1937 ഏപ്രില്‍ 20. അന്നാണ് തൃശൂരില്‍ കേരളത്തിലെ പുരോഗമനവാദികളായ സാഹിത്യകാരന്മാര്‍ യോഗം ചേര്‍ന്ന് ജീവല്‍സാഹിത്യ സംഘടനയ്ക്ക് രൂപം നല്‍കിയത്. ജീവല്‍ സാഹിത്യ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം സാഹിത്യത്തെയും മറ്റ് കലകളെയും അവ ഇന്ന് ആരുടെ കുത്തകയില്‍ കുടുങ്ങി അനുദിനം അധഃപതിച്ചു വരുന്നുവോ, ആ പിന്തിരിപ്പന്‍ വര്‍ഗക്കാരില്‍ നിന്ന് മോചിപ്പിച്ച് മനുഷ്യനുമായി ഏറ്റവും അടുത്തബന്ധത്തില്‍ കൊണ്ടുവന്ന് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിബിംബിക്കുന്ന ശക്തിയേറിയ കരുക്കളാക്കിത്തീര്‍ക്കുകയുമാണെന്ന് ജീവല്‍സാഹിത്യ സംഘത്തിന്റെ സെക്രട്ടറി എ മാധവമേനോന്‍ എഴുതി. പില്‍ക്കാലത്ത് പുരോഗമന സാഹിത്യസംഘം എന്ന പേരില്‍ വികസിപ്പിക്കപ്പെട്ട ജീവല്‍സാഹിത്യ സംഘത്തിന്റെ പ്രചോദനം 1936ല്‍ ഹിന്ദി സാഹിത്യ സമ്രാട്ടായ ധനപതി റോയി എന്ന മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷതയില്‍ ലഖ്നൗവില്‍ ചേര്‍ന്ന അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘത്തിന്റെ (ഓള്‍ ഇന്ത്യ പ്രോഗ്രസീവ് റെെറ്റേഴ്സ് അസോസിയേഷന്‍) പ്രഥമ യോഗമായിരുന്നു. സാഹിത്യത്തിലോ പൊതു ചിന്താസരണികളിലോ ഒരു സംഘടന ഉണ്ടാകുന്നതോടുകൂടി പുത്തന്‍ പ്രവണതകള്‍ ആരംഭിക്കുകയില്ല. സാമൂഹ്യവും ഭൗതികവുമായ സാഹചര്യങ്ങളില്‍ ഈ പ്രവണതകള്‍ നാമ്പിടാന്‍ തുടങ്ങുമ്പോഴാണ് അതിന് സെെദ്ധാന്തികമായ അടിത്തറ നല്‍കാനും അതിനെ പോഷിപ്പിക്കാനും സംഘടനകള്‍ രൂപംകൊള്ളുന്നത്. സാമൂഹ്യപരിവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ഗ്രന്ഥകര്‍ത്താക്കള്‍ അറിഞ്ഞോ അറിയാതെയൊ നടത്തുന്ന രചനകള്‍ ജീവല്‍സാഹിത്യസംഘം രൂപീകരിക്കുന്നതിന് പ്രചോദനം നല്‍കിയിട്ടുണ്ട്.
ഇതുകൂടി വായിക്കൂ; സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യ ‘ഇന്ത്യ’
ലഖ്നൗവില്‍ വച്ച് പ്രേംചന്ദിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ അഖിലേന്ത്യ പുരോഗമന സാഹിത്യകാര സംഘടനയ്ക്കും തൃശൂരില്‍ ചേര്‍ന്ന ജീവല്‍സാഹിത്യ സംഘത്തിനും ഒരു സാര്‍വദേശീയ പശ്ചാത്തലമുണ്ട്. അഖിലലോകാടിസ്ഥാനത്തില്‍ പാരിസില്‍ വച്ച് 1935ല്‍ എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു സാര്‍വദേശീയ സമ്മേളനം ചേര്‍ന്നു. റൊമാങ് റൊളാങ്, ഹെന്റി ബര്‍ബുസേ, മാക്സിംഗോര്‍ക്കി, ലൂയി ആരഗണ്‍ തുടങ്ങി സാര്‍വദേശീയ പ്രശസ്തിയുള്ള സാഹിത്യ, സാംസ്കാരിക പ്രമുഖരാണ് ഇതിന് മുന്‍കയ്യെടുത്തത്.
ഇന്ത്യന്‍ ദേശീയതയുടെ നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തിലെ സാംസ്കാരികാന്തരീക്ഷം ഉജ്വലമായ തേജസ് പ്രസരിപ്പിക്കുകയുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളുടെ നടുവില്‍ അസ്വാതന്ത്ര്യം അനുഭവിച്ചുകഴിഞ്ഞിരുന്ന ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഉത്തേജിതരായ ഘട്ടത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് പ്രദാനം ചെയ്യാന്‍ കേരളീയ സാഹിത്യകാരന്മാരും അക്ഷീണം പരിശ്രമിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമത്തില്‍ ഉടലെടുത്തതാണ് 1937ലെ ജീവല്‍സാഹിത്യ സംഘടനയും 1944ലെ പുരോഗമന സാഹിത്യ സംഘടനയും. ഈ സംഘടനകള്‍ക്കാധാരമായ നവീന സാഹിത്യ പ്രസ്ഥാനത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയും തളര്‍ച്ചയും ഏതാണ്ട് ഒന്നര ദശാബ്ദത്തിനിടയിലുണ്ടായി. നവോത്ഥാനകാല കാഥികരുടെ കൃതികളില്‍ ഉത്തമങ്ങളായവയില്‍ ഒട്ടുമുക്കാലും ഈ ഘട്ടത്തിലാണ് (1935–1950) പുറത്തുവന്നിട്ടുള്ളത്.
ഇതുകൂടി വായിക്കൂ; രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ വളരുന്നു
ജീവല്‍സാഹിത്യ സംഘടന 1936ല്‍ അംഗീകരിച്ച മാനിഫെസ്റ്റോയില്‍ പറയുന്നു: ‘ഇന്ത്യയുടെ പുതിയ സാഹിത്യം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ കെെകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും സാമൂഹ്യമായ പിന്നാക്കാവസ്ഥയുടെയും രാഷ്ട്രീയ അടിമത്തത്തിന്റെയും പ്രശ്നങ്ങളാണ് നമ്മുടെ അടിസ്ഥാന പ്രശ്നങ്ങള്‍’. പുരോഗമനസാഹിത്യ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായിരുന്നില്ല. അത് അങ്ങനെ ആകരുതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതേസമയംതന്നെ ഈ നാടിന്റെ ദേശീയവും സാമൂഹികവും ആത്മീയവുമായ പുരോഗതിയുടെ ദീപശിഖ വഹിക്കുന്ന സംഘടനയാകണമെന്നും പാര്‍ട്ടി ആഗ്രഹിച്ചിരുന്നു. ആ നിലയ്ക്ക് കമ്മ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സജീവ താല്പര്യമെടുക്കുകയും മറ്റാരെക്കാളും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ജീവല്‍ സാഹിത്യത്തിനെതിരായി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനും മുന്‍പന്തിയില്‍ നിന്നത് കമ്മ്യൂണിസ്റ്റ് സാഹിത്യകാരന്മാരാണ്.
ജീവിതത്തിന് സാഹിത്യവുമായും സാഹിത്യത്തിന് സമൂഹവുമായുള്ള ബന്ധത്തെ സമുജ്വലമായി ഉദാഹരിക്കുന്ന കൃതികളാണ് പുരോഗമന സാഹിത്യപ്രസ്ഥാനം സാഹിത്യലോകത്തിന് സംഭാവന ചെയ്തത്. ജീവിതത്തിന്റെ എല്ലാ തുറകളെയും സാരമായി സ്പര്‍ശിക്കുന്ന കഥകളും കവിതകളും നാടകങ്ങളുമുണ്ടായി. ജീവിതഗന്ധിയായ സാഹിത്യത്തെ യുവതലമുറക്കാരായ സാഹിത്യകാരന്മാരെല്ലാം സഹര്‍ഷം സ്വാഗതം ചെയ്തു. വര്‍ത്തമാനകാല ജീവിതത്തെ അവര്‍ ഉള്ളില്‍ത്തട്ടുംപടി ആവിഷ്കരിച്ചു. തങ്ങളുടേതായ വീക്ഷണകോണിലൂടെ നോക്കിക്കണ്ട് ബോധ്യപ്പെടാന്‍ ശ്രമിച്ചു. ഭൂതകാലത്തിന്റെ മനോജ്ഞതകളൊന്നും അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചില്ല. ഭാവിയുടെ ശ്രേയസിന് വേണ്ടിയാണ് അവര്‍ പണിയെടുത്തത്. അതുകൊണ്ടുതന്നെയാണ് സമൂഹത്തിലെ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അപചയങ്ങള്‍ക്കുമെതിരായി അവര്‍ തൂലിക ചലിപ്പിച്ചത്.
അനീതി രാഷ്ട്രീയത്തിനെതിരായി പടപൊരുതുവാനുള്ള ഒരു സമരവീര്യം വളര്‍ത്തിക്കൊണ്ടു വരാന്‍ കമ്മ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ക്ക് കഴിഞ്ഞു. പൊരുതുന്ന സാഹിത്യത്തിന്റെ സംഘടന എന്നാണ് പുരോഗമന സാഹിത്യ സംഘടന അറിയപ്പെട്ടത്. ഇന്നലെകളുടെ നേട്ടങ്ങളില്‍ കാലുറപ്പിച്ച് നിന്നുകൊണ്ട്, ഇന്നിന്റെ കടമകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകേണ്ടതുണ്ട്. പുരോഗമനപരമായി ചിന്തിക്കുന്ന, എഴുതുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മയാണ് ഇന്നിന്റെ ആവശ്യം. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സാഹിത്യപുരോഗതിക്ക് പുരോഗമന സാഹിത്യ സംഘടന നല്‍കിയ സംഭാവനകള്‍ ഒരിക്കലും മാഞ്ഞുപോവുകയില്ല. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രസക്തിയാണെങ്കില്‍ ഇന്ന് കൂടിയിട്ടേയുള്ളു. പുരോഗതിയെ പിറകോട്ട് പിടിക്കുകയും ജീര്‍ണതകളെ വളര്‍ത്തുകയും ചെയ്യുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കാനുള്ള സമരത്തില്‍ മനുഷ്യസ്നേഹികളായ എഴുത്തുകാര്‍ അവരുടെ പങ്ക് വഹിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.