Site iconSite icon Janayugom Online

ദിവാന്‍ സി പിയുടെ വധശ്രമത്തിന് മുക്കാല്‍ നൂറ്റാണ്ട്

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഏകാധിപതിയായി തൊഴിലാളി അവകാശ പോരാട്ടങ്ങളെയും ജനാധിപത്യസമരങ്ങളെയും ചോരയില്‍ മുക്കിക്കൊന്ന ദിവാന്‍ രാമസ്വാമിക്കെതിരെയുള്ള വധശ്രമത്തിന് 75 വര്‍ഷം തികയുകയാണ്. 1931ല്‍ തിരുവിതാംകൂറിന്റെ ഉപദേഷ്ടാവായും 1936ല്‍ ദിവാനായും സ്ഥാനമേറ്റ രാമസ്വാമി അയ്യര്‍ ജനങ്ങളില്‍ എതിര്‍പ്പുളവാക്കുന്ന കാര്യങ്ങളാണ് കൂടുതലും ചെയ്തത്. കുറഞ്ഞകാലംകൊണ്ട് വലിയൊരു ജനവിഭാഗത്തിന്റെ ശത്രുവായി ദിവാന്‍ മാറി. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി-ജനകീയ സമരങ്ങളെ സി പി ചോരയില്‍ മുക്കിക്കൊന്നു. രണ്ടിടത്തുമായി ആയിരക്കണക്കിന് പേരെയാണ് പട്ടാളം വെടിവച്ചുകൊന്നത്. പുന്നപ്ര‑വയലാര്‍ സമരത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു “അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍” എന്നത്. അതോടൊപ്പം പ്രായപൂര്‍ത്തി വോട്ടവകാശവും ഉത്തരവാദിത്ത ഭരണവും തൊഴിലാളികളുടെ അവകാശ പ്രക്രിയയിലുണ്ടായിരുന്നു. പുന്നപ്ര‑വയലാര്‍ വെടിവയ്പ് ഇന്ത്യയിലെമ്പാടും സി പി രാമസ്വമിക്കെതിരെ കടുത്ത പ്രതിഷേധത്തിനിടയാക്കി. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് തികഞ്ഞ ഒരു ഏകാധിപതിയായി മാറി ദിവാന്‍.

1947 ജൂണ്‍ 11ന് തന്റെ ഔദ്യോഗിക വസതിയായ ഭക്തിവിലാസത്തില്‍ (ഇന്നത്തെ ഓള്‍ ഇന്ത്യാ റേഡിയോ) വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ രാമസ്വാമി അയ്യര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: “ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന ദിവസം മുതല്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമായി തീരും.” തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വലിയൊരു വിഭാഗത്തെയും അതോടൊപ്പം ജാതി-മത സംഘടനകളെയും ഒപ്പം കൂട്ടാന്‍ ദിവാന് സാധിച്ചു. അതിനായി കൃത്രിമമായ ദേശീയബോധം ജ്വലിപ്പിച്ച് നിര്‍ത്താനും സി പിക്ക് കഴിഞ്ഞു. രണ്ടായി വിഭജിക്കപ്പെടുന്ന ഇന്ത്യയില്‍ പുതിയതായി രൂപംകൊള്ളുന്ന പാകിസ്ഥാനില്‍ തിരുവിതാംകൂറിന്റെ സ്ഥാനപതിയെ വരെ പ്രഖ്യാപിക്കാന്‍ ദിവാന്‍ ധെെര്യം കാട്ടി. ഈയൊരു ചരിത്രമുഹൂര്‍ത്തത്തിലാണ് വെറും 25 വയസ് മാത്രം പ്രായമുള്ള കെസിഎസ് മണി എന്ന ചെറുപ്പക്കാരന്‍ രംഗത്തുവരുന്നത്. അമ്പലപ്പുഴക്കാരനായ ആ യുവാവ് 1947 ജൂലെെ 19ന് രണ്ടും കല്പിച്ച് തിരുവനന്തപുരത്ത് എത്തി. തമ്പാനൂരിലെ ജിബിആര്‍ ലോഡ്ജില്‍ രവീന്ദ്രനാഥ മേനോന്‍ എന്ന പേരില്‍ മുറിയെടുത്തു. ജൂലെെ 25നായിരുന്നു സ്വാതിതിരുനാള്‍ അക്കാദമിയില്‍ (ഇന്നത്തെ സ്വാതിതിരുനാള്‍ സംഗീത കോളജ്) സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടി നിശ്ചയിച്ചിരുന്നത്. ചിത്തിര തിരുനാള്‍ മഹാരാജാവ് ആയിരുന്നു ഉദ്ഘാടകന്‍. ദിവാന്‍ സി പി ഉള്‍പ്പെടെ അതില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെവച്ച് ദിവാനെ വധിക്കാനായിരുന്നു മണിയുടെ ശ്രമം‍.


ഇതുകൂടി വായിക്കു; ചരിത്രം തമസ്ക്കരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ


നേരത്തെ തയാറാക്കിവച്ചിരുന്ന വെട്ടുകത്തി മുണ്ടിനടിയിലെ കാക്കിനിക്കറില്‍ ഭദ്രമായി കൊളുത്തിയിട്ടു. പുതിയ ഖദര്‍ മുണ്ടും ജുബ്ബയും ധരിച്ചു. “കെസിഎസ് മണി ട്രാവന്‍കൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി” എന്ന് ഒരു സിഗരറ്റ് കൂടിന്റെ പുറത്തെഴുതി കീശയിലിട്ടു. മരിച്ചുപോകുന്നെങ്കില്‍ തിരിച്ചറിയണമല്ലൊ! നാല് മണിയോടെ സ്വാതിതിരുനാള്‍ അക്കാദമിയുടെ മുന്നിലെത്തി. വെെകാതെ മഹാരാജാവും പരിവാരങ്ങളും എത്തി ഉദ്ഘാടനച്ചടങ്ങ് വേഗത്തില്‍ അവസാനിച്ചു. തുടര്‍ന്ന് ദിവാന്റെ പ്രസംഗം. ആ ചെറിയ പ്രസംഗത്തില്‍പ്പോലും സ്വതന്ത്ര തിരുവിതാംകൂറിനെക്കുറിച്ച് സി പി വാചാലനായി. മഹാരാജാവും കുടുംബവും വേഗം തന്നെ മടങ്ങി. ശെമ്മാക്കുടി ശ്രീനിവാസ അയ്യരുടെ സംഗീതക്കച്ചേരി ആരംഭിച്ചു. കച്ചേരി തീരും മുന്‍പുതന്നെ ദിവാന്‍ ഇറങ്ങി. കാറിനടുത്തേക്ക് നീങ്ങി. അപ്പോള്‍ സമയം ഏഴര. ഇതിനിടയില്‍ മണി സി പിയുടെ മുന്നിലേക്ക് കയറി. സി പിയെ യാത്രയാക്കാന്‍ ചെറിയൊരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. മുണ്ടിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന വെട്ടുകത്തിയെടുത്ത് പെട്ടെന്ന് മണി സി പിയെ വെട്ടി. കഴുത്തിലെ പട്ട് ഷാളിലാണ് ആദ്യം വെട്ടേറ്റത്. അടുത്ത വെട്ട് ഇടത്തേ കവിളില്‍. കവിളിന്റെ കീഴ്ഭാഗം അറ്റ് തൂങ്ങി. പെട്ടെന്ന് വേദിയിലെ വിളക്കണഞ്ഞു. അപ്പോഴും മണി ദിവാന്റെ തല ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. ഇതിനിടയില്‍ തലപ്പാവ് തെറിച്ചുപോയി. ഒരു വെട്ട് ദിവാന്‍ കെെകൊണ്ട് തടുത്തു. അതോടെ കെെവിരലുകളും അറ്റു. ഉടന്‍ വെളിച്ചം വന്നു. വെെദ്യുതിവെട്ടത്തില്‍ പൊലീസ് മണിയെ പിടിച്ചെങ്കിലും ആള്‍ക്കൂട്ടത്തിനിടയിലൂടെ മണി ഓടി പുറത്തിറങ്ങി രക്ഷപ്പെട്ടു. കഴുത്തിലെ ഷാളാണ് യഥാര്‍ത്ഥത്തില്‍ ദിവാനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ഈ സംഭവത്തോടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം സി പി വിഴുങ്ങി. 1947 ഓഗസ്റ്റ് 13ന് ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള സംയോജന പ്രമാണത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഒപ്പ് വച്ചു. ഓഗസ്റ്റ് 19ന് ഔദ്യോഗികമായി ദിവാന്‍ സി പി പദവി രാജിവച്ചു.  നാടുവിട്ട കെസിഎസ് മണി പിന്നീട് 1947 സെപ്റ്റംബര്‍ 21നാണ് തിരുവിതാംകൂറില്‍ തിരിച്ചുവരുന്നത്. തന്റെ വധശ്രമത്തിന് കാര്യമായ പരിഗണനയോ, വീരപരിവേഷമോ മണിക്ക് കിട്ടിയില്ല. പലരും മണിയല്ല ഇത് ചെയ്തതെന്ന് വരെ പറഞ്ഞു. ദിവാന്‍ നാടുവിട്ടതോടെ നൂറുകണക്കിന് പേര്‍ തങ്ങളാണ് സി പിയെ വധിക്കാന്‍ ശ്രമിച്ചതെന്ന വാദവുമായി രംഗത്തുവന്നു. ചരിത്രത്തില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് ദിവാനെ അജ്ഞാതന്‍ വെട്ടിപ്പരിക്കേല്പിച്ചുവെന്നാണ്. ഒന്നര പതിറ്റാണ്ടോളം അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പറായി കഴിഞ്ഞ മണി കുറേക്കാലം പത്രപ്രവര്‍ത്തകനായും ജീവിച്ചു. വളരെ താമസിച്ച് 41-ാമത്തെ വയസിലാണ് 23കാരിയായ ലളിതയെ വിവാഹം കഴിച്ചത്. ഇതില്‍ കുട്ടികളില്ല. അവസാനം തീരെ ദരിദ്രനായി രോഗാവസ്ഥയിലായ മണിയെ ആരും തിരിഞ്ഞുനോക്കാനില്ലായിരുന്നു.


ഇതുകൂടി വായിക്കു;  കലാപത്തെ സംബന്ധിച്ചൊരു കലാപം


 

1987 സെപ്റ്റംബര്‍ 20ന് തിരുവനന്തപുരം പുലയനാര്‍കോട്ട ക്ഷയരോഗാശുപത്രിയിലായിരുന്നു അന്ത്യം. സവര്‍ക്കറും സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും കെസിഎസ് മണിയുടെ ധീരോദാത്തമായ നടപടി സി പിയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ചു. മണിയുടേത് ഒറ്റയാള്‍ പോരാട്ടമായിരുന്നെങ്കിലും ദിവാനെ ഇത് വല്ലാതെ ഭയപ്പെടുത്തി. ഒടുവില്‍ സി പി നാടുവിടാന്‍ കാരണവും ഈ സംഭവം തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല. തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിയെഴുതിയ കോനാട്ട് മഠം ചിദംബര അയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്ന കെസിഎസ് മണി കേരള ചരിത്രത്തില്‍ത്തന്നെ മറക്കാനാവാത്ത ജൂലെെ 25-ആണ് സൃഷ്ടിച്ചത്.
മറ്റൊരു കൗതുകം രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം അതിനെ അനുകൂലിച്ച് കത്തെഴുതിയത് ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനും തീവ്ര ദേശീയതയ്ക്കും വേണ്ടി നിലകൊണ്ട സവര്‍ക്കര്‍ ആയിരുന്നു എന്നുള്ളതാണ്. സവര്‍ക്കര്‍ എഴുതിയ ആ കത്ത് സെക്രട്ടേറിയറ്റിലെ പുരാവസ്തു വിഭാഗത്തിലുണ്ട്. ഇന്ത്യയില്‍ നിന്നും വേര്‍പെട്ടാണെങ്കിലും ഒരു ഹിന്ദുരാജ്യമെങ്കിലും ഉണ്ടാകുമല്ലൊ എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. 1966 സെപ്റ്റംബര്‍ 26ന് സി പി രാമസ്വാമി അയ്യര്‍ ലണ്ടനില്‍ വച്ച് അന്തരിച്ചു.

Exit mobile version