Site iconSite icon Janayugom Online

ഭരണം ജനങ്ങളിലേക്കെത്തിക്കണം

വരുന്ന 25 വര്‍ഷക്കാലയളവില്‍ ഇന്ത്യ ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെടുമെന്നാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡി ഭരണകൂടം അവകാശപ്പെടുന്നത്. ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ അവശ്യം വേണ്ടത് അധികാര വികേന്ദ്രീകരണ പ്രക്രിയ ത്വരിതപ്പെടുത്തുക എന്നതാണ്. കേന്ദ്ര ഭരണകൂടം കൈവശം വച്ചിരിക്കുന്ന സാമ്പത്തികാധികാരങ്ങള്‍ ഭരണവ്യവസ്ഥയുടെ താഴെത്തട്ടിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കെെമാറുകയെന്ന നടപടിയാണ് ഇവിടെ പ്രസക്തിയാര്‍ജിക്കുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇത്തരമൊരു മാര്‍ഗമാണ് സ്വീകരിക്കുന്നത്. കേരള സംസ്ഥാനവും സമാനമായൊരു പരിഷ്കാരത്തിന് ‘ജനകീയാസൂത്രണം’ എന്ന പ്രക്രിയയിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പരിശ്രമം തുടങ്ങിയിരുന്നു. ‘അധികാരം ജനങ്ങളിലേക്ക്’ എന്ന് അക്കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യം ഇന്നും പ്രസക്തമാണ്. ആന്തര ഘടനാ വികസന പദ്ധതികളോടൊപ്പം നടപ്പാക്കാന്‍ ഏതു ജനാധിപത്യ ഭരണകൂടത്തിനും ബാധ്യതയുള്ള മേഖലകളാണ് പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിയമവാഴ്ച, ശുദ്ധജല വിതരണം തുടങ്ങിയവ. ഈ മേഖലകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് അവയുടെ ചുമതല തദ്ദേശ ഭരണസ്ഥാപനങ്ങളെ ഏല്പിക്കുന്നതാവും നന്നാവുക. രാഷ്ട്രീയവും ഭരണപരവുമായ അധികാരങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ അതിനാവശ്യമായ സാമ്പത്തികാധികാരങ്ങള്‍ കൂടി ഉറപ്പാക്കിയേ തീരൂ. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതും മറ്റൊന്നല്ല. ഡോ. ബി ആര്‍ അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്പികള്‍ പ്രാമുഖ്യം നല്കി ഉള്‍ക്കൊള്ളിച്ചിരുന്ന നിര്‍ദേശക തത്വങ്ങള്‍ ഇതിനനുസൃതമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഓരോ അഞ്ചു വര്‍ഷത്തിലും കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ സമഗ്രമായ പഠനത്തിനും വിലയിരുത്തലിനും വിധേയമാക്കുന്നതിന് ധനകാര്യ കമ്മിഷന്‍ എന്ന സംവിധാനത്തിന് രൂപം നല്കിയത്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ഈ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥവുമാണ്. നിലവിലുള്ള കേന്ദ്ര–സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും അധികാരങ്ങളും 15-ാം ധനകാര്യ കമ്മിഷന്റെ തീരുമാനങ്ങള്‍ക്കനുസൃതമായുള്ളതുമാണ്.

 


ഇതുകൂടി വായിക്കു; കേന്ദ്രത്തിന്റേത് ശത്രുരാജ്യത്തോടുള്ള സമീപനം


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ദേശീയ–സംസ്ഥാന തലങ്ങളില്‍ വികസനാവശ്യങ്ങള്‍ക്കായി മൊത്തം 60 ശതമാനമാണ് ചെലവിടുന്നത്. മറ്റു രാജ്യങ്ങളുടേതുമായി തട്ടിച്ചുനോക്കിയാല്‍ ഇത് വളരെ ഉയര്‍ന്നതാണ്. 14-ാം ധനക്കമ്മിഷന്‍ സംസ്ഥാനങ്ങളുടെ ചെലവിലേക്കായുള്ള കേന്ദ്ര വിഹിതം മൊത്തം വരുമാനത്തിന്റെ 10 ശതമാനം ഉയര്‍ത്തി 42 ശതമാനത്തിലെത്തിച്ചിരുന്നു. 15-ാം ധനക്കമ്മിഷന്‍ ഈ ഓഹരി തുകകളില്‍ നേരിയ മാറ്റം വരുത്തി. കാരണം, അപ്പോഴേക്ക് ജമ്മു കശ്മീര്‍ ഒരു കേന്ദ്ര ഭരണപ്രദേശമെന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി സംസ്ഥാന വിഹിതം ഒരു ശതമാനം കുറച്ച് 41 ശതമാനമായി മാറ്റുകയായിരുന്നു. പുതിയ പദവിയിലെത്തിയ കശ്മീരിന് ഒരു ശതമാനം വിഹിതത്തിന് അര്‍ഹത കിട്ടുകയും ചെയ്തു. ഇത്തരമൊരു പാശ്ചാത്തലത്തിലാണ് 2013–14ല്‍ സംസ്ഥാനങ്ങള്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും കൈമാറേണ്ട കേന്ദ്ര നികുതി വരുമാനത്തിന്റെ വിഹിതം 50 ശതമാനമായിരുന്നത് 60 ശതമാനത്തോളമായി ഉയര്‍ന്നത്. മാത്രമല്ല, ഫെഡറല്‍സംവിധാനം നിലവിലുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ബ്രസീലിന്റെത് 50 ശതമാനമാണെങ്കില്‍ ജര്‍മ്മനിയുടെത് 46 ശതമാനവും യുഎസിന്റെത് 40 ശതമാനവും ഇന്തോനേഷ്യയുടെ വിഹിതം വെറും 35 ശതമാനവുമാണ്. ഇന്ത്യയുടേതിനെക്കാള്‍ ഉയര്‍ന്ന ഓഹരിക്കൈമാറ്റം, സംസ്ഥാനങ്ങളിലേക്ക് നടക്കുന്നത് 70 ശതമാനം എന്ന നിലയില്‍ കാനഡയിലും ചൈനയിലും മാത്രമാണ്. 14-ാം ധനക്കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം 42 ശതമാനമായി ഉയര്‍ത്തി എന്നതുകൊണ്ടു മാത്രം കാര്യമായില്ല. സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം നില്ക്കുന്ന യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര തുടങ്ങിയ സാമാന്യം തരക്കേടില്ലാത്ത സാമ്പത്തിക വികസന നിലവാരത്തിലെത്തിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വിഹിതം വര്‍ധിച്ചതുകൊണ്ട് പ്രത്യേക നേട്ടമൊന്നും ഉണ്ടാകണമെന്നില്ല. വര്‍ധനവ് ഗുണകരമാകണമെന്നുണ്ടെങ്കില്‍ അതിന്റെ ഗുണം താഴേത്തട്ടിലേക്ക്-ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളിലേക്ക് എത്തുകതന്നെ വേണം. ഈ പ്രക്രിയ പലപ്പോഴും നടക്കാറില്ലെന്നതാണ് അനുഭവം. അതേസമയം 14-ാം ധനക്കമ്മിഷന്റെ ശുപാര്‍ശയില്‍ നിന്നും പുറകോട്ടു പോവുക സാധ്യമല്ല. 15-ാം ധനക്കമ്മിഷന്‍ അത് ഒരു തത്വമെന്ന നിലയില്‍ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണല്ലോ. പ്രതിസന്ധി മറികടക്കാനുള്ള ഏക മാര്‍ഗം മറ്റേതെങ്കിലും വിധേന കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. ഇങ്ങനെ അധികാരക്കൈമാറ്റം നടക്കാതിരുന്നാല്‍ മോഡി ഭരണകൂടം സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയമോ, സ്വച്ഛ് ഭാരത് അഭിയാനോ സ്മാര്‍ട്ട് സിറ്റി പദ്ധതിയോ എല്ലാം വെറും കടലാസ് പദ്ധതികളായി അവശേഷിക്കുകയേയുള്ളു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വന്തം പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തിനെത്തുക അസാധ്യമായിരിക്കും.

 


ഇതുകൂടി വായിക്കു; അംബേദ്കറില്‍ നിന്ന് സവര്‍ക്കറിലേക്ക്


 

വിദ്യാഭ്യാസ മേഖലയുടെ കാര്യമെടുക്കാം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുന്നതിലേക്ക് കൂടുതല്‍ അധ്യാപകരെ നിയോഗിക്കുകയും അവരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക മാത്രമല്ല, പരിഷ്കാരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തുന്നത് മോണിറ്ററിങ് നടത്തുന്നതിനും അധ്യാപകര്‍ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനങ്ങള്‍ ഒരുക്കണം. ഇതിലേക്ക് വേണ്ടിവരുന്ന ഭാരിച്ച ചെലവ് ഏതു ഏജന്‍സിക്കാണ് ഏറ്റെടുക്കാന്‍ കഴിയുക എന്നത് പ്രശ്നമാണ്. സമാനമായ പ്രതിസന്ധികളായിരിക്കും പ്രാഥമികാരോഗ്യ മേഖലയിലും ഭരണനിര്‍വഹണ മേഖലയിലും അഭിമുഖീകരിക്കേണ്ടിവരുക.  ഇതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ നാം തിരിച്ചറിയേണ്ടൊരു യാഥാര്‍ത്ഥ്യമുണ്ട്. പ്രാദേശികതല വികസനത്തിനുള്ള കേന്ദ്ര വിഹിതമായി ചെലവാക്കുന്നത് മൊത്തം സര്‍ക്കാര്‍ ചെലവിന്റെ വെറും നാലു ശതമാനം മാത്രമാണ്. വികസിത രാജ്യങ്ങളിലേതിനെ അപേക്ഷിച്ചും അയല്‍രാജ്യമായ ചൈനയെ അപേക്ഷിച്ചും നന്നേക്കുറവാണിത്. വികസിത മുതലാളിത്ത രാജ്യങ്ങളിലും ചൈനയിലും തദ്ദേശ ഭരണകൂടങ്ങള്‍ക്കായി നീക്കിവയ്ക്കപ്പെടുന്നത് മൊത്തം കേന്ദ്ര ചെലവിന്റെ 50 ശതമാനം വരെയാണ്. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങള്‍ ചെലവാക്കുന്നത് 23.2 ശതമാനമാണെങ്കില്‍ കാനഡ 21 ശതമാനം, യുഎസ് 29 ശതമാനം എന്നിങ്ങനെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ശരാശരി 12.7 ശതമാനം നിരക്കിലും നല്കുന്നു. 2047 ആകുന്നതോടെ ഒരു വികസിത സമ്പദ്‌‌വ്യവസ്ഥയായി രൂപാന്തരപ്പെടുമെന്ന അവകാശവാദം ആവര്‍ത്തിച്ചുയരുന്ന സാഹചര്യത്തിലും മോഡി സര്‍ക്കാരിന്റെ കാലാവധി ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന സാഹചര്യത്തിലും ഉടനടി കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിഭവക്കെെമാറ്റവും അധികാരക്കൈമാറ്റവും നടക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. മറിച്ചാണെങ്കില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍‍ മോഡി സര്‍ക്കാരിനും എന്‍ഡിഎക്കും കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക എന്നതില്‍ സംശയമില്ല സ്വന്തംനിലയില്‍ അധികവിഭവ സമാഹരണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും വേണം.

സ്വത്തുനികുതി, യൂസര്‍ഫീസ് തുടങ്ങിയ വരുമാന മാര്‍ഗങ്ങള്‍ക്ക് തുറന്നിട്ടുകൊടുക്കണം. സ്വത്തുനികുതി നമ്മുടെ രാജ്യത്ത് മൊത്തം റവന്യുവിന്റെ 0.5 ശതമാനമാണ്. അതായത് ജിഡിപിയുടെ 0.1 ശതമാനം. ഒഇസിഡി രാജ്യങ്ങള്‍ ശരാശരി സ്വത്തുനികുതിയായി സമാഹരിക്കുന്നത് മൊത്തം നികുതി വരുമാനത്തിന്റെ 5.6 ശതമാനത്തോളവും ജിഡിപിയുടെ 1.9 ശതമാനവുമാണ്. കൊറിയയാണ് ഒന്നാം സ്ഥാനത്ത്- 15.1 ശതമാനം. യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ 11 മുതല്‍ 12 ശതമാനം വരെയാണെങ്കില്‍ ബ്രിക്സ് രാജ്യ കൂട്ടായ്മയിലെ അംഗമായ ചൈന മൊത്തം റവന്യു വരുമാനത്തിന്റെ 10 ശതമാനം ഈടാക്കുന്നു. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും 4–5 ശതമാനത്തോളമാണ് നികുതി. 15-ാം ധനക്കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി സ്വത്തുനികുതി പരിഗണിക്കപ്പെടണമെന്നായിരുന്നു. ഇതേ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ 16-ാം ധനക്കമ്മിഷനും‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഭവക്കെെമാറ്റം നടത്തുന്നകാര്യം ശുപാര്‍ശ ചെയ്യാവുന്നതാണ്. ഇത്തരമൊരു പ്രക്രിയ ഒറ്റ രാത്രികൊണ്ട് നടക്കില്ല. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഘടനയുടെ പരിമിതി കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നേരിടേണ്ടിവന്നേക്കാം. നിയമപ്രശ്നങ്ങളും തള്ളിക്കളയാന്‍ കഴിയില്ല. അധികാരക്കൈമാറ്റം പൂര്‍ത്തീകരിക്കുന്നതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പുതിയ ചുമതലകള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകകൂടി വേണം. ഇതിലേക്കായി പരിശീലന സംവിധാനങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. ഇതിനുള്ള രൂപരേഖ കാലതാമസമില്ലാതെ തയ്യാറാക്കണം. ഈവിധത്തിലുള്ളൊരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ എന്തുകൊണ്ടും ഉചിതമായ മുന്‍കൈ എടുക്കേണ്ടത് 16-ാം ധനക്കമ്മിഷന്‍ തന്നെയായിരിക്കുകയും വേണം.

Exit mobile version