ഒരു വിഡ്ഡി അർഹിക്കാത്ത പ്രശസ്തി, സന്യാസിമാർക്കിടയിൽ പരിഗണന, ആശ്രമങ്ങള്‍ക്കുമേൽ അധികാരം, സ്വന്തക്കാര്‍ക്കിടയില്‍ ബഹുമാനം എന്നിവ തേടുന്നു. അത് ഞാനാണ് ചെയ്തതെന്ന് സാധാരണക്കാരും സന്യാസിമാരും ചിന്തിക്കട്ടെ. ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളിലും അവർ എന്നെ അനുഗമിക്കട്ടെ എന്നതാണ് വിഡ്ഡിയുടെ അഭിലാഷം. അവന്റ ആഗ്രഹവും അഭിമാനവും വർധിച്ചുകൊണ്ടേയിരിക്കും’. ഗൗതമ ബുദ്ധന്റെ വചനങ്ങളാണിത്. രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് ഖജനാവിലെ പണമുപയോഗിച്ച് നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ നല്‍കാന്‍ തന്റെ ചിത്രം പതിപ്പിച്ച സഞ്ചി നല്‍കണമെന്ന് ഒരു രാജ്യത്തെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരതീയ ഗുരുക്കന്മാരില്‍ പ്രധാനിയായ ബുദ്ധന്‍, ആ ഭരണാധികാരിയെ കുറിച്ച് ഇതിലപ്പുറം പറയാനിടയില്ല. മുഖം പതിപ്പിച്ച സഞ്ചി മാത്രമല്ല, അരിയും ഗോതമ്പും വാങ്ങുന്ന ദരിദ്രനാരായണന്‍മാര്‍ക്ക് സെല്‍ഫിയെടുത്ത് ആഹ്ലാദം പങ്കിടാന്‍ തന്റെ പ്രതിമയ്ക്ക് തുല്യമായ കട്ടൗട്ട് വേണമെന്നും പ്രധാനമന്ത്രി ‘ആഗ്രഹിക്കുന്നു’. അതിനായി ചെലവഴിക്കുന്ന കോടികള്‍ റേഷന്‍ വിതരണത്തില്‍ നിന്ന് അന്യായമായി പുറത്താക്കപ്പെട്ടവര്‍ക്ക് അരിയായി നല്‍കിക്കൂടേ എന്ന് ചോദിച്ചുകൂടാ; രാജ്യദ്രോഹമാകും.
നാട്ടിലാരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ന്യായവില ഷോപ്പുകളിലും റേഷൻ കടകളിലും എന്തിനാണ് പ്രധാനമന്ത്രിയുടെ കട്ടൗട്ടും ബാനറും അടങ്ങിയ സെൽഫി പോയിന്റ് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക സ്വാഭാവികം. ഉത്തരവും ലളിതം; തെരഞ്ഞെടുപ്പ് ചുവരെഴുത്ത് അത്രയും കുറച്ചുമതിയല്ലോ. രാജ്യത്തെ അഞ്ചര ലക്ഷം റേഷൻ കടകൾക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ചിഹ്നവും പ്രധാനമന്ത്രിയുടെ ചിത്രവും പതിപ്പിച്ച ബാനർ കെട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയയ്ക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ റേഷൻ കടകളിലും ബാനര്‍ വയ്ക്കാനും തെരഞ്ഞെടുക്കപ്പെട്ട 20,000 കടകൾക്കുമുന്നിൽ സെൽഫി പോയിന്റ് ഒരുക്കാനുമാണ് നിര്‍ദേശം. കേരളത്തിൽ 553 റേഷൻ കടകൾക്കുമുന്നിലാണ് സെൽഫി പോയിന്റ് സ്ഥാപിക്കേണ്ടത്.
മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 10 കിലോ സാധനങ്ങൾ കൊണ്ടുപോകാവുന്ന സഞ്ചി, കേന്ദ്ര സർക്കാരിന്റെ ചിഹ്നത്തോടൊപ്പം പ്രധാനമന്ത്രിയുടെ ചിത്രംകൂടി പ്രിന്റ് ചെയ്താണ് വിതരണം ചെയ്യേണ്ടത്. ഇതിനുള്ള മോഡിയുടെ ചിത്രവും സൗജന്യ റേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയുടെ ലോഗോയും അടങ്ങുന്ന ബാനർ, സെൽഫി പോയിന്റിനുവേണ്ട ഫ്ലെക്സ് ബോർഡുകൾ എന്നിവ കേരളത്തിലും എത്തിയിട്ടുണ്ട്. ഏവർക്കും ഭക്ഷണം, പോഷകസമൃദ്ധമായ സമൂഹം-മോഡി സർക്കാരിന്റെ ഉറപ്പ് എന്ന് വാഗ്ദാനം ചെയ്യുന്ന ബാനറും ബോർഡുകളും സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 27 ഗോഡൗണുകളിലാണുള്ളത്. സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ബോർഡുകൾ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് മുമ്പില്‍ വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. വിഷയം നിയമസഭയിൽ വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് ‘ഇതിവിടെ നടപ്പില്ല. ഇതുവരെയില്ലാത്ത പ്രചാരണ പരിപാടിയാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും’ എന്നാണ്. ഈ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നത് ഇപ്പോഴും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് എന്ന വിശ്വാസമായിരിക്കും മുഖ്യമന്ത്രിക്ക്.
ഇതുകൂടി വായിക്കൂ: സപ്ലൈകോയ്ക്കെതിരായ പ്രചരണം ചെറുക്കണം
റേഷൻ കടകളിൽ മോഡിയുടെ സെൽഫി പോയിന്റുകൾ നിർബന്ധമായി സ്ഥാപിക്കണമെന്ന നിർദേശമുണ്ടാകുമ്പോള്‍ റേഷന്‍ വിതരണത്തിലെ കേന്ദ്ര‑സംസ്ഥാന വിഹിതം തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടതാണ്. റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് സംസ്ഥാന സർക്കാർ പ്രതിവര്‍ഷം 826 കോടി ചെലവഴിക്കുമ്പോൾ കേന്ദ്രസർക്കാർ നല്‍കുന്നത് കേവലം 86 കോടി രൂപയാണ്. ഭക്ഷ്യധാന്യങ്ങളുടെ വിലയായി 336 കോടിയും റേഷൻ വ്യാപാരികളുടെ കമ്മിഷൻ ഇനത്തിൽ 324 കോടിയും ഗതാഗത‑കൈകാര്യചെലവ്, ജീവനക്കാരുടെ ശമ്പളം, ഗോഡൗൺ വാടക, അനുബന്ധചെലവുകൾ എന്നിവയ്ക്കായി 252 കോടിയും ഉൾപ്പെടെ 912 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ആകെ ചെലവ്. ഇതിൽ 86 കോടിയാണ് കേന്ദ്രം തിരിച്ചുനൽകുന്നത്.
സംസ്ഥാനത്ത് 14,158 റേഷൻ കടകളിലായി 92,26,003 കാർഡുകളാണുള്ളത്. ഇതിൽ 5,89,267 മഞ്ഞയും 34,47,897 എണ്ണം പിങ്കുമാണ്. ബാക്കിയുള്ള നീല, വെള്ള കാർഡുകാർക്കായി മാസം ശരാശരി 28 കോടി രൂപ സംസ്ഥാനം ചെലവഴിക്കുന്നു. ഈ വിഭാഗത്തിന് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ഒട്ടുമില്ല. മഞ്ഞ, പിങ്ക് കാർഡുകളിലെ റേഷൻ വിഹിതം 2023 ജനുവരി മുതലാണ് കേന്ദ്രസർക്കാർ സൗജന്യമാക്കിയത്. ഇതിനായി 10.25 ലക്ഷം ടൺ ഭക്ഷ്യധാന്യം അനുവദിക്കുന്നുണ്ട്. റേഷൻ വ്യാപാരികളുടെ കമ്മിഷനായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് ക്വിന്റലിന് 107 രൂപയാണ്. ഇതിന്റെ പകുതി കേന്ദ്രം വഹിക്കും. എന്നാൽ, സംസ്ഥാനത്തെ യഥാർത്ഥ ചെലവ് 230 രൂപയാണ്. അതായത് ബാക്കി 176.50 രൂപയും വഹിക്കുന്നത് സംസ്ഥാനമാണ്. ഇങ്ങനെ നാമമാത്രമായ തുക തരുന്നതിനാണ് തങ്ങളെ ബ്രാൻഡ് ചെയ്യണമെന്ന് കേന്ദ്രം നിർബന്ധം പിടിക്കുന്നത്. അതുകൂടാതെയാണ് മോഡി സെൽഫി പോയിന്റ് സ്ഥാപിക്കണമെന്ന മണ്ടന്‍ വാശി. നേരത്തെ പശ്ചിമ ബംഗാള്‍ കേരളത്തിന്റെ അതേ നിലപാട് സ്വീകരിച്ചിരുന്നു. ആ സംസ്ഥാനത്തേക്കുള്ള റേഷൻ വിതരണ ഫണ്ട് തടഞ്ഞുവച്ചാണ് മോഡി സർക്കാർ പ്രതികാരം തീർത്തത്. കേരളത്തോട് ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന പ്രതികാരനടപടി മോഡി സര്‍ക്കാര്‍ കൂടുതല്‍ കടുപ്പിക്കുമെന്നതിന് തര്‍ക്കമില്ല.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, അന്ത്യോദയ അന്ന യോജന എന്നിവ പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം മോഡിയുടെ ചിത്രം പതിപ്പിച്ച സഞ്ചി വഴിയാക്കുമെന്ന കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നാലെ ഇതിനു വേണ്ടിവരുന്ന പാഴ്‌ചെലവുകളെ കുറിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മോഡി ചിത്രം പതിപ്പിച്ച ബാഗുകൾ വാങ്ങുന്നതിന് ടെൻഡർ നടപടി ആരംഭിച്ചതിന്റെ കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. രാജസ്ഥാൻ 13.29 കോടി രൂപയാണ് ബാഗ് വാങ്ങുന്നതിന് ആദ്യഘട്ടമായി നീക്കിവച്ചത്. രാജസ്ഥാൻ 1.07 കോടി ബാഗുകളാണ് ആദ്യം ഓർഡർ ചെയ്തിരിക്കുന്നത്. 12.37 രൂപ നിരക്കിലാണ് ബാഗുകൾ വാങ്ങുന്നത്. നാഗാലാൻഡ് 9.30 രൂപ ചെലവഴിച്ചാണ് ബാഗുകൾ വാങ്ങുക. തമിഴ്‌നാടും 1.14 കോടി ബാഗുകള്‍ വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനായി റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച ‘മോഡി സെൽഫി പോയിന്റ്’ എന്ന സ്വയംപുകഴ്ത്തല്‍ ധൂര്‍ത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് രണ്ടുമാസം മുമ്പാണ്; അതും വിവരാവകാശപ്രകാരം. മധ്യ റെയിൽവേയിലെ സ്റ്റേഷനുകളില്‍ മാത്രം താൽക്കാലിക സെൽഫി സ്പോട്ട് 1.25 ലക്ഷം രൂപ ചെലവിൽ 30 എണ്ണവും 6.25 ലക്ഷം രൂപ ചെലവിൽ 20 സ്ഥിരം പോയിന്റുകളും സ്ഥാപിച്ചെന്നാണ് പുറത്തുവന്നത്. രാജ്യത്തെ എല്ലാ സ്റ്റേഷനിലുമായി ശതകോടികളാണിങ്ങനെ പാഴാക്കിക്കളഞ്ഞത്. വിവരാവകാശ വിവരം പുറത്തുവന്നതോടെ കണക്കുകള്‍ നല്‍കിയ മധ്യ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫിസർ ശിവരാജ് മനസ്പുരയെ സ്ഥലംമാറ്റിയാണ് കേന്ദ്രം പ്രതികാരം തീര്‍ത്തത്. സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരായിരിക്കെ വരുമാനം വർധിപ്പിക്കാനുള്ള പരിശ്രമങ്ങൾ, ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടിക്കാനും മോഷണങ്ങൾ തടയാനും നടത്തിയ ശ്രമങ്ങൾ എന്നിവ പരിഗണിച്ച് അതിന് രണ്ടാഴ്ച മുമ്പ് റെയിൽവേ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനായിരുന്നു ശിവരാജ്. സ്ഥലംമാറ്റം മാത്രമല്ല, ആർടിഐ അപേക്ഷയിൽ മറുപടി നൽകുമ്പോൾ സോണൽ, ഡിവിഷൻ മാനേജർമാരുടെ അനുമതി ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തിട്ടൂരം നല്‍കുകയും ചെയ്തു.
‘തന്നെ താന്‍തന്നെ വിളിക്കുന്നത് വിമല്‍കുമാര്‍ എന്നാണ്’ എന്ന ദിലീപ് സിനിമയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന നിലപാടാണ് പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നത്തിനായി കേരളം നടപ്പാക്കിയ ലെെഫ് പദ്ധതിയിലും കേന്ദ്രം കെെക്കൊണ്ടത്. പദ്ധതിയില്‍ കേന്ദ്ര മുദ്ര വേണം എന്നാണ് അവിടെയും പിടിവാശി. വീടുകളിൽ പേരെഴുതിവയ്ക്കുന്നത് ആനുകൂല്യം ലഭിച്ചയാളുടെ അഭിമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ അതിന് വഴങ്ങിയില്ല. അതോടെ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പിഎംഎവൈ) നൽകേണ്ട രണ്ടുലക്ഷത്തിലേറെ വീടുകൾക്ക് കേന്ദ്രം നിർമ്മാണാനുമതി നിഷേധിച്ചു. പദ്ധതിയിൽ കേരളത്തിനു ലഭിക്കേണ്ട 1500 കോടിയിലേറെ രൂപയാണ് ഇതിലൂടെ മുടങ്ങിയത്. ഈ വീടുകൾകൂടി ഉൾപ്പെട്ടതാണ് സംസ്ഥാനത്തെ ലൈഫ് പദ്ധതി. വീടൊന്നിന് ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്രസഹായം. ശേഷിക്കുന്ന തുക സംസ്ഥാനം ചെലവഴിച്ചാണ് ലൈഫ് വഴി നാല് ലക്ഷം രൂപ നല്‍കി പിഎംഎവൈ പദ്ധതിയനുസരിച്ചുള്ള വീടുനിർമ്മാണം. 2020–21 വർഷം അനുമതി ലഭിച്ച വീടുകളിൽ ഭൂരിഭാഗവും നിർമ്മാണം പൂർത്തിയായി. എന്നാൽ, തൊട്ടടുത്ത രണ്ടു സാമ്പത്തികവർഷങ്ങളിൽ എത്ര വീടുകളെന്ന് നിശ്ചയിക്കാനോ അനുമതിനൽകാനോ കേന്ദ്രം തയ്യാറാകാത്തതിനാല്‍ ഗ്രാമങ്ങളിൽ 2.01 ലക്ഷം, നഗരങ്ങളില്‍ 20,688 വീടുകളുടെ നിർമ്മാണം അനിശ്ചിതത്വത്തിലായി. ലൈഫ് വീടുകളിൽ കേരള സർക്കാരിന്റെ പേരോ മുദ്രയോ ഇല്ലെന്നിരിക്കെയാണ് 20 ശതമാനം തുക നല്‍കുന്ന കേന്ദ്രത്തിന്റെ പേരും ലോഗോയും ചേർക്കാൻ നിർബന്ധം പിടിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏതുപദ്ധതിയും അവരുടെ അവകാശമാണ്. ഏതു സര്‍ക്കാരായാലും അത് നടപ്പാക്കുന്നത് ഖജനാവിലെ നികുതി ഉപയോഗപ്പെടുത്തിയാണ്. സര്‍ക്കാരിന്റെ സൗജന്യം സ്വീകരിക്കുന്നത് തീര്‍ച്ചയായും നാട്ടിലെ ദുര്‍ബല-ദരിദ്ര വിഭാഗമായിരിക്കും. അവരെ തങ്ങളുടെ പ്രചരണത്തിനുള്ള ഉപകരണമാക്കുന്നത് ഭിക്ഷ നല്‍കുന്നത് സെല്‍ഫിയെടുത്ത് പ്രദര്‍ശിപ്പിക്കുന്ന മനോനിലയുള്ളവരാണ്. ഭരണകൂടവും അതിനെ നിയന്ത്രിക്കുന്നവരും പക്വവും പുരോഗമനപരവുമായ മാനസികനിലയിലേക്ക് വളര്‍ന്നവരായിരിക്കണം.