Site iconSite icon Janayugom Online

നിലപാടുകളില്ലാത്ത കോണ്‍ഗ്രസിന്റെ ദുരവസ്ഥ

വയനാട് ലോക്‌സഭാ മണ്ഡലം ദേശീയ രാഷ്ട്രീയത്തിന്റെ ഉരകല്ലാകുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. സിപിഐ ദേശീയ നേതാവ് ആനി രാജ എല്‍ഡിഎഫിനു വേണ്ടി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എതിര്‍സ്ഥാനാര്‍ത്ഥിയാകുന്നു. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മത്സരത്തിന്റെ നേര്‍ച്ചിത്രം എന്ന് ഇതിനെ വായിച്ചെടുക്കുന്നവരുണ്ട്. പക്ഷേ അതൊരു കേവലചിന്തയ്ക്കപ്പുറമുള്ള രാഷ്ട്രീയനിലപാടാകുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി അതിവേഗം ഹിന്ദുത്വ സ്വേച്ഛാധിപത്യത്തിലേക്ക് നടന്നടുക്കുന്ന രാജ്യത്തെ മതേതരത്വത്തിലേക്കും ഭരണഘടനാപരമായ നിലപാടുകളിലേക്കും തിരികെക്കൊണ്ടുവരാനുള്ള പോരാട്ടമെന്ന നിലയില്‍ വേണം ഈ തെരഞ്ഞെടുപ്പിനെ കാണാന്‍.
നരേന്ദ്ര മോഡിയെന്ന സംഘ്പരിവാര്‍ ഭരണാധികാരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിലപാടുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഒരു മണ്ഡലത്തിലെ വിജയം എന്നതിലപ്പുറം ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായി കാണാന്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ആര്‍ജവമുണ്ടായിരിക്കുകയും വേണം. ആനി രാജയുടെയും രാഹുലിന്റെയും നിലപാടുകളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാമനായി മത്സര രംഗത്തുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ മാത്രം കെല്പില്ലാത്ത മണ്ഡലത്തില്‍ അവരുടെ നിലപാട് പ്രത്യേകിച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമില്ല.

ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രാഹുല്‍ഗാന്ധിക്ക് ഇന്ത്യയിലെവിടെയും മത്സരിക്കാന്‍ അവകാശമുണ്ട്. എതിര്‍പക്ഷത്തെ ശക്തമായി വിമര്‍ശിക്കാനും എതിര്‍ക്കാനും അവകാശമുണ്ട്. പക്ഷേ കേരളത്തിലെ ഒരു മണ്ഡലത്തില്‍, പ്രത്യേകിച്ച് വയനാട്ടില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്താണ് എന്ന് പൊതുസമൂഹം വിലയിരുത്തും. നാമനിര്‍ദേശ പത്രിക നല്‍കിയശേഷം രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെയും ആ പാര്‍ട്ടിയുടെയും നിലപാടില്ലായ്മ വെളിപ്പെടുത്തുന്നു. ബിജെപിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി രാജ്യം മുഴുവൻ യാത്രനടത്തിയ ശേഷം ആധുനിക ഇന്ത്യയുടെ പ്രതീക്ഷയായ കമ്മ്യൂണിസ്റ്റ് നേതാവും വനിതാവിമോചന പോരാട്ടനായികയുമായ ആനി രാജയെ പരാജയപ്പെടുത്താനുള്ള മത്സരത്തിനാണ് രാഹുല്‍ ഇറങ്ങിയത്.
തന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ രാഹുൽ അവകാശപ്പെട്ട രാഷ്ട്രീയത്തിന്റെ കൃത്യമായ പക്ഷത്ത് നിലകൊള്ളുന്ന നേതാവാണ് ആനി രാജ. ബിജെപി മുന്നോട്ടുവയ്ക്കുന്ന പുരുഷാധിപത്യത്തിനും സ്വത്വരാഷ്ട്രീയത്തിനും ഭൂരിപക്ഷപ്രീണനത്തിനുമെതിരെ നിരന്തരപ്രചാരണം അവര്‍ നടത്തുന്നു. ഏറ്റവുമൊടുവില്‍ മണിപ്പൂരിലെ ആനി രാജയുടെ നിലപാട് തന്നെ ഏറ്റവും മികച്ച ഉദാഹരണമാണ്. അവിടെ നടന്നത് സ്റ്റേറ്റ് സ്പോൺസേഡ് അതിക്രമമാണെന്ന് വെളിപ്പെടുത്തിയതിന് അവര്‍ക്കെതിരെ പൊലീസ് ചുമത്തിയ രാജ്യദ്രോഹ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ബിജെപിക്കെതിരെ പോരാടുമെന്ന് അവകാശപ്പെടുകയും കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ മത്സരിക്കാനെത്തുകയും ചെയ്യുന്നത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും പ്രഖ്യാപനങ്ങള്‍ വെറും കാപട്യമാണെന്ന് തെളിയിക്കുന്നു. കോൺഗ്രസിന് ഭീരുത്വമാണെന്നും യുപിയിലെ മത്സരത്തിൽ നിന്ന് രാഹുല്‍ഗാന്ധി ഓടിപ്പോയെന്നും ബിജെപി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഈ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. “രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. ഇന്ന​ത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുലിനെ പോലെ തങ്ങളുടെ ഉന്നത നേതാവിനെ വയനാട്ടില്‍ മത്സരിക്കാൻ പറഞ്ഞു വിടുന്നതിനെക്കുറിച്ച് ഉത്തരം പറയാൻ കോൺഗ്രസിന് ബാധ്യതയുണ്ട്​. പോരാട്ടത്തിന്റെ കേന്ദ്ര വേദി ഉത്തരേന്ത്യയാണോ, ​20 എംപിമാരെ മാത്രം ജയിപ്പിക്കാൻ കഴിയുന്ന സംഘ്പരിവാറിനെ പുറത്തു നിര്‍ത്തിയ കേരളമാണോ എന്ന് കോൺഗ്രസാണ് ചിന്തിക്കേണ്ടത്. ഇടതുപക്ഷമാണോ ആർഎസ്​എസും ബിജെപിയുമാണോ എതിര്‍ക്കപ്പെടേണ്ടത് എന്ന് തിരിച്ചറിയാന്‍ പോലും കോൺഗ്രസിനാകുന്നില്ല” എന്നാണദ്ദേഹം പറഞ്ഞത്.

 


ഇതുകൂടി വായിക്കൂ: പരാജയം ഭയന്ന് വിദ്വേഷം വിതയ്ക്കുന്ന നരേന്ദ്ര മോഡി


കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യ സഖ്യത്തെത്തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ‘രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ പോകാത്തത്’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. തന്നെ കേസുകള്‍കൊണ്ട് ആക്രമിച്ച ബിജെപി സർക്കാർ എന്തുകൊണ്ടാണ് കേരളമുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും രാഹുൽ ചോദിച്ചു. യുഡിഎഫിന്റെ പരമ്പരാഗതമായ സിപിഐ(എം)–ബിജെപി ബന്ധമെന്ന ആരോപണമായാണ് രാഹുല്‍ അങ്ങനെ പറഞ്ഞതെങ്കിലും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളെയും അവരുടെ സര്‍ക്കാരുകളെയും വേട്ടയാടുന്നതില്‍ ഒട്ടും എതിര്‍പ്പില്ലാത്ത അദ്ദേഹത്തിന്റെ നിലപാടാണ് പുറത്തുവന്നത്. കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തോട് നിയമയുദ്ധം വരെ നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ നരേന്ദ്ര മോഡി ഭരണകൂടത്തെ സഹായിക്കുന്ന നിലപാടെടുത്ത യുഡിഎഫിന്റെ വാക്കുകളാണ് രാഹുലില്‍ നിന്നുണ്ടായത്. അത് ഏറ്റുപിടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ കൂടുതല്‍ വ്യക്തമായി.
രാജ്യം നേരിടുന്ന വിഭജന ഭീഷണികള്‍ക്ക് ആക്കം കൂട്ടുന്ന പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മൗനം പാലിക്കുന്നതിനെയും, ബിജെപിയെ ഭയന്ന് സ്വന്തം സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ പതാക വയനാട്ടിലെ പ്രചാരണപരിപാടികളില്‍ നിന്ന് ഒഴിവാക്കിയ അവരുടെ ഗതികേടിനെയുമാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ ദേശീയനേതാവ് എന്നനിലയില്‍ പാര്‍ട്ടിയുടെ നയങ്ങളെക്കുറിച്ച് മറുപടിപറയാന്‍ രാഹുല്‍ ബാധ്യസ്ഥനുമാണ്. എന്നാല്‍ മോഡിയെ വിമര്‍ശിക്കാതെ തന്നെ വിമര്‍ശിക്കുകയാണ് എന്ന ബാലിശമായ ആരോപണമുയര്‍ത്തുകയായിരുന്നു രാഹുല്‍. കഴിഞ്ഞതവണ വയനാട്ടിലെ തെരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലിം ലീഗ് പതാക ഉയര്‍ത്തിയത് ബിജെപി ഉത്തരേന്ത്യയില്‍ പ്രചാരണായുധമാക്കിയിരുന്നു. വയനാട് പാകിസ്ഥാനാണെന്നായിരുന്നു സംഘ്പരിവാര്‍ പ്രചാരണം നടത്തിയത്. അമേഠിയില്‍നിന്ന് ഭയന്ന് പിന്മാറിയ രാഹുല്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് വയനാട്ടില്‍ മത്സരിക്കുകയാണെന്നുകൂടി അധിക്ഷേപിച്ചതോടെ അന്ന് രാഹുലിന്റെ റാലികളില്‍ നിന്ന് മുസ്ലിം ലീഗിന്റെ കൊടികള്‍ ഒഴിവാക്കിയിരുന്നു. ഇത്തവണ ലീഗിനെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ പതാകയും ഒഴിവാക്കി. പകരം രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചാരണത്തെ ചെറുക്കാനാണ് ഇതെന്ന യുക്തിരഹിതമായ വാദമാണ് കോണ്‍ഗ്രസ് നേതൃത്വം ഉന്നയിക്കുന്നത്.
ദേശീയ നേതാവായ രാഹുല്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. എന്നിട്ടും സ്വന്തം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിപ്പതാക പരസ്യമായി ഉയര്‍ത്താനുള്ള ധെെര്യം ഇല്ലാതായി. സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയവാദികളെയും ബിജെപിയെയും ഭയന്ന് പിന്മാറുന്ന വിധം കോണ്‍ഗ്രസ് അധഃപതിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് രാഹുലിനെയും വി ഡി സതീശനെയും അലോസരപ്പെടുത്തിയത്. ത്രിവര്‍ണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നത് സംഘ്പരിവാര്‍ നേരത്തേ ഉയര്‍ത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ നിലവിലെ കോണ്‍ഗ്രസ് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രിക മൗനം പാലിക്കുന്നുവെന്ന വിമർശനത്തിലും രാഹുലും പ്രതിപക്ഷ നേതാവും ഉരുണ്ടുകളിക്കുകയാണ്. സംശയമുണ്ടെങ്കിൽ എട്ടാമത്തെ പേജ് നോക്കണമെന്നാണ് വി ഡി സതീശൻ വിമര്‍ശകരെ വെല്ലുവിളിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 14ന് വിരുദ്ധമായി ബിജെപി സർക്കാർ കൊണ്ടുവന്ന നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പൗരത്വ നിയമ ഭേദഗതിയും അതിൽ ഉൾപ്പെടുന്നതാണെന്നുമാണ് സതീശന്റെ വ്യാഖ്യാനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യമെടുക്കുന്ന തീരുമാനങ്ങളിലൊന്ന് പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നതായിരിക്കുമെന്ന് രാഹുൽ ഗാന്ധി പാർലമെന്റിനകത്തും പുറത്തും പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഭാഷ്യം.
ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്ക് മാറ്റിവയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുള്ള പ്രകടന പത്രികയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും 2025 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും 2029 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം എന്നെല്ലാം പ്രഖ്യാപനമുണ്ട്. കഴിഞ്ഞ 10 വർഷം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങൾ റദ്ദാക്കുമെന്ന് പേജ് 22ൽ പറയുന്നുവെങ്കിലും പൗരത്വഭേദഗതി എന്ന വാക്ക് അതിലെവിടെയുമില്ല. ഇങ്ങനെ തികച്ചും അഴകൊഴമ്പന്‍ നയവുമായാണ് കോണ്‍ഗ്രസും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും ജനവിധി തേടുന്നത്. ഈ സാഹചര്യത്തില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ജയപരാജയത്തിനപ്പുറം മറ്റൊരു ചോദ്യവും കോണ്‍ഗ്രസിന്റെ മുമ്പിലുണ്ട്. അത് അവരുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത നേതാവിന് ഇതുപോലെ ‘സുരക്ഷിത’ മണ്ഡലം തെരഞ്ഞെടുക്കാന്‍ അനുവാദം കിട്ടുമോ?.

Exit mobile version