1936 നവംബർ 12 ന് തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം 86 വർഷങ്ങൾ പിന്നിടുകയാണ്. ആയിരത്താണ്ടുകളായി ഇന്ത്യൻ സമൂഹത്തിൽ നിലനിന്നു പോരുന്ന അയിത്താചാരങ്ങളും ഭൂരിപക്ഷ ജനതയ്ക്കുണ്ടായിരുന്ന അസ്പൃശ്യതയുമാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് ആധാരം. വിളംബരത്തിനു ശേഷവും അവർണർക്ക് ക്ഷേത്ര പ്രവേശനം സാധ്യമായിരുന്നില്ല. ഒരു ദശാബ്ദത്തിനു ശേഷമാണ്, 1947 ജൂൺ 12 ന് ബ്രിട്ടീഷ് മലബാറിലും ഡിസംബർ 20ന് കൊച്ചിയിലും ക്ഷേത്രപ്രവേശന വിളംബരങ്ങൾ നിലവിൽ വന്നത്. ദേശീയ സ്വാതന്ത്ര്യലബ്ധിയോടുകൂടിയാണ് യഥാർത്ഥത്തിൽ കേരളത്തിലെ എല്ലാ വിഭാഗം ഹിന്ദുമത വിശ്വാസികൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നേടാനായത്.
1924 ലെ ഐതിഹാസികവും ത്യാഗോജ്വലവുമായ വൈക്കം സത്യഗ്രഹവും 1931 ൽ നടന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളുമാണ് ക്ഷേത്രപ്രവേശന രാജവിളംബരങ്ങൾക്ക് പ്രേരണയായത്. പിന്നീട് പാലിയത്തും ഇരിങ്ങാലക്കുടയിലുമെല്ലാം നടന്ന സമരങ്ങൾ അയിത്ത നിയമങ്ങൾക്ക് ഒരു പരിധിവരെ അറുതി വരുത്താൻ നിമിത്തമായി. ശ്രീനാരായണഗുരു, വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, വി ടി ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കളും ജനപ്രതിനിധി സഭകളിൽ കുമാരനാശാനും അയ്യന്‍കാളിയും ടി കെ മാധവനുമൊക്കെ നടത്തിയ പോരാട്ടങ്ങളും അവിസ്മരണീയമാണ്.
ഹിന്ദുമത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രമാണമാക്കി മഹാഭൂരിപക്ഷം വരുന്ന സാധാരണ മതവിശ്വാസികൾക്ക് അയിത്തവും അസ്പൃശ്യതയും കല്പിച്ച് വിലക്കുകളേർപ്പെടുത്തി ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തിയിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. മതവിശ്വാസികളെന്ന് നടിക്കുന്ന ഹിന്ദു രാഷ്ട്രവാദികളുടെ അകമ്പടിക്കാരായി വഴിതെറ്റിപ്പോകുന്ന നിഷ്കളങ്കരായ മതവിശ്വാസികൾ ഈ ചരിത്രസത്യം തിരിച്ചറിയാതെ പോകരുത്. അയിത്തം പോലുള്ള നീചമായ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ പാര്‍ശ്വവല്കൃത സമൂഹങ്ങൾ വൻതോതിൽ മതം മാറിയതും ക്ഷേത്രപ്രവേശനത്തിനും വഴി നടക്കാനും വേണ്ടി നടന്ന വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങളുമാണ് രാജഭരണത്തെ ക്ഷേത്രപ്രവേശന വിളംബരത്തിന് നിർബന്ധിതരാക്കിയതെന്ന വസ്തുത വിസ്മരിച്ചുകൂടാ.
ഇതുകൂടി വായിക്കു; അന്ധവിശ്വാസ നിരോധനം: വേണ്ടത് ഫലപ്രദമായ നിയമം
ദേശീയ സ്വാതന്ത്ര്യം എഴുപത്തഞ്ചാണ്ടുകൾ പിന്നിടുമ്പോൾ ക്ഷേത്രപ്രവേശനത്തിന് ജനാധിപത്യപരമായ തുടർച്ച കേരളത്തിലുണ്ടായിട്ടുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടേണ്ട സന്ദർഭമാണിത്. സവർണ വർണ‑ജാതി ബോധവും അതിനു നിദാനമായ പരിഗണനകളും വിലക്കുകളുമാണ് അയിത്തത്തിനടിസ്ഥാനം. അതിനെതിരെ ഉയർന്നുവന്ന ജനാധിപത്യ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കുന്ന പിന്തിരിപ്പൻ ജാത്യാഭിമാന ബോധമാണ് പില്ക്കാലത്ത് കേരളത്തിൽ ബദലായി വളർന്നു വികസിച്ചത്. ജാതി അയിത്ത വിലക്കുകൾക്കെതിരായി വളർന്നു വികസിക്കേണ്ടിയിരുന്ന ജാത്യാതീത ജനാധിപത്യ സമൂഹത്തിനു പകരം ജാത്യാഭിമാന ബോധം സൃഷ്ടിച്ച ജാതിക്കോളനികളായി കേരള സമൂഹം ഇന്ന് വിഭജിക്കപ്പെട്ടിരിക്കയാണ്. എണ്ണിയാലൊടുങ്ങാത്ത ജാതി സംഘടനകളുടെ ആവിർഭാവം കേരളീയ സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിലൂടെയും അയിത്തോച്ചാടന‑സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയും രൂപപ്പെട്ട ജാത്യാതീത ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങളെ അട്ടിമറിച്ച് ജാതി സമൂഹങ്ങളായി കേരളം വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതി വിവേചനത്തിനും അടിമത്വത്തിനും എതിരായ സമരങ്ങളിലൂടെ ഉയർത്തിക്കൊണ്ടുവന്ന സാമൂഹ്യ നീതിബോധത്തെ തകിടം മറിക്കുന്ന ജനാധിപത്യ വിരുദ്ധ ചേരികളായി ജാതിസംഘടനകൾ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച് രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപാധിയാണിന്നവയെല്ലാം. തന്ത്രപൂർവം തട്ടിയുണർത്തിയ ജാത്യാഭിമാന ബോധങ്ങളെ കരുവാക്കി മാറ്റുകയും ജാതി തിരിച്ചുള്ള വോട്ടുബാങ്കുകൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. നവോത്ഥാന മൂല്യങ്ങൾ ഹൈജാക്ക് ചെയ്ത് തന്ത്രപൂർവം രൂപപ്പെടുത്തിയെടുത്ത ജാതിസംഘടനകളെ ഉപാധിയാക്കി ഓരോ ജാതിയിലെയും സമ്പന്നവിഭാഗങ്ങൾ തങ്ങളുടെ സങ്കുചിത അധികാര സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധമായി 1959ൽ നടന്ന വിമോചന സമരം ജാതി-മത രാഷ്ട്രീയ ധ്രുവീകരണത്തിന് മുഖ്യഹേതുവായി മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിനെത്തുടർന്ന് ജാതിസംഘടനകളെ സ്വാധീനത്തിലാക്കി ജാതി-മത വോട്ടുബാങ്കുകളെ തങ്ങൾക്കനുകൂലമാക്കാൻ കഴിയുംവിധം വലത് രാഷ്ട്രീയ ശക്തികൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഭരണ നടപടികളും ആവിഷ്കരിക്കാൻ മത്സരം ആരംഭിച്ചു. കേരളത്തിന്റെ മതേതരമായ ജനാധിപത്യ വികാസമാണ് ഇപ്രകാരം അട്ടിമറിക്കപ്പെട്ടത്. ഫലമാകട്ടെ, നവോത്ഥാന‑സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടു വന്ന മതേതര മൂല്യങ്ങളുടെ ജനാധിപത്യപരമായ സ്വാഭാവിക വളർച്ച നിഷേധിക്കപ്പെട്ടു എന്നതാണ്.
ഇതുകൂടി വായിക്കു; മൗനത്തില്‍ നിന്നും വളരുന്ന അനാചാരങ്ങള്‍
ഈ സാഹചര്യം മൂലമാണ് ക്ഷേത്ര പ്രവേശനത്തിൽ നിന്ന് സ്വാഭാവികമായി വളർന്നു വികസിക്കേണ്ടിയിരുന്ന അവർണരുടെ ശ്രീകോവിൽ പ്രവേശനം ഇന്നും ഫലപ്രാപ്തിയിലെത്താതിരിക്കുന്നത്. സാമ്പത്തിക‑അധികാര താല്പര്യങ്ങൾ മാത്രം മുഖമുദ്രയാക്കിയ ജാതി സംഘടനകൾ ക്ഷേത്ര ശ്രീകോവിലുകളിൽ നിലനിൽക്കുന്ന ജാതിവിലക്കുകളെക്കുറിച്ച് തീർത്തും നിശബ്ദരാണ്. നവോത്ഥാന കാലഘട്ടത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ സാമൂഹ്യ നീതിയുടെ സന്ദേശമുയർത്തി രൂപംകൊണ്ട സംഘടനകൾ പോലും ശ്രീകോവിൽ പ്രവേശന നിഷേധത്തിൽ കൗശലപൂർവം മൗനമവലംബിക്കുകയാണ്. ശബരിമല, ഗുരുവായൂർ തുടങ്ങി സർക്കാർ ദേവസ്വം ബോർഡുകൾ വക ക്ഷേ ത്രങ്ങളിലെ മേൽശാന്തിമാരെ നിയമിക്കുന്നതിന് ഇന്നും യോഗ്യത ബ്രാഹ്മണനായിരിക്കണമെന്നാണ്. കേരളത്തിലെ മഹാക്ഷേത്രങ്ങളിലെവിടെയും അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കാൻ ദേവസ്വം ബോർഡുകൾ പോലും നാളിതുവരെ ശ്രമിച്ചിട്ടില്ല. തന്ത്രവിദ്യ പഠിച്ച എല്ലാ ഹിന്ദുമത വിശ്വാസികൾക്കും മേൽശാന്തിമാരാവാൻ ലഭിക്കേണ്ട അവസരം ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കയാണ്. ഈ പ്രശ്നത്തെ ജനാധിപത്യപരമായി അഭിമുഖീകരിക്കാൻ നിക്ഷിപ്ത താല്പര്യക്കാരായ ജാതിസംഘടനകൾ ഒന്നുപോലും സന്നദ്ധമല്ല എന്നതാണ് യാഥാർത്ഥ്യം.
പൂജാവിധികൾ പഠിച്ച അവർണ സമുദായക്കാരായ ഏതാനും വ്യക്തികൾ കോടതി വിധികളുടെ പിൻബലത്തിൽ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ചില അപ്രധാന ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി നിയമനം നേടിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ചരിത്രത്തിൽ ക്ഷേത്രപ്രവേശനത്തിനുവേണ്ടി പോരാടിയ സമുദായ സംഘടനകൾ ജനാധിപത്യ അവകാശമെന്ന നിലയിൽ ഇന്നും നിഷിദ്ധമായിരിക്കുന്ന അബ്രാഹ്മണരുടെ ശ്രീകോവിൽ പ്രവേശനത്തിനുവേണ്ടി ഒരക്ഷരം ശബ്ദിക്കാൻ സന്നദ്ധമായിട്ടില്ല. ഒരേസമയം ജാത്യാഭിമാനികളായിരിക്കുകയും അതേസമയം നിക്ഷിപ്ത താല്പര്യങ്ങൾ മൂലം സവർണാധിപത്യത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സമുദായ സംഘടനകൾ പിൻതുടരുന്നത്. ഈ വഞ്ചനാപരമായ വസ്തുത വിശ്വാസികൾ തിരിച്ചറിഞ്ഞ്, ജനാധിപത്യപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി പോരാടുവാനും ക്ഷേത്ര ശ്രീകോവിലുകളിലെ ജാതിവിലക്കുകളെ ചെറുത്തു തോല്പിക്കുവാനുമാണ് ക്ഷേത്രപ്രവേശന വിളംബരം പുതിയ കാലത്തിന് നല്കുന്ന ആഹ്വാനം.