Site iconSite icon Janayugom Online

കൊലപാതകങ്ങളിൽ മാത്രമല്ല ദളിത് — ന്യൂനപക്ഷ വേട്ടയിലും യു പി മുന്നില്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനിടയാക്കിയതാണ്. യുപിയിലെ തന്നെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള വിവിധ കക്ഷിനേതാക്കൾ കേന്ദ്ര സർക്കാരിന്റെ തന്നെ വിവിധ സൂചികകളും സ്ഥിതിവിവരക്കണക്കുകളും ചൂണ്ടിക്കാട്ടി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നതുമാണ്. പ്രതിഷേധത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങൾക്ക് ആദിത്യനാഥ് നല്കിയ അഭിമുഖത്തിലും കേരളത്തിലെ ചില ബിജെപി നേതാക്കളും കേരളത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചുനില്ക്കുകയാണ് ചെയ്തത്. തന്റെ വാദത്തിന് ഉപോൽബലകമായി ആദിത്യനാഥ് പറഞ്ഞത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുവെന്നും ഉത്തർപ്രദേശിൽ അതില്ലെന്നുമായിരുന്നു. വസ്തുതാപരമായി പരിശോധിച്ചാൽ അത് ശരിയല്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി)യുടെ റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. ഇന്ത്യൻ ശിക്ഷാനിയമ (ഐപിസി) ത്തിന്റെയും പ്രത്യേക — പ്രാദേശിക നിയമ (എസ്എൽഎൽ) ങ്ങളുടെയും വിവിധ വകുപ്പുകൾ പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളിലും ഉത്തർപ്രദേശ് മുന്നിലാണ് എന്ന് എൻസിആർബി റിപ്പോർട്ട് അടിവരയിടുന്നുണ്ട്. അതിൽ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകൾ പ്രത്യേകമായി പരിശോധിച്ചാലും യുപിക്ക് കേരളത്തിന് പിറകിലായിരിക്കില്ല സ്ഥാനമെന്നതും യാഥാർത്ഥ്യമാണ്.

രാഷ്ട്രീയ കൊലപാതകങ്ങൾ കുറവാണ് എന്ന വാദം അതുകൊണ്ടുതന്നെ അവാസ്തവമാണ്. മാത്രവുമല്ല രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം തന്നെ ഉത്തർപ്രദേശിൽ നഗ്നമായ ന്യൂനപക്ഷവേട്ടയും ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുമാണ് കൂടുതലായി നടക്കുന്നത്. അതിന്റെ ഉദാഹരണങ്ങളായി നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുകയാണ്. അതിലൊന്ന് രാജ്യത്തെ ജയിലുകളുടെയും തടവുകാരുടെയും ദേശീയാടിസ്ഥാനത്തിലുള്ള കണക്കുകളാണ്. കേന്ദ്ര സർക്കാരിന്റെ എൻസിആർബിയുടെ തന്നെ റിപ്പോർട്ടാണിത്. ഇതുപ്രകാരം 2020 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള തടവുകാരുടെ എണ്ണ (4,88,511) ത്തിൽ 22 ശതമാന(1,07,395)വും യുപിയിലാണ്. രണ്ടാമത് ബിഹാറും മൂന്നാമത് മധ്യപ്രദേശുമാണ്. യുപിയിലെ ജയിലുകളിൽ പാർപ്പിക്കാവുന്നവരുടെ എണ്ണത്തെക്കാൾ 177 ശതമാനം പേരാണ് ഇവിടെ കൂടുതലായുള്ളത്. 60,685 പേരെ പാർപ്പിക്കുവാൻ പറ്റുന്ന ജയിലുകളിൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ 1,07,395 അന്തേവാസികളാണുള്ളത്. 7321 പേരെ പാർപ്പിക്കുവാൻ ശേഷിയുള്ള കേരളത്തിലെ ജയിലുകളിൽ 6049 പേരാ(82.6ശതമാനം)ണ്. യുപിയിലെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 11,487 പേരാണെങ്കിൽ കേരളത്തിൽ 2,127 പേരാണ് (ജനസംഖ്യാനുപാതത്തിലുള്ള ഏറ്റക്കുറച്ചിലുകൾ കാണാമെങ്കിലും ഇത്രയും വലിയ വ്യത്യാസത്തിനു കാരണം യുപിയിലെ ക്രമസമാധാനപാലനത്തിലെ പ്രശ്നങ്ങൾ തന്നെയാണ്). യുപിയിലെ വിവിധ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണം 80,557 ആണെങ്കിൽ കേരളത്തിൽ അത് 3,569 മാത്രമാണ്. അതിനർത്ഥം കുറ്റപത്രംപോലും നല്കാതെ 80,000ത്തിലധികം പേർ യുപിയിലെ ജയിലുകളിൽ കഴിയുന്നുവെന്നാണ്. രണ്ടുവർഷത്തിനിടെ അയ്യായിരം പേരുടെ വർധനയാണ് ഉത്തർപ്രദേശിൽ വിചാരണ തടവുകാരുടെ എണ്ണത്തിലുണ്ടായത് (2018ൽ 75,206 ആയിരുന്നത് 2020ൽ 80,577 ആയി വർധിച്ചു). പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിൽ നില്‍ക്കുന്നതും യുപി തന്നെയാണെന്ന് എൻസിആർബി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ 2020ൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരായ 50,291 അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തതിൽ 12,714 (25.2 ശതമാനം) യുപിയിലായിരുന്നു. പട്ടികജാതി പട്ടികവിഭാഗങ്ങളും യുപിയിൽ സുരക്ഷിതരല്ലെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കാം;കപട സന്ന്യാസിമാര്‍ അറിയണം ആദിത്യനാഥിന്റെ യുപിയല്ല കേരളം


ഇതിനുപിന്നാലെ യുപിയിൽ 2019ലെ പൗരത്വഭേദഗതി നിയമ(സിഎഎ)ത്തിനും ദേശീയ പൗരത്വപട്ടിക(എൻസിആർ)യ്ക്കുമെതിരെ നടന്ന പ്രക്ഷോഭം സംബന്ധിച്ച് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) എന്ന സംഘടനയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സിഎഎയ്ക്കും എൻസിആറിനുമെതിരെ യുപിയിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത 5,000 വ്യക്തികളെ പ്രതി ചേർത്ത് 350 എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രക്ഷോഭങ്ങൾക്കുനേരെ നടന്ന പൊലീസ് നടപടിയിൽ 23 പേരാണ് കൊല്ലപ്പെട്ടത്. എല്ലാവരുടെയും മരണകാരണം വെടിയേറ്റതായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെട്ടവരുടെ യഥാവിധിയുള്ള സംസ്കാരംപോലും അനുവദിച്ചില്ല. മരിച്ചവരിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ ഇരുപതുകാരൻ കാൺപൂരിലെ ആസിഫും ഉൾപ്പെടുന്നു. ആസിഫിന്റെ നെഞ്ചിനു നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
തിരിച്ചറിയാത്ത ഒരു ലക്ഷത്തോളം പേരെയും കേസുകളിൽ പ്രതി ചേർത്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 3,305 പേരെ അറസ്റ്റ് ചെയ്തുവെങ്കിൽ പിന്നീട് 5,400 പേരായി ഉയർന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു. പത്തു ജില്ലകളിലായി 500 ലധികം ജപ്തി നോട്ടീസുകളും പുറപ്പെടുവിച്ചു. 3.55 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ജപ്തി നോട്ടീസുകൾ പുറപ്പെടുവിച്ചത്. ഇവയൊന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത കണക്കുകളായിരുന്നു.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ യുപി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽപോലും 274 ജപ്തി നോട്ടീസുകൾ നല്കിയെന്നും അവ പിൻവലിച്ചുവെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഈ കേസിൽ സിഎഎ വിരുദ്ധ സമരക്കാർക്കെതിരെയുള്ള ജപ്തി നടപടികളുടെ ഭാഗമായി സ്വത്ത് പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും പിടിച്ചെടുത്ത എല്ലാ സ്വത്തുകളും തിരികെ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. പിൻവലിച്ചില്ലെങ്കിൽ നോട്ടീസ് കോടതി റദ്ദാക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അംഗങ്ങളായ ബെഞ്ച് നേരത്തെ കേസ് പരിഗണിച്ചപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. വിചാരണയും വിധി പുറപ്പെടുവിക്കലും സർക്കാർ തന്നെ നിർവഹിക്കാൻ തുടങ്ങിയോ എന്നും കോടതി ചോദിച്ചിരുന്നു. ഇതേതുടർന്നാണ് 274 റിക്കവറി നോട്ടീസുകളും നടപടികളും പിൻവലിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ എപിസിആർ റിപ്പോർട്ട് പ്രകാരം 500 ലധികം ജപ്തി നോട്ടീസുകൾ യുപി സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സുപ്രീം കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ആദിത്യനാഥ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് അനുമാനിക്കേണ്ടത്. മാത്രവുമല്ല സിഎഎയ്ക്കെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ മുസ്‌ലിം വേട്ടയാണ് നടന്നതെന്നും വ്യക്തമാകുന്നു. കേരളം പോലെ ആകരുത് യുപിയെന്ന ആദിത്യനാഥിന്റെ പരാമർശത്തെ വികസന — ജീവിത — മനുഷ്യ വിഭവ ശേഷി സൂചികകളിലെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ദേശീയ — സംസ്ഥാന നേതാക്കൾ എതിർത്തത്.

 


ഇതുകൂടി വായിക്കാം; തൊഴിലില്ലായ്മ വളർച്ചയെ ആഴത്തിലാക്കുന്ന മോഡിയുടെ മാന്ത്രികവിദ്യ


 

അപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളം പോലെ ആകാതിരിക്കുവാനുള്ള കാരണമായി ആദിത്യനാഥ് മുന്നോട്ടുവച്ചത്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന പ്രത്യേക കാരണം പറഞ്ഞ് മേനി നടിക്കുവാൻ സാധിക്കില്ലെന്നാണ് മേൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. ക്രമസമാധാന പാലനത്തിന്റെ ഒരു സൂചികയിലും കേരളത്തെക്കാൾ യുപി മുന്നിലല്ലെന്നു മാത്രമല്ല പിൻനിരയിലാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകളും റിപ്പോർട്ടുകളും നിരവധിയാണ്. കേന്ദ്രത്തിൽ ബിജെപിയാണ് ഭരിക്കുന്നതെന്നതുകൊണ്ട് ചില കണക്കുകൾ അവർക്കു മറച്ചുപിടിക്കുവാൻ സാധിക്കുന്നുണ്ട്. അതിലൊന്നായിരുന്നു കോവിഡ് ഒന്നാം തരംഗത്തിൽ നടന്ന മരണത്തിന്റെ കണക്കുകൾ മറച്ചുപിടിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ട മാധ്യമങ്ങളും സന്നദ്ധ സംഘടനകളും ജാഗ്രതയോടെ നിലകൊണ്ടതിനാലാണ് രണ്ടാം തരംഗത്തിൽ മരണ നിരക്കു പൂർണമായും മറച്ചുവയ്ക്കുവാൻ ആദിത്യനാഥിന്റെ ഭരണത്തിനാകാതെ പോയത്. എന്നിട്ടും കുറേയധികം മരണങ്ങൾ കോവിഡ് കണക്കിൽ നിന്നു മാറ്റിനിർത്തുവാനുള്ള ശ്രമങ്ങളുണ്ടായെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ സൂചിപ്പിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എത്ര മറച്ചുപിടിക്കുവാൻ ശ്രമിച്ചാലും യുപിക്ക് കേരളത്തെക്കാൾ മുന്നിലെത്തുക അസാധ്യം തന്നെയാണ്.

Exit mobile version