13 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 12, 2025
June 11, 2025
June 6, 2025
June 5, 2025
May 30, 2025
May 26, 2025
May 22, 2025
May 21, 2025
May 20, 2025

സപ്ലൈകോയ്ക്കെതിരായ പ്രചരണം ചെറുക്കണം

Janayugom Webdesk
February 17, 2024 5:00 am

സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ സർക്കാരിനെതിരായ പ്രചരണായുധമാക്കുവാനാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. വസ്തുതകൾ മറച്ചുവച്ചാണ് ഇത്തരത്തിലുള്ള പ്രചരണമെന്ന് പൊതുവായി പറയാമെങ്കിലും ഇതിനുപിന്നിൽ ഒളിച്ചിരിക്കുന്ന ഗൂഢലക്ഷ്യം കാണാതിരുന്നുകൂടാ. ഇന്ത്യയിൽ ഒരിടത്തുമില്ലാത്തവിധം ശക്തമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിലുള്ളത്. ഉപഭോഗ സംസ്ഥാനമായതിനാൽ സർക്കാർ സംവിധാനത്തിലൂടെയുള്ള വിപണിയിടപെടൽ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സുശക്തമായ അടിത്തറയുള്ള പൊതുവിതരണ സംവിധാനം നടപ്പിലാക്കപ്പെട്ടത്. അതിൽ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾക്കാണ് വലിയ പങ്കുണ്ടായിരുന്നത് എന്നതും ചരിത്ര യാഥാർത്ഥ്യമാണ്. റേഷൻകടകൾ ഉൾപ്പെടെ ദേശീയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പൊതുവിതരണ സംവിധാനങ്ങൾ മാത്രമല്ല സംസ്ഥാനത്തിന്റെ സ്വന്തം മുൻകയ്യിലുള്ള ബദൽ സജ്ജീകരണങ്ങളും അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. അതിൽ പ്രധാനപ്പെട്ടതായിരുന്നു വിപണിയിടപെടലിനായി സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിതമായ സപ്ലൈകോ എന്നറിയപ്പെടുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ. സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ 1974ലായിരുന്നു ഇതിന്റെ സ്ഥാപനം. പിന്നീട് 1980ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന് കീഴിൽ സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ നായർ ഭക്ഷ്യവകുപ്പ് മന്ത്രി ആയിരിക്കെ വകുപ്പും സപ്ലൈകോയും വിപണിയിടപെടലിന്റെ സമഗ്രസംവിധാനമായി വികസിപ്പിക്കപ്പെട്ടു. ഉല്പാദന കേന്ദ്രങ്ങളിൽ നേരിട്ടുചെന്ന് വിലപേശി വാങ്ങുന്ന അവശ്യവസ്തുക്കൾ, സബ്സിഡി കൂടി ചേർത്ത് കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നതിനുള്ള മാവേലി സ്റ്റോറുകളെന്ന വിപണന ശൃംഖല ആരംഭിച്ചത് അക്കാലത്തായിരുന്നു. അന്നുമുതൽ തന്നെ സർക്കാരിന്റെ വിപണിയിടപെടലിനെ തകർക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ സംസ്ഥാനത്തുണ്ടായിരുന്നു. യുഡിഎഫ് സർക്കാരുകളുടെ കാലത്ത് സപ്ലൈകോ പ്രവർത്തനങ്ങൾ മന്ദീഭവിച്ചതും അതിന്റെ ഫലമായി വിപണിയിടപെടൽ ഫലപ്രദമാകാതിരുന്നതും വിലക്കയറ്റം രൂക്ഷമായതും നമ്മുടെ അനുഭവമായിരുന്നുവെന്നത് മറന്നുകൂടാ. ആ സര്‍ക്കാരുകളുടെ ഒത്താശയോടെ വാമന സ്റ്റോറുകളെന്ന പേരിൽ ആരംഭിക്കാൻ ശ്രമിച്ചതും പൂട്ടിപ്പോയതുമായ സംവിധാനത്തെ കുറിച്ചും ഇവിടെയോർക്കണം.

 


ഇതുകൂടി വായിക്കൂ: മോഡി സര്‍ക്കാരിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന വിധി


സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില, വിപണി വിലയിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് കാലാകാലങ്ങളിൽ വിലവർധിപ്പിക്കുന്ന രീതിയാണ് യുഡിഎഫ് അവലംബിച്ചിരുന്നത്. ഏറ്റവും ഒടുവിൽ 2016വരെ കാലയളവിൽ യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ച് വർഷത്തിനിടെ നാലുതവണയാണ് ഇതുപ്രകാരം വില വർധിപ്പിച്ചത്. 2013 ഓഗസ്റ്റ് ഒന്ന്, 2014 ഓഗസ്റ്റ് 24, 2014 നവംബർ ആറ്, 2014 ഡിസംബർ ഒന്ന് തീയതികളിലാണ് വിലവർധന പ്രാബല്യത്തിലായത്. ഇക്കാര്യം അന്ന് നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി നൽകിയിട്ടുള്ളതുമാണ്. നാലുതവണയാണ് കൂട്ടിയതെങ്കിലും ചില സാധനങ്ങൾക്ക് 40 മുതൽ 86 ശതമാനം വരെ വില വർധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിൽ പൊതുവിതരണ രംഗത്തിന്റെ അന്തഃസത്ത തകർക്കുകയും ജനങ്ങളെ വിലക്കയറ്റത്തിന്റെ ചൂഷണത്തിലേക്ക് തള്ളിവിടുകയും ചെയ്തവരാണ് ഇപ്പോഴത്തെ പ്രതിപക്ഷം. എന്നുമാത്രമല്ല കഴിഞ്ഞ എട്ടുവർഷത്തിനിടെ വിപണിയിലുണ്ടായ വിലവ്യതിയാനം എത്രത്തോളം ഭീമമായിരുന്നു എന്നതുകൂടി പരിശോധിക്കണം. സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മൂന്നിനം അരിക്ക് 2016ൽ 30 മുതൽ 39 രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 60 രൂപവരെയായി ഉയർന്നിട്ടുണ്ട്. അതുമൂലം 2016ലെ വിലനിലവാരം അതുപോലെ നിലനിർത്തുന്നതിന്, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പ്രയാസമുണ്ടായതുകൊണ്ടാണ് നീണ്ട എട്ടുവർഷത്തിനുശേഷം സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിക്കുന്നതിന് നിർബന്ധിതമായത്.
പൊതുവിപണി നിരക്കിന്റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കിയത്.

ഇതിലൂടെ 506 രൂപയുടെ വിലക്കുറവ് ഉപഭോക്താവിന് ലഭിക്കും. പ്രതിമാസം ശരാശരി 35–40 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്. വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം ശരാശരി 35 കോടി രൂപയുടെ സബ്സിഡി ബാധ്യതയാണ് സർക്കാരിന് ഉണ്ടാകുന്നത്. ഇത്രയും ബാധ്യത സഹിച്ചാണ് ഫലപ്രദമായ വിപണിയിടപെടലിന് ഭക്ഷ്യ വകുപ്പും സർക്കാരും ശ്രമിക്കുന്നതെന്ന വസ്തുത മറച്ചുവച്ചാണ് സപ്ലൈകോയ്ക്കെതിരായ പ്രചരണത്തിന് പ്രതിപക്ഷവും ചില മാധ്യമങ്ങളും നേതൃത്വം നൽകുന്നത്. ഇത് സ്വകാര്യ കച്ചവട ലോബിയെയാണ് സഹായിക്കുകയെന്ന് തിരിച്ചറിയുവാൻ പ്രയാസമില്ല. നേരത്തെയും ഇത്തരം നീക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാ എതിർപ്പുകളെയും നേരിട്ടും വൻകിടക്കാരുടെ വാണിജ്യ താല്പര്യങ്ങൾക്ക് വഴങ്ങാതെയും സപ്ലൈകോ അതിന്റെ ദൗത്യനിർവഹണം തുടരുകയും കൂടുതൽ വിപുലവും ശക്തവുമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയുമാണ് വിവിധ എൽഡിഎഫ് സർക്കാരുകൾ ചെയ്തത്. അതുകൊണ്ടുതന്നെ സപ്ലൈകോ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ജനങ്ങളുടെ പിൻബലത്തിൽ വിപണിയിടപെടൽ സർക്കാർ ശക്തമായി തുടരുകതന്നെ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.