ പിഗ്മികളുടെ വംശമാണ്. ഭേദപ്പെട്ട ഒരു ഹിന്ദുവും, ഒട്ടും നിലവാരമില്ലാത്ത ഒരു ഹിന്ദുവും ഉണ്ടായിരിക്കാം, എന്നാൽ ഒരു നല്ല ഹിന്ദു ഉണ്ടാകില്ല” എന്നും അംബേദ്‌കർ പറഞ്ഞു. 1948ൽ ഭരണഘടനാ നിർമ്മാണസഭയിൽ നടത്തിയ പ്രസംഗത്തിൽ അംബേദ്‌കർ പറഞ്ഞത് “ഇന്ത്യയിലെ ന്യൂനപക്ഷം അവരുടെ ഭരണം പൂർണമായും ഭൂരിപക്ഷത്തിന്റെ കയ്യിലേല്പിച്ചിരിക്കുകയാണ്. അവർ പൂർണമായും ഭൂരിപക്ഷഭരണത്തിന് വഴങ്ങുകയാണ്. അത് രാഷ്ട്രീയ ഭൂരിപക്ഷമല്ല, വർഗീയമായ ഭൂരിപക്ഷമാണ്. ഇവിടെ ഭൂരിപക്ഷം മനസിലാക്കേണ്ട ഒന്നുണ്ട്, ഒരുതരത്തിലും ന്യൂനപക്ഷത്തെ വിവേചനത്തോടെ കാണാൻ ശ്രമിക്കരുത്”. “ന്യൂനപക്ഷം ഉഗ്രപ്രഹര ശേഷിയുള്ള വിഭാഗമാണ്, അത് പൊട്ടിത്തെറിച്ചാൽ രാഷ്ട്രത്തിന്റെ എല്ലാ സാമൂഹിക സംവിധാനങ്ങളും ഇല്ലാതാകും” എന്ന ഓര്‍മ്മപ്പെടുത്തലും അംബേദ്കറിന്റെതാണ്.

ഇടക്കാലത്ത് അംബേദ്കറെ സംഘ്പരിവാർ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് വരുതിയിലാക്കി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയായിരുന്നു. ആദിത്യനാഥ് നിര്‍മ്മിച്ച പ്രതിമയും മോഡിയുടെ മന്‍കീ ബാത്തിലെ പുകഴ്ത്തലുമെല്ലാം അതിന്റെ ഭാഗമായിരുന്നു. മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങൾ അംബേദ്കര്‍ ആശയങ്ങളോട് അടുക്കുന്നത് സംഘ്പരിവാറിനെ അസ്വസ്ഥരാക്കിയതാണ് ഒരു കാരണം. ഇന്ത്യയിലെ ‘സമ്മര്‍ദ സംഘങ്ങ’ളായ സംഘടനകൾ, പ്രത്യേകിച്ച് കീഴാള, ദളിത് വിഭാഗങ്ങൾ അബേദ്കര്‍ രാഷ്ട്രീയം തിരിച്ചറിയാൻ തുടങ്ങിയെന്നതും വ്യക്തിത്വരാഷ്ട്രീയത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതും കാരണമായി. ഹിന്ദുത്വവിരുദ്ധതയും മതേതരസ്വത്വവും വച്ചുപുലർത്തുന്ന ഇത്തരം സംഘടനകൾ പലപ്പോഴും ഒരുമിച്ചുപ്രവർത്തിക്കുന്നത് സംഘ്പരിവാറിന് രാഷ്ട്രീയാടിത്തറ നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ അംബേദ്കറെ തങ്ങളും ആരാധിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ പാഴ്ശ്രമം അവര്‍ നടത്തിനോക്കി. പക്ഷെ ഒരുവശത്ത് ആരാധനയും മറുവശത്ത് ഭരണഘടനാനിഷേധവും കാണിക്കുന്ന സംഘ്പരിവാറിന്റെ വികൃതമുഖം ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഹിന്ദുരാഷ്ട്രസ്ഥാപനത്തിന് ദളിതരെക്കൂടി ഹിന്ദുത്വ പരിവേഷം നല്കി ഒപ്പം നിര്‍ത്തണമെന്നും അതിന് അംബേദ്കറെ കാവിവൽക്കരിക്കണമെന്നും ആദ്യമായി പദ്ധതിയിടുന്നത് 1973–94 കാലഘട്ടത്തിൽ ആർഎസ്എസിന്റെ സർ സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസ‌് ആയിരുന്നു. അക്കാലത്താണ് ദളിതർക്കിടയിൽ പ്രവർത്തിക്കാൻ ‘സേവാഭാരതി’ എന്ന സംഘടന ഉടലെടുക്കുന്നത്. ആർഎസ്എസിന്റെ പ്രഭാതപ്രാർത്ഥനയിൽ അംബേദ്കറെ ‘പ്രഥമ സ്മരണീയൻ’ ആക്കി മാറ്റുകയും ചെയ്തു. ദളിത് മധ്യവർഗത്തെ ആകർഷിക്കാൻ ‘സാരസ്ഥമഞ്ച്’ എന്ന സംഘടനയുമുണ്ടാക്കി.
ആർഎസ്എസ് സ്ഥാപകനായ കെ ബി ഹെഡ്ഗെവാറും അംബേദ്കറും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും നിരന്തരം കണ്ടുമുട്ടിയിരുന്നെന്നും പ്രചരിപ്പിച്ചു. വാസ്തവത്തിൽ ഹെഡ്ഗെവാറും സവർക്കറും അംബേദ്കറെ അങ്ങോട്ടുചെന്ന് കാണുകയായിരുന്നു. ഇതേ നുണപ്രചരണമാണ് സംഘ്പരിവാര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.

അംബേദ്‌കർ ഇന്നുണ്ടായിരുന്നെങ്കിൽ ബിജെപിയുടെ ഭ്രാന്തമായ ചെയ്തികളെ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് പരിഹസിച്ചേനെ. കാരണം, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ പരമലക്ഷ്യമെന്ന് അംബേദ്കർ അസന്ദിഗ്ധമായി നിരീക്ഷിച്ചിട്ടുണ്ട്. ‘ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ്’ എന്ന നാസി മുദ്രാവാക്യമാണ് ആർഎസ്എസിന്റേതെന്ന് അദ്ദേഹം തുറന്നെഴുതി. ‘ഹിന്ദുരാജ് യാഥാർത്ഥ്യമായാല്‍ അത് രാജ്യത്തിന് വലിയ വിപത്തായി മാറും. ഹിന്ദുമതവും അതിന്റെ അടിസ്ഥാനമായ ജാതിയും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യവുമായി അതിന് പൊരുത്തപ്പെടാനാകില്ല. എന്തുവില കൊടുത്തും ഹിന്ദുരാജിനെ തടയണം’ എന്നദ്ദേഹം ഉദ്ബോധിപ്പിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങ് നോക്കുക: പ്രാർത്ഥനായോഗം, ശങ്കാരാചാര്യന്മാർ, പ്രമുഖ ഹിന്ദുസന്യാസിമാർ, മതപണ്ഡിതർ തുടങ്ങിയവർ പങ്കെടുക്കുന്നു. ആദിശിവനെയും ആദിശങ്കരനെയും ആരാധിക്കുന്നു. പൂര്‍ണമായും ഒരു മതചടങ്ങിന് സമാനം. ‘ഈ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പുതിയ ജനാധിപത്യ സംവിധാനം അതിന്റെ ഘടന നിലനിർത്തിക്കൊണ്ടുതന്നെ നാളെ സ്വേച്ഛാധിപത്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്’ എന്ന് ഭീംറാവു 1948ൽ നല്കിയ താക്കീതാണ് മോഡിഭരണകൂടത്തിലൂടെ പ്രത്യക്ഷമായത്. ജനാധിപത്യം ഭാവിയില്‍ എന്താകാൻ സാധ്യതയുണ്ട് എന്നാണോ അംബേദ്‌കർ പറഞ്ഞത് അതിലേക്ക് തന്നെയാണ് സംഘ്പരിവാര്‍ രാജ്യത്തെ എത്തിച്ചിരിക്കുന്നത്.

Exit mobile version