4 May 2024, Saturday

തൊഴിലില്ലായ്മ വളർച്ചയെ ആഴത്തിലാക്കുന്ന മോഡിയുടെ മാന്ത്രികവിദ്യ

പ്രൊഫ. കെ അരവിന്ദാക്ഷൻ
യാഥാർത്ഥ്യങ്ങൾ മറച്ചുവയ്ക്കുന്ന നിക്ഷേപ കേന്ദ്രീകൃത ബജറ്റ് രേഖ 2
February 17, 2022 7:00 am

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വരുംനാളുകളിൽ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഉറപ്പുള്ള കൂടുതൽ ഗുരുതരമായൊരു പ്രശ്നമായിരിക്കും തൊഴിലില്ലായ്മ. സ്വകാര്യ ഉപഭോഗത്തിൽ ജിഡിപിയുടെ മൂന്ന് ശതമാനം ഇടിവുണ്ടായത്, തൊഴിലില്ലായ്മയിലുണ്ടായ വളർച്ചയും വരുമാനത്തിലുണ്ടായ കുത്തനെയുള്ള ഇടിവുമാണ് സൂചിപ്പിക്കുന്നത്. രണ്ട് അന്തരഘടനാ വികസനത്തിലൂടെ മാത്രം തൊഴിലവസരങ്ങൾ ഉയരണമെന്നില്ല. അത്തരം വികസന പദ്ധതികളിലേറെയും മൂലധന പ്രാധാനമായിരിക്കും, തൊഴിൽ പ്രധാനമായിരിക്കില്ല. ലോക്ഡൗണുകൾ ഏല്പിച്ച ആഘാതം തൊഴിൽമേഖലയെ തീർത്തും തളർത്തിയിരിക്കുകയാണ്. ഇതിനുള്ള സുപ്രധാനവും അടിയന്തര ഫലപ്രാപ്തിയുമുള്ള മാർഗം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പ്രാധാന്യം ഉയർത്തുന്നതിനുപുറമെ സമാനമായൊരു പദ്ധതി നഗര മേഖലയിലും ഏർപ്പെടുത്തുക എന്നതാണ്. എന്നാൽ, മോഡി സർക്കാർ പുതിയബജറ്റിൽ ചെയ്തത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം തന്നെ 25 ശതമാനം വെട്ടിച്ചുരുക്കുകയാണ്.

രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത് ലക്ഷ്യമാക്കി മോഡി നല്കിയ വാഗ്ദാനം അഭ്യസ്തവിദ്യരായവർക്ക് പ്രതിവർഷം ചുരുങ്ങിയത് ഒരു കോടി നിരക്കിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു. തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കാവുന്നൊരു മേഖല ഉല്പാദനവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ, ഈ മേഖലയ്ക്ക് ജിഡിപിയിലുള്ള പങ്ക് ഏറെക്കാലമായി 15 ശതമാനത്തിൽ കുരുങ്ങിക്കിടക്കുന്നു. വാർഷിക – വ്യാവസായികോല്പാദനനിരക്ക് 2015 – 16 നും 2020–21നും ഇടയ്ക്ക് 13.1 ൽ നിന്ന് 7.2 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. ഏറ്റവുമധികം വില്പനയിൽ തകർച്ച നേരിട്ടിരിക്കുന്ന വ്യാവസായികോല്പന്നം ഇരുചക്ര വാഹനങ്ങളാണ്. ഈ തകർച്ച 2014 ൽ 11.90 മില്യനായിരുന്നത് 2021 ൽ 11.77 മില്യനിലെത്തി. സ്വാഭാവികമായും ഇടത്തരം വരുമാനക്കാരുടെ മുഖ്യ ആശ്രമായ ഇരുചക്ര വാഹനത്തിന്റെ ഡിമാൻഡിലുണ്ടായ ഇടിവ് ഈ വിഭാഗത്തിൽപ്പെടുന്ന യുവാക്കളുടെ തൊഴിലില്ലായ്മ വർധനവാണെന്ന് പറയാം. ഇതോടൊപ്പം തകർച്ച നേരിടേണ്ടിവന്നത് അനൗപചാരിക, അസംഘടിത മേഖലയ്ക്കുമാണ്. ഇടത്തരം, ചെറുകിട സംരംഭങ്ങൾ ഡിമാൻഡിന്റെ ദൗർലഭ്യം മൂലം ഉല്പാദനശേഷി വിനിയോഗം കുറയ്ക്കാൻ നിർബന്ധിതമായിരിക്കാം. ഇവിടെയായിരുന്നു പൊതു നിക്ഷേപത്തിന് നിർണായക പങ്കുണ്ടായിരുന്നത്. അങ്ങനെയാണുണ്ടായിരുന്നതെങ്കിൽ ഈ വർധന നിർമ്മിത, മൂലധന ചരക്കുകൾക്ക് ഡിമാൻഡ് തകരാതെ നിലനില്ക്കുമായിരുന്നു. മാത്രമല്ല, ഇത്തരം ഉല്പന്നങ്ങളുടെ ഇറക്കുമതികളും കുറക്കുകയുണ്ടായില്ല. തന്മൂലം ആഭ്യന്തരോല്പന്നങ്ങളുടെ ഡിമാൻഡിൽ ഇതും ചോർച്ചയ്ക്കിടയാക്കി.

 


ഇതുകൂടി വായിക്കാം;ജനാധിപത്യം സംരക്ഷിക്കുക എന്ന അനിവാര്യത


 

ആത്മനിർഭർ ഭാരത് എന്ന മുദ്രാവാക്യം മുഴങ്ങിയെങ്കിലും അതൊന്നും ഇറക്കുമതികളെ ഒരുവിധത്തിലും തടയുന്നതിലെത്തിയില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾ നിർബാധം തുടരുകയും ചെയ്തു. ഇതിനു പകരമായി ചൈനയിലേക്കെന്നല്ല, മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യൻ കയറ്റുമതി വർധിക്കുകയുണ്ടായില്ല. ചൈനയുമായി മാത്രം ഇന്ത്യയുടെ വ്യാപാരകമ്മി 2018 നും 2020നും ഇടയ്ക്ക് 57.4 ബില്യൻ ഡോറളിൽ നിന്ന് 64.5 ബില്യൻ ഡോറളായി ഉയരുകയായിരുന്നു. ഇതിനു പുറമെ ഹോങ്കോങ്ങിൽ നിന്നുള്ള ഇറക്കുമതികളും കൂടിയാവുമ്പോൾ ഔദ്യോഗിക കമ്മി ഇതിലുമേറും. സാഹചര്യം ഈ നിലയിൽ തുടരുന്നിടത്തോളം ആഭ്യന്തര വിപണിയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതെങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.‘മേക്ക് ഇൻ ഇന്ത്യ’, ‘മേക്ക് ഫോർ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ, ആത്മനിർഭർ ഭാരത് എന്നതിന്റെ തുടർച്ചയായി നരേന്ദ്രമോഡി മുഴക്കിയിരുന്നു. 2014–15 ൽ ഉല്പാദന മേഖലക്ക് ജിഡിപിയിലുള്ള പങ്ക് 25 ശതമാനമായി ഉയർത്തുകവഴി 2022 ആകുമ്പോഴേക്ക് 100 മില്യൻ അഥവാ ഒരു കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ഇവിടെ അനുഭവപ്പെട്ട ഉടക്ക് സ്വകാര്യ നിക്ഷേപ പ്രോത്സാഹനവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനോ അയവുവരുത്താനോ പ്രയാസകരമായ നിയന്ത്രണങ്ങളായിരുന്നു.

ഒരു പരിധിക്കപ്പുറം ഉദാര വ്യവസ്ഥകൾ ഏർപ്പെടുത്തിയാൽ അത് ദുരുപയോഗത്തിലേക്കായിരിക്കും നയിക്കുക എന്ന് സ്പെക്ട്രം അഴിമതികളിലൂടെ ബോധ്യപ്പെട്ടതാണ്. എന്നിരുന്നാൽ തന്നെയും ലോകബാങ്കിന്റെ ഈസ് ഓഫ് ഡ്യൂമിങ് ബിസിനസ് ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം 2014നും 2019നും ഇടയ്ക്ക് 142 ൽ നിന്ന് 63 ൽ എത്തിയിട്ടുണ്ടെന്നത് പ്രോത്സാഹനജനകമാണ്. എന്നാൽ, റാങ്കിങ്ങിൽ വന്ന ഈ അനുകൂലമായ മാറ്റം വ്യവസായ മേഖലയിൽ പ്രതിഫലിക്കുകയുണ്ടായില്ല. പുരോഗതി ഉണ്ടായില്ലെന്നു മാത്രമല്ല, അധഃപതനത്തിലേക്കു നീങ്ങുകകൂടി ചെയ്തിരിക്കുകയാണ്. മാത്രമല്ല, ലോകബാങ്കുതന്നെ 2022 ൽ പറഞ്ഞത് അവർ നേരത്തെ പ്രഖ്യാപിച്ച റാങ്കിങ് തന്നെ തീർത്തും ശരിയായ ഒന്നായിരുന്നില്ല എന്നായിരുന്നു. എന്നിരുന്നാൽതന്നെയും കേന്ദ്ര മോഡി ഭരണകൂടം ലോക ബാങ്കിന്റെ പഴയ റാങ്കിങ്ങിൽ തുടർന്നും വിശ്വാസമർപ്പിച്ചുകൊണ്ടാണ് പുതിയ ബജറ്റിലും നിയന്ത്രണങ്ങളിൽ തുടർച്ചയായി അയവുകൾ വരുത്തുന്നതിലൂടെ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാൻ അന്യധ്വാനത്തിലേർപ്പെട്ടിരിക്കുന്നത്. സർക്കാരിന്റെ ഉദാരമായ ഈ നയസമീപനത്തോട് വേണ്ടത്ര സഹകരണം സ്വകാര്യ കോർപറേറ്റ് മേഖലയിൽ നിന്നും ഉണ്ടാകുന്നില്ലെന്നതിനാലാവാം ‘ആത്മനിർഭർ ഭാരത്’ ‘മേക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ മുദ്രവാക്യങ്ങൾ ഇന്നും അതേനിലയിൽ തുടരുന്നത്.

 


ഇതുകൂടി വായിക്കാം; ഭീരുവായ ഭരണാധികാരി ഭാരതത്തിന് ഭൂഷണമോ


 

മോഡി സർക്കാർ ആവേശത്തോടെ പ്രഖ്യാപിക്കുകയും നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തൊരു പദ്ധതിയാണ്, പ്രൊഡക്ഷൻ ഗ്രിങ്ക്സ് ഇൻസെന്റീവ് സ്കീം — ഉല്പാദനവുമായി കോർത്തിണക്കപ്പെട്ട ഇൻഷുറൻസ് പദ്ധതി. വിവിധ സാങ്കേതിക വിദ്യാ കേന്ദ്രീകൃത ഉല്പന്നങ്ങൾ — മൊബൈൽ ഫോൺ അടക്കമുള്ളവ – ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ഇവയുടെ ഇറക്കുമതി തീർത്തും ഉപേക്ഷിക്കാനും വേണ്ടിയുള്ളൊരു പദ്ധതിയായിരുന്നു പിഎൻഐ പദ്ധതി. കേരള സർക്കാരിന്റെ കെ ‑ഫോൺ പദ്ധതിയും ഇതിന്റെ ഭാഗമായിരുന്നു എന്ന് പറയപ്പെടുന്നു. സാമ്പത്തിക സർവേയിലും പുതിയ ബജറ്റിന്റെ ഭാഗമായ രേഖകളിലും ഈ പദ്ധതിക്ക് വൻതോതിലുള്ള പ്രതികരണമാണുണ്ടായിരിക്കുന്നതെന്ന് അവകാശപ്പെടുന്നുമുണ്ട്. എന്നാൽ, അതിന്റെ ഭാഗമായി എത്ര നിക്ഷേപം, ഏതെല്ലാം മേഖലകളിൽ നടന്നു എന്നും അതിനെ തുടർന്ന് എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നും ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ഈ പദ്ധതി വിജയമാണെന്ന് അവകാശപ്പെടുന്നത് അർത്ഥശൂന്യമാണെന്നു പറയേണ്ടിവരും.

ചുരുക്കത്തിൽ 2022–23 ലേക്കുള്ള ബജറ്റ് പൊതുനിക്ഷേപ വർധനവിലൂന്നിയൊരു വികസന രേഖയായിരിക്കുമെന്ന അവകാശവാദമാണ് മോഡി ഭരണകൂടം നമുക്കു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. ഇതായിരുന്നു 2021–22 ലെ ബജറ്റ് അവതരണ വേളയിലും നാം കണ്ടത്. എന്നാൽ തൊഴിലില്ലായ്മ പ്രതിസന്ധി, സ്വകാര്യ ഉപഭോഗ തകർച്ച, വർധിച്ചുവരുന്ന സാമ്പത്തികാസമത്വങ്ങൾ, കാർഷിക മേഖലയിലൊഴികെയുള്ള വികസന മേഖലകളിൽ വിശിഷ്യ ഗ്രാമീണ‑അനൗപചാരിക മേഖലകളിൽ നിലവിലിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഇതെല്ലാം തന്നെ പാൻഡമിക്കിന്റെ മൂന്നു തരംഗങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി വന്നുപെട്ടതോടെ ഗുരുതരമായ പുതിയ മാനങ്ങൾ കൈവരിക്കുകകൂടി ചെയ്തിരിക്കുന്നു. ഇതേപ്പറ്റി യഥാനഥമായൊരു പരിശോധനയോ വിലയിരുത്തലോ ഭാവിപരിപ്രേക്ഷ്യമെന്തെന്നതിന്റെ സൂചനപോലുമോ ഇല്ലാതെ, നിക്ഷേപ വർധന താനേ ഉണ്ടാകുമെന്നും തൊഴിലും വരുമാനവും ക്രിയശേഷി വർധനവും യാഥാർത്ഥ്യമാകുമെന്നും പ്രതീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ആഗോള പ്രശസ്തി നേടിയ മാന്ത്രികനായ ഹൗസിനിക്കുപോലും കഴിയാത്തൊരു തലത്തിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യൻ ജനതയെയും കൊണ്ടെത്തിക്കുമെന്ന ഉള്ളടക്കമാണോ പുതിയ ബജറ്റിലുള്ളതെന്ന് എത്ര ചിന്തിച്ചിട്ടും ബോധ്യമാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.