30 April 2024, Tuesday

പരാജയം ഭയന്ന് വിദ്വേഷം വിതയ്ക്കുന്ന നരേന്ദ്ര മോഡി

സത്യന്‍ മൊകേരി
April 14, 2024 4:30 am

തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിക്കുന്ന പ്രതിസന്ധിയും കര്‍ഷകരും തൊഴിലാളികളും നേരിടുന്ന ദുരിതങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നാണ് സമീപദിവസങ്ങളില്‍ നടന്ന അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജനകീയ വിഷയങ്ങള്‍ രാജ്യത്ത് ചര്‍ച്ചയായതോടെ ബിജെപി, അവര്‍ നടത്തിവരുന്ന ഹിന്ദുത്വ ദേശീയതയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രചരണം കൂടുതല്‍ ആക്രമണോത്സുകമാക്കുന്നതായാണ് കാണുന്നത്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നല്‍കുന്നതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നത്. 400ലധികം സീറ്റുകളില്‍ ജയിച്ചുവരാമെന്ന ബിജെപിയുടെ മോഹം ദിവസങ്ങള്‍ കഴിയുന്തോറും പൊലിയുന്നതാണ് ഇപ്പോള്‍ കാണുന്നത്.
രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഹിന്ദു ദേശീയ ബോധം കൂടുതല്‍ ആഴത്തില്‍ ഉല്പാദിപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴിയില്‍ രാജ്യത്തെ നയിക്കാമെന്നായിരുന്നു സംഘ്പരിവാര്‍ സംഘടനകള്‍ കരുതിയത്. ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെ മറച്ചുവയ്ക്കുകയും വൈകാരികതലത്തില്‍ ഹിന്ദുമത വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ടുവരുക എന്നതുമാണ് സംഘ്പരിവാര്‍ സഘടനകളുടെ അജണ്ട. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന യുപിയില്‍ പോലും ക്ഷേത്ര വിഷയം ജനങ്ങളെ സ്വാധീനിക്കാന്‍ മതിയാകുന്നില്ല എന്നാണ് സംഘ്പരിവാര്‍ ഇപ്പോള്‍ മനസിലാക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ പുറത്തുവരുന്ന ലോകനീതി-സിഎസ്ഡിഎസ് സര്‍വേ ഫലങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. രാമക്ഷേത്ര വിഷയം ഉദ്ദേശിച്ച തരത്തില്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് സര്‍വേ സൂചിപ്പിക്കുന്നു. രാജസ്ഥാന്‍, യുപി, മധ്യപ്രദേശ് തുടങ്ങിയ ഹിന്ദി മേഖലകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി സാധ്യത ഉണ്ടെന്ന അഭിപ്രായം ദിവസം കഴിയുന്തോറും പുറത്തുവരുന്നുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും വോട്ടര്‍മാര്‍ പ്രധാന വിഷയങ്ങളായി കാണുന്നു. വിലക്കയറ്റം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ജനങ്ങള്‍ പ്രധാനപ്പെട്ട പ്രശ്നമായി ഉന്നയിക്കുന്നു. തൊഴില്‍ ലഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്നതായി 62 ശതമാനത്തിലധികം വോട്ടര്‍മാര്‍ മനസിലാക്കുന്നു. നഗരപ്രദേശങ്ങളിലെ 65 ശതമാനത്തിലധികം പേര്‍ ഈ അഭിപ്രായക്കാരാണ്. മധ്യവര്‍ഗ‑ഉപരിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെല്ലാം ഒരേ അഭിപ്രായമാണ് ഉയര്‍ത്തുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: തൊഴിലുറപ്പ് പദ്ധതി മോഡി സര്‍ക്കാര്‍ തകർക്കുന്നു


മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത കുറഞ്ഞതായാണ് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. നഗരങ്ങളിലുള്ള 65 ശതമാനം ഇതേ അഭിപ്രായക്കാരാണ്. തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യത കുറഞ്ഞുവരുന്നതായി വ്യക്തമാക്കുന്ന സര്‍വേയില്‍ പുരുഷന്മാരില്‍ 65 ശതമാനവും സ്ത്രീകളില്‍ 59 ശതമാനവും ഇങ്ങനെ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍ 67 ശതമാനവും ഒബിസി വിഭാഗത്തില്‍ 59 ശതമാനവും പട്ടികവര്‍ഗക്കാരില്‍ 59 ശതമാനവും തൊഴില്‍ സാധ്യത കുറഞ്ഞുവരുന്നുവെന്ന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ ലഭിക്കുന്നതില്‍ ഏറെ പ്രയാസം നേരിടുന്നുവെന്നാണ് 57 ശതമാനം പറയുന്നത്. വിലക്കയറ്റം രാജ്യത്ത് വര്‍ധിച്ചുവരുന്നതായും സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നുവെന്ന അഭിപ്രായക്കാരാണ്. രാജ്യത്ത് ഒരു കാലത്തുമില്ലാത്ത തരത്തില്‍ അഴിമതി വര്‍ധിച്ചിട്ടുണ്ട്. 59 ശതമാനം പേര്‍ക്ക് അഴിമതി വര്‍ധിച്ചുവെന്ന അഭിപ്രായമുണ്ട്. വികസനത്തിന്റെ ഗുണഫലം സമ്പന്നര്‍ക്ക് മാത്രമാണ് ലഭിക്കുന്നത് എന്ന് 32 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം എളുപ്പത്തില്‍ വിജയിക്കാമെന്ന നരേന്ദ്ര മോഡിയുടെയും സംഘ്പരിവാറിന്റെയും ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസവും ഉണ്ടാകുന്നത്. കാര്യങ്ങള്‍ ശുഭകരമല്ല എന്ന് മനസിലാക്കിക്കൊണ്ടാണ് വര്‍ഗീയ വിദ്വേഷങ്ങള്‍ കൂടുതല്‍ ശക്തമാക്കി ചേരിതിരിവും സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാണെന്ന് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും മനസിലാക്കിയിട്ടുണ്ട്. അത് മറികടക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായാണ് വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് ഹിന്ദു വോട്ട് കേന്ദ്രീകരിക്കുന്നതിന് പ്രചരണം ശക്തിപ്പെടുത്തുന്നത്. നരേന്ദ്ര മോഡി തന്റെ പ്രസംഗത്തില്‍ ഭരണത്തിന്റെ പ്രധാന നേട്ടമായി രാമക്ഷേത്രം അവതരിപ്പിക്കുന്നത് അതിനാണ്. രാമക്ഷേത്രത്തിന് പ്രതിപക്ഷം എതിരായിരുന്നു എന്നാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ:  പതഞ്ജലി-മോഡി അവിശുദ്ധ കൂട്ടുകെട്ട്


‘പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാന്‍ പ്രതിപക്ഷത്തിന് എങ്ങനെയാണ് കഴിഞ്ഞത്? രാമനോടുള്ള വിരോധമാണിതിനു കാരണം’ എന്നാണ് പ്രധാനമന്ത്രി ആവേശത്തോടെ വാദിക്കുന്നത്. ‘രാമനവമി വരികയാണ്; പാപം ചെയ്തവര്‍ ആരൊക്കെ എന്ന് മറക്കരുത്’ എന്നും മോഡി പറഞ്ഞു. അങ്ങേയറ്റം പ്രകോപനത്തിന് ആഹ്വാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രസംഗങ്ങള്‍. ഒന്നാം ഘട്ട വോട്ട് നടക്കുന്നതിന് തൊട്ടുമുമ്പാണ് രാമനവമി. അത് മുന്നില്‍ക്കണ്ടാണ് നരേന്ദ്ര മോഡിയുടെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്. വടക്കേ ഇന്ത്യയില്‍ രാമനവമിക്കാലത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയെന്നത് ഹിന്ദുത്വ സംഘടനകളുടെ അജണ്ട തന്നെയാണ്. രാജസ്ഥാനിലെ പുഷ്കറിലും, യുപിയിലെ പിലിഭിത്തിലും, ഗാസിയാബാദിലും നടത്തിയ പ്രസംഗങ്ങള്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടുതന്നെയായിരുന്നു. രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ രാമനവമിയെയും എതിര്‍ക്കുമെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചവര്‍ രാമനെ അപമാനിക്കുമെന്നും പറയാന്‍ നരേന്ദ്ര മോഡിക്ക് ഒരു മടിയുമുണ്ടായില്ല.
2023ലെ രാമനവമി ആഘോഷത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യം മറന്നിട്ടില്ല. ആറ് സംസ്ഥാനങ്ങളിലായി അക്രമത്തിൽ രണ്ട് പേർ മരിച്ചു. മഹാരാഷ്ട്രയിലെ സംഭാജി നഗർ ജില്ലയിൽ (ഔറംഗബാദ്) ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് വെടിവയ്പിലാണ് ഒരാൾ മരിച്ചത്. ബിഹാർ, ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും അക്രമങ്ങൾ നടന്നു. നൂറുകണക്കിന് ആളുകള്‍ക്കാണ് അന്ന് പരിക്കേറ്റത്. ഈ സാഹചര്യത്തില്‍ ഭരണത്തിന്റെ ഉന്നതതലത്തിലുള്ള ഒരാള്‍ തന്നെ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം കൂടിയാണ്.


ഇതുകൂടി വായിക്കൂ: ഇലക്ടറൽ ബോണ്ടിനെ തോൽപ്പിക്കുന്ന മോഡിയുടെ നുണബോംബ്


മദ്യവും മാംസവും കഴിക്കുന്നതിനെയും മോഡി പ്രസംഗത്തില്‍ ഉന്നയിക്കുന്നു. നവരാത്രി കാലത്ത് രാഹുല്‍ഗാന്ധിയും ലാലുപ്രസാദും ചമ്പാരന്‍ മട്ടന്‍കറി ഉണ്ടാക്കി കഴിച്ചതായി തന്റെ റാലികളില്‍ ഉന്നയിക്കുന്നു. മുഗള്‍ കാലത്തെ ചിന്താഗതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന പരാമര്‍ശത്തിന്റെ ഉദ്ദേശ്യവും വ്യക്തമാണ്. ഹിന്ദു-മുസ്ലിം ചേരിതിരിവ് സൃഷ്ടിക്കുക തന്നെയാണ് ലക്ഷ്യം.
പരാജയഭീതിപൂണ്ട പ്രധാനമന്ത്രി എന്തൊക്കെയോ വിളിച്ചുപറയുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതൊക്കെ നോക്കിനില്‍ക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും പിച്ചിച്ചീന്തി ഏതുവിധേനയും അധികാരത്തില്‍ വരിക എന്നതാണ് സംഘ്പരിവാര്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ശക്തികളുടെ ലക്ഷ്യം. ഹാലിളകി, എന്ത് കടുംകയ്യും കാണിച്ച് അധികാരത്തില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
വംശീയ വിദ്വേഷത്തിനും വിഭജനത്തിനും പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന ഭീതിജനകമായ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ജനകീയ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ആ ദൗത്യത്തില്‍ ഇന്ത്യ സഖ്യത്തിന്റെ വിജയം ഉറപ്പാക്കണം. കേരളത്തില്‍ ഇടതുജനാധിപത്യ മുന്നണിയുടെ വിജയം അതിന് രാഷ്ട്രീയമായ കരുത്ത് പകരുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.