കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലധികമായി കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇപ്പോഴത്തെപ്പോലെ ഗുരുതരമായ പ്രതിസന്ധി സമീപകാലത്തുണ്ടായിട്ടില്ല. വരുംനാളുകളില്‍ ഈ രൂക്ഷത ശക്തിപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതും. ഓണക്കാലത്താണ് സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നത്. അതിനാല്‍, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ച ഇക്കാലത്താണ് കൂടുതല്‍ ഉയരങ്ങളില്‍ എത്തുന്നത്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമെല്ലാം സാമ്പത്തികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യം ഉറപ്പാണ്. സര്‍ക്കാരിന്റെ സാമ്പത്തികനില സാമാന്യം തൃപ്തികരമാണെങ്കില്‍ ഈ മേഖലകളില്‍ നിന്നുള്ള പ്രതിഷേധം ദുര്‍ബലമാകും എന്ന കാര്യവും ഉറപ്പാണ്. കാരണം മറ്റ് കാര്യങ്ങളിലൊക്കെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ മെച്ചപ്പെട്ടതാണെന്ന് ശരിയായ വിലയിരുത്തല്‍ നടത്താന്‍ കഴിയുന്നവര്‍ക്കൊക്കെ ബോധ്യമാകും. ഈ തിരിച്ചറിവ്, മുഖ്യപ്രതിപക്ഷമായ യുഡിഎഫിനും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നല്ലതുപോലുണ്ട്. അതിനാല്‍ കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കുവേണ്ടി കൊതിയോടെ കാത്തിരിക്കുകയും അതിന് സാധ്യമായ രീതിയിലെല്ലാം കരുക്കുകള്‍ ഒരുക്കുകയുമാണ് അവര്‍ ചെയ്യുന്നത്. സത്യത്തില്‍ ഭരണഘടനാപരമായും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ പലതും സ്വാഭാവികമായിത്തന്നെ പരിഹരിക്കപ്പെടുമായിരുന്നു.
ഇതുകൂടി വായിക്കൂ;വിലക്കയറ്റം: കേരളം പൊരുതിനില്‍ക്കുന്നു
ബജറ്റ് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുന്ന കാര്യം ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും കേരളത്തിന്റെ ചെലവ് ഇരട്ടിയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. എന്നാല്‍ വരവ് ആ ക്രമത്തില്‍ വര്‍ധിക്കുന്നുമില്ല. അതിന്റെ ഫലമായി ഓരോ വര്‍ഷവും സര്‍ക്കാരിന്റെ കടം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം പൊതുവിദ്യാഭ്യാസവും പൊതു ആരോഗ്യവും ശക്തിപ്പെടുത്തല്‍, പൊതുവിതരണം വ്യാപകമാക്കല്‍, സിവില്‍ സര്‍വീസിന്റെ സംരക്ഷണം ഉറപ്പുവരുത്തല്‍, കാര്‍ഷിക മേഖല ശക്തിപ്പെടുത്തല്‍, എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍, റോഡ് വികസനത്തില്‍ കുതിച്ചുചാട്ടം, പാലുല്പാദനത്തില്‍ റെക്കോഡ്‍, സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ശക്തവും വ്യാപകവുമാക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും, സാംസ്കാരിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തല്‍ മുതലായ കാര്യങ്ങള്‍ക്ക് പതിനായിരക്കണക്കിന് കോടി രൂപയാണ് കേരളം ചെലവിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ഇതരസംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കുന്ന അതേ നയമാണ് കേരളവും നടപ്പിലാക്കുന്നതെങ്കില്‍, ഇവിടെ ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവില്ല. എന്നാല്‍ കേരളത്തിന്റെ നയം മറ്റൊന്നാണ്.
കേന്ദ്രസര്‍ക്കാരിന്റെ നയംമൂലം ഓരോ വര്‍ഷവും കേരളത്തിന്റെ വരുമാനത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നു. 2016ലെ നോട്ട് നിരോധനവും 2017ലെ ജിഎസ്‌ടി നടപ്പിലാക്കലും ഏറ്റവും പ്രതികൂലമായി ബാധിച്ചത് കേരളത്തെയാണ്. ജിഎസ്‌ടി നടപ്പിലാക്കുന്നതിന് മുമ്പ് ഓരോ വര്‍ഷവും കേരളത്തിന്റെ നികുതിവരുമാനത്തില്‍ 18–20 ശതമാനം വര്‍ധനവുണ്ടാകുമായിരുന്നു. ജിഎസ്‌ടിക്ക് ശേഷം അത് 11 ശതമാനമായി കുറഞ്ഞു. ആദ്യവര്‍ഷങ്ങളില്‍ ഇതിന് 14 ശതമാനം കണക്കാക്കി നഷ്ടപരിഹാരം കിട്ടിയിരുന്നു.
ഇതുകൂടി വായിക്കൂ; ദേശീയ വിലക്കയറ്റവും കേന്ദ്രത്തിന്റെ നിസംഗതയും
എന്നാല്‍ 2022 ജൂലെെ മുതല്‍ ഇത് നിര്‍ത്തലാക്കി. 12,000 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഓരോ വര്‍ഷവും സംസ്ഥാനത്തിനുണ്ടാകുന്നത്. റവന്യു കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് നിര്‍ത്തിയതിലൂടെ 8,400 കോടിയും കേന്ദ്രഗ്രാന്റ് കുറച്ചതിലൂടെ 2,300 കോടിയും നഷ്ടപ്പെട്ടു. 13-ാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനത്തിന് നല്‍കിയിരുന്ന കേന്ദ്രവിഹിതം 42 ശതമാനം ആയിരുന്നത് 15-ാം ധനകാര്യ കമ്മിഷന്‍ 41 ശതമാനമായി കുറച്ചു. യുജിസി നടപ്പിലാക്കിയതിന് കേന്ദ്രം നല്‍കേണ്ട 750 കോടി ഇനിയും അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനം വിഹിതം നല്‍കുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയുടെ 25 ശതമാനം തുക കേന്ദ്രം ഈടാക്കി. 5500 കോടിയാണ് ഇങ്ങനെ കേരളത്തിന് കെട്ടിവയ്ക്കേണ്ടിവന്നത്. കേന്ദ്രം കാട്ടിയ രണ്ട് കാപട്യങ്ങള്‍ കൂടി ഇതോടുചേര്‍ത്ത് വിലയിരുത്തണം. കേന്ദ്രത്തിന് കിട്ടുന്ന എല്ലാ വരുമാനത്തിന്റെയും 41 ശതമാനം കേരളത്തിന് കിട്ടണം. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി വിഹിതവും അങ്ങനെ കിട്ടേണ്ടതാണ്. ഈ വിഹിതം നല്‍കുന്നതില്‍ നിന്നൊഴിവാകാന്‍ കേന്ദ്രം ചെയ്തത്, പെട്രോളിയം ഉല്പന്നങ്ങളുടെ മേല്‍ നികുതിക്ക് പുറമെ 20.41 ശതമാനം സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തി. ഇതുകൂടി നികുതിയായി ഈടാക്കിയിരുന്നെങ്കില്‍ 41 ശതമാനത്തില്‍ ഇതും ഉള്‍പ്പെടുമായിരുന്നു. ഫലത്തില്‍ 41 ശതമാനത്തിന് പകരം കിട്ടുന്നത് 32.46 ശതമാനം മാത്രമാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിലൂടെ കേരളത്തിന് ഒരു വര്‍ഷം നഷ്ടമാകുന്നത്.
കേന്ദ്രത്തിന്റെ മറ്റൊരു കാപട്യം സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പാ നയവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനം കെെവരിക്കുന്ന സാമ്പത്തികവളര്‍ച്ചയുടെ അഞ്ച് ശതമാനം വായ്പയെടുക്കാന്‍ അനുവദിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതുമൂലം കേന്ദ്രത്തിന് ഒരു അധികബാധ്യതയും ഉണ്ടാകില്ല. എന്നാല്‍ അത് മൂന്ന് ശതമാനം മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തി. മാത്രമല്ല, കിഫ്ബി വഴി എടുത്ത 14,000 കോടി രൂപയുടെയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനി വഴി എടുത്ത 16,777 കോടി രൂപയുടെയും വായ്പകള്‍ ഈ മൂന്ന് ശതമാനത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. കേന്ദ്രനയം വ്യക്തമാണ്; വായ്പ എടുത്താണെങ്കിലും കേരളം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാടില്ല. കേരളം മൂന്ന് ശതമാനത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ പാടില്ലെന്ന് പറയുന്ന കേന്ദ്രം, ജിഡിപിയുടെ 6.42 ശതമാനമാണ് വായ്പ എടുത്തിരിക്കുന്നത്. മാത്രവുമല്ല, ദേശീയപാത അതോറിട്ടി എടുത്തിട്ടുള്ള 3.43 ലക്ഷം കോടിയുടെ വായ്പ ഈ 6.42 ശതമാനം വായ്പാ തുകയില്‍ ഉള്‍പ്പെടുത്തിയതുമില്ല.
15-ാം ധനകാര്യ കമ്മിഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്, രാജ്യത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 62.72 ശതമാനം കേന്ദ്രത്തിന് കിട്ടുമ്പോള്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി കിട്ടുന്നത് 37.28 ശതമാനം മാത്രമാണ് എന്നാണ്. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട 61.94 ശതമാനം ചെലവുകള്‍ നിര്‍വഹിക്കുന്നത് സംസ്ഥാനമാണ്. അതുകൊണ്ട് ജിഎസ്‌ടിയുടെ കേന്ദ്ര സംസ്ഥാന വിഹിതം 50 ശതമാനം വീതം നിശ്ചയിച്ചപ്പോള്‍, സംസ്ഥാന വിഹിതം 60 ശതമാനമാക്കണമെന്ന് കേരളം ഉള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല.
10-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന്, രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 3.91 ശതമാനം കിട്ടിയിരുന്നു. 2018ല്‍ ഇത് 2.52 ശതമാനവും ഇപ്പോള്‍ 1.93 ശതമാനം മാത്രമാണ് കിട്ടുന്നത്. ജനസംഖ്യാനുപാതികമായിതന്നെ, 2.77 ശതമാനം തുക കിട്ടേണ്ടതാണ്. ഇനി 2026ല്‍ രൂപംകൊള്ളുന്ന 16-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ വരുമ്പോള്‍ എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
ഇതുകൂടി വായിക്കൂ; സ്വകാര്യത ഹനിക്കുന്ന ഭീഷണമായ നിയമം
കടത്തില്‍ മുങ്ങിനില്‍ക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കേന്ദ്രവരുമാനത്തിന്റെ 41 ശതമാനം കടമെടുക്കുന്നതാണ്. 2023–24ലെ മൊത്തം വരവ് 45 ലക്ഷം കോടിയാണെങ്കില്‍ അതിന്റെ 17.99 ലക്ഷം കോടിയും കടമെടുക്കുന്നതാണ്. ദേശീയപാതയ്ക്ക് വേണ്ടിയും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടിയും എടുക്കുന്ന കടം ഇതിനുപുറമെയാണ്. കേന്ദ്ര വരുമാനത്തിന്റെ 19 ശതമാനം ചെലവഴിക്കുന്നത് പലിശ കൊടുക്കാന്‍ മാത്രമാണ് എന്ന കാര്യവും ഓര്‍ക്കണം. ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനുവേണ്ടിയാണ് ധനകാര്യ കമ്മിഷന്‍ എന്ന സംവിധാനം രൂപംകൊണ്ടത്. എന്നാല്‍ ഇന്ന് അതും സര്‍ക്കാരിന്റെ ഒരു രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു.
കേരളത്തിന്റെ കടം കുതിച്ചുയരുന്നതിന്റെ കാരണങ്ങളാണ് മുകളില്‍ പങ്കുവച്ചത്. 3.29 ലക്ഷം കോടി രൂപയാണ് മൊത്തം കടം. ജിഎസ്‌ടി വന്നതിനുശേഷം പെട്രോള്‍, മദ്യം, ലോട്ടറി, രജിസ്ട്രേഷന്‍, മോട്ടോര്‍ വെഹിക്കിള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം മാത്രമേ സര്‍ക്കാരിന് നേരിട്ട് സമാഹരിക്കാന്‍ കഴിയുന്നുള്ളു. കടമെടുക്കുന്ന തുകയ്ക്ക് ശരാശരി ഏഴര ശതമാനം പലിശ നല്‍കണം. വരുമാനത്തിന്റെ 18 ശതമാനം തുക ചെലവഴിക്കുന്നത് പലിശ നല്‍കാന്‍ വേണ്ടി മാത്രമാണ്. ഒരു വര്‍ഷം ശമ്പളത്തിനുവേണ്ടി 41,980 കോടിയും സര്‍വീസ് പെന്‍ഷന് വേണ്ടി 26,834 കോടിയും പലിശയ്ക്കുവേണ്ടി 25,966 കോടിയും സാമൂഹ്യപെന്‍ഷനുവേണ്ടി 12,978 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി 13,000 കോടിയും ചെലവഴിക്കണം. ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്പാദനം 10 ലക്ഷം കോടി രൂപയില്‍ അധികമാണ്. അതിന്റെ മൂന്ന് ശതമാനം എന്നതിനുപകരം അഞ്ച് ശതമാനം കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നുവെങ്കില്‍ അത് വലിയ ആശ്വാസമായി മാറുമായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളം വലിയ പരിശ്രമം നടത്തുന്നുണ്ട്. 2020–21ല്‍ തനതുവരുമാനം 45,157 കോടിയായിരുന്നത് 22–23ല്‍ 70,142 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എല്ലാവര്‍ക്കും സൗജന്യം എന്നത് കേരളത്തിന് താങ്ങാന്‍ കഴിയുന്ന കാര്യമല്ല എന്ന് തിരിച്ചറിയണം. ഒപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയും വേണം. നികുതിയടയ്ക്കുന്നത് ഒരു ശീലമായി കേരളത്തില്‍ മാറ്റിയിട്ടില്ല. ബില്‍ വാങ്ങുന്ന ശീലവും നമുക്കില്ല. ഇക്കാര്യത്തില്‍ നല്ല പ്രചരണം നടത്തി പൗരബോധം ഉയര്‍ത്തണം. തസ്തികകളുടെ പുനര്‍വിന്യാസം ഗൗരവപൂര്‍വം ഏറ്റെടുത്താല്‍ നിരവധി മേഖലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാനും നികുതിപിരിവ് ഊര്‍ജിതമാക്കാനും കഴിയും. അഴിമതിയും കാര്യക്ഷമതയില്ലായ്മയും സിവില്‍ സര്‍വീസിന്റെ ശാപമായി ഇന്നും തുടരുന്നു. വിഭവസമാഹരണത്തിന്റെ ചോര്‍ച്ചയ്ക്ക് ഇത് കാരണമാകുകയും ചെയ്യുന്നു. ധൂര്‍ത്ത് ഒഴിവാക്കാനും നല്ല ഇടപെടല്‍ കൂടിയേ കഴിയൂ. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് എല്‍ഡിഎഫിന് ഗുണകരമാകില്ല.
കേരളത്തിന്റെ പാര്‍ലമെന്റ് അംഗങ്ങളില്‍ 19 പേര്‍ യുഡിഎഫുകാരാണ്. സാമ്പത്തികനില മെച്ചപ്പെടുത്തുന്നതില്‍ ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ അവര്‍ക്കാകുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരലനക്കിയില്ല എന്നു മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമെന്ന് വിശേഷിപ്പിക്കാവുന്ന എല്ലാ നടപടികള്‍ക്കും പരസ്യമായും രഹസ്യമായും പിന്തുണ നല്‍കുകയും ചെയ്തു. ട്രഷറി അടച്ചുപൂട്ടി ഒരു സാമ്പത്തികദുരന്തമുണ്ടായി കാണാന്‍ കാത്തിരിക്കുന്നവര്‍, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങുന്നതെന്ന കാര്യം വിസ്മരിക്കരുത്. രാജ്യത്ത് ഒട്ടേറെ കാര്യങ്ങളില്‍ കേരളം ഒന്നാം സ്ഥാനക്കാരാണ്. ഈ നേട്ടങ്ങള്‍ സ്വാഭാവികമായി വന്നുചേര്‍ന്നതല്ല. അതിന്റെ പിന്നില്‍ ആസൂത്രിതവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ചിന്തയും തീരുമാനങ്ങളും നടപടികളും ഉണ്ടായിട്ടുണ്ട്. അതിന് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങള്‍ ഒരു സാഹചര്യത്തിലും നഷ്ടപ്പെട്ടുകൂടാ. അതിനുള്ള കൂട്ടായ്മയാണ് വളര്‍ന്നുവരേണ്ടത്.