27 May 2024, Monday

ദേശീയ വിലക്കയറ്റവും കേന്ദ്രത്തിന്റെ നിസംഗതയും

Janayugom Webdesk
August 17, 2023 9:15 am

രാജ്യത്ത് ചില്ലറവില്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (പണപ്പെരുപ്പം) വീണ്ടും കുതിച്ചുയർന്നുവെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം രണ്ടുദിവസം മുമ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ശതമാനത്തിലേക്ക് ഉയർന്നതായും 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജൂണിലെ 4.81 ശതമാനത്തില്‍ നിന്നാണ് ഇത്രയും ഉയർന്ന നിരക്കിലേക്കെത്തിയത്. പച്ചക്കറിയുടെയും ഭക്ഷ്യോല്പന്നങ്ങളുടെയും വിലവർധനയാണ് രാജ്യത്തെ വിലക്കയറ്റം കൂടാനിടയാക്കിയത്. ഭക്ഷ്യവിലത്തോത് 11.51 ശതമാനമാണ്. പച്ചക്കറിവില മൈനസ് 9.3 നിന്ന് 37.34 ശതമാനമായി പെരുകി. ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്‌പിഐ) ജൂണിലെ 4.49ല്‍ നിന്ന് 11.51 ശതമാനമായി ഉയർന്നപ്പോള്‍ ഗ്രാമീണ മേഖലയില്‍ 7.63 ശതമാനമായും നഗരങ്ങളില്‍ 7.20 ശതമാനമായും പണപ്പെരുപ്പം ഉയര്‍ന്നു.
ഭക്ഷ്യപാനീയങ്ങളുടെ പണപ്പെരുപ്പം 4.63 ശതമാനത്തിൽ നിന്ന് 10.57 ശതമാനമായാണ് ഉയർന്നത്. ധാന്യങ്ങളുടെ പണപ്പെരുപ്പ നിരക്ക് 13.04 ശതമാനവും ഇന്ധനങ്ങളുടേത് 3.67 ശതമാനവുമാണ്. ദേശീയതലത്തില്‍ തക്കാളി, ഉള്ളി എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറിവിലയിൽ കുറവുവരാത്ത സാഹചര്യം പണപ്പെരുപ്പം വരും മാസങ്ങളിലും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ തക്കാളി വിലയിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങിയപ്പോഴേക്കും ഉള്ളി അടക്കമുള്ളവയുടെ വില ഉയരുകയാണ്.


ഇതുകൂടി വായിക്കൂ:  പണപ്പെരുപ്പം വീണ്ടും ഉയരുന്നു 


ഉപഭോക്തൃ വിലസൂചികയനുസരിച്ചുള്ള ചില്ലറവില പണപ്പെരുപ്പം ഉയരുന്നത് കുടുംബ ബജറ്റുകളെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറിയുടെയും വിലകളെ അടിസ്ഥാനമാക്കി 6.40 ശതമാനം പണപ്പെരുപ്പമാണ് ജൂലെെയില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ കണക്കുകളെയെല്ലാം തെറ്റിച്ചാണ് രാജ്യത്ത് വിലക്കയറ്റ സൂചിക കുതിച്ചത്. ഈ ദുരവസ്ഥയിലും വിലക്കയറ്റത്തോത് ദേശീയശരാശരിയെക്കാള്‍ താഴെ നിര്‍ത്താന്‍ കഴിഞ്ഞുവെന്നത് കേരളത്തിന്റെ നേട്ടമാണ്. 6.43 ശതമാനമായിരുന്നു കേരളത്തിലെ വിലപ്പെരുപ്പം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 8.13ഉം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 9.66 ശതമാനവുമാണ് വിലപ്പെരുപ്പം. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരുപരിധിവരെയെങ്കിലും ആശ്വാസം നല്‍കാന്‍ സഹായകമായത്. ഇന്ത്യയില്‍ മറ്റൊരിടത്തും കേരളത്തിലേത് പോലെ വിപണി ഇടപെടല്‍ നടക്കുന്നില്ല. സപ്ലൈകോയില്‍ വിപണിയിലുള്ളതി­നെക്കാള്‍ കുറഞ്ഞ വിലയില്‍ 13 ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന്‌ കാരറ്റ്‌, ബീൻസ്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങിയ പച്ചക്കറികള്‍ ഹോർട്ടികോർപ്പ് മുഖേന എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന്‌ പരമാവധി പച്ചക്കറികൾ ശേഖരിക്കുകയും 30 ശതമാനം വിലകുറച്ച് ജനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യും. ഹോർട്ടികോർപ്പും കൃഷിഭവനും ചേർന്ന്‌ 2000 പച്ചക്കറിച്ചന്തയാണ്‌ ഓണക്കാലത്ത് നടത്തുക. സപ്ലൈകോ ഷോപ്പുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും ഓണവിപണിയിലേക്കുള്ള സാധനങ്ങൾ എത്തിത്തുടങ്ങിയിട്ടുമുണ്ട്. 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണവിപണി ഇടപെടലിനായി സപ്ലൈകോ ഒരുക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഇന്ത്യയെ കാത്തിരിക്കുന്നത് പണപ്പെരുപ്പം


കേന്ദ്ര സർക്കാർ വിപണി ഇടപെടൽ നടത്തിയില്ലെങ്കിൽ വരുന്ന മാസങ്ങളിലും വിലക്കയറ്റം രൂക്ഷമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം നിത്യജീവിതത്തെ മാത്രമല്ല, വായ്പകളുടെ പലിശയിലും തൊഴിലവസരങ്ങളിലും തിരിച്ചടിയുണ്ടാക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ അടിസ്ഥാനപലിശയിൽ 2.50 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. ഭവന‑വാഹന വായ്പയെടുത്തവര്‍ക്ക് ഇരട്ടിഭാരമാണുണ്ടായത്. തിരിച്ചടവ് ബാധ്യതയിൽ 23 ശതമാനംവരെ വർധന ഇതുണ്ടാക്കി. വിലക്കയറ്റം ഇനിയും രൂക്ഷമായാൽ തല്‍ക്കാലം നിർത്തിവച്ചിട്ടുള്ള പലിശവർധന ആർബിഐ വീണ്ടും കൊണ്ടുവരും. പലിശ ഇനിയും ഉയരുകയെന്നത് സാധാരണക്കാരെയും ഇടത്തരക്കാരെയും സംബന്ധിച്ച് കനത്ത വെല്ലുവിളിയാകും. നിക്ഷേപങ്ങൾ കുറയാനിടയാക്കുകയും പുതിയ തൊഴിലവസരങ്ങളെയും രാജ്യത്തിന്റെ വളർച്ചയെയും ബാധിക്കുകയും ചെയ്യും. പെട്രോൾ, ഡീസൽ ഉൾപ്പെടെ ഇന്ധനവില കുറച്ചാല്‍ വിലക്കയറ്റം പിടിച്ചുനിർത്താനാകുമെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം അതിനു തയ്യാറല്ല. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ക്രമംവിട്ടുയർന്നപ്പോഴും ആഭ്യന്തരവിപണിയിൽ ദൈനംദിന വിലവർധന എണ്ണക്കമ്പനികള്‍ നിർത്തിവച്ചിരുന്നു. കാരണം അക്കാലയളവില്‍ ഏതാനും സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയുണ്ടാകാതിരിക്കാനായിരുന്നു വിലവര്‍ധന നിര്‍ത്തിയത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ആഭ്യന്തരവില കുറയ്ക്കുന്നില്ല. മുമ്പ് വിലകൂടിയ കാലത്തെ നഷ്ടം നികത്തിയശേഷമേ വില കുറയ്ക്കൂ എന്നാണ് കേന്ദ്രസർക്കാർ പറഞ്ഞത്. വിപണിയിടപെടല്‍ നടത്തി സാധാരണ ജനങ്ങളെ സഹായിക്കുക എന്നതല്ല, കുത്തകകളുടെ ലാഭം വര്‍ധിപ്പിക്കുക എന്നതുമാത്രമാണ് കേന്ദ്രം ഭരിക്കുന്നവരുടെ താല്പര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.