19 April 2024, Friday

ചരിത്രം തമസ്ക്കരിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ

Janayugom Webdesk
July 24, 2022 5:30 am

തിരുവിതാംകൂറിൽ അടിസ്ഥാന വർഗങ്ങൾക്കെതിരെ നിലനിന്നിരുന്ന അടിച്ചമർത്തലുകൾക്കെതിരെ 19-ാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ പോരാട്ടങ്ങൾ തികച്ചും വിപ്ലവകരമായിരുന്നു. അവർണർക്കായി പള്ളിക്കൂടം തുടങ്ങിയും വായനശാല, കളരി, കഥകളി യോഗങ്ങൾ എന്നിവ ആരംഭിച്ചും സ്ത്രീകളുടെ മാനം കാക്കുന്നതിന് തന്റെ സമ്പത്തും അധ്വാനവും വിനിയോഗിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. കഥകളിയെന്ന ബൗദ്ധ പാരമ്പര്യത്തിലധിഷ്ഠിതമായ ആട്ടത്തെ മോചിപ്പിച്ച് കോട്ടയം ചക്കശേരിയിലും, ഏറ്റുമാനൂരിലും, അമ്പലപ്പുഴയിലും കാർത്തികപ്പള്ളിയിലും, കരുനാഗപ്പള്ളിയിലും, മീനച്ചലിലും, അവർണകളിയോഗങ്ങൾ സ്ഥാപിച്ച് സാംസ്കാരിക മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു.
പോരാളിയായ ഈ അനശ്വര നവോത്ഥാന നായകന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളും, ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന പേരിൽ വിനയൻ സംവിധാനം ചെയ്യുന്ന സിനിമയും പുറത്തിറങ്ങുന്നുവെന്നത് തികച്ചും സ്മരണീയമാണ്. ജാതി വ്യവസ്ഥയെയും ബ്രാഹ്മണ്യത്തെയും പൗരോഹിത്യത്തെയും ചെറുത്തുകൊണ്ട് നീതിക്കും മാനവികതയ്ക്കും മനുഷ്യാവകാശങ്ങൾക്കും സാംസ്കാരിക സ്വാതന്ത്ര്യത്തിനും വേണ്ടിയും തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെയും ധർമ്മയുദ്ധം നടത്തി രക്തസാക്ഷിത്വം വരിച്ച ഐതിഹാസിക പടനായകനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.
1825‑ൽ, ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ കടലോര പ്രദേശമായ ആറാട്ടുപുഴ വില്ലേജിൽ മംഗലം ദേശത്തെ സമ്പന്നമായ കല്ലിശേരി തറവാട്ടിൽ കുറ്റിത്തറ തറവാട്ടിലെ ഗോവിന്ദപ്പണിക്കരുടെ മകനായി വേലായുധപ്പണിക്കർ ജനിച്ചു. അധികം വൈകാതെ അമ്മ മരിച്ചു. കാവിനു കിഴക്കതിൽ പെരുമാൾ ചേകവരെന്നും വലിയ കടവിൽ പെരുമാളച്ഛനെന്നും അറിയപ്പെട്ടിരുന്ന, നൂറ് പായ്ക്കപ്പലുകളും മുന്നൂറു മുറി പുരയിടവും പതിനാലായിരം തെങ്ങുകളുള്ള നാക്കോലത്തോപ്പും മൂവായിരത്തിലധികം പറനിലവും വിദേശ രാജ്യങ്ങളുമായി വ്യാപാരവുമുണ്ടായിരുന്ന ധനാഢ്യനായ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് പിന്നീട് അദ്ദേഹം വളർന്നത്. ഇരുപതാമത്തെ വയസിൽ പ്രസിദ്ധമായ പുതുപ്പള്ളി വാരണാപ്പള്ളി തറവാട്ടിലെ വെളുമ്പിപ്പണിക്കത്തിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന് 7 പുത്രന്മാർ ജനിച്ചു. അക്കാലത്ത് സവർണരുടെ മക്കൾക്ക് പേരിടുമ്പോൾ കുഞ്ഞ് എന്നുകൂടി ചേർക്കുക പതിവായിരുന്നു. ബൗദ്ധപാരമ്പര്യം പിന്തുടർന്നതിനാൽ അവർണരായി മാറ്റി നിർത്തപ്പെട്ട തന്റെ പരമ്പരകളോട് സവർണർ കാട്ടിയ അനീതിയിൽ പ്രതിഷേധിച്ച് അദ്ദേഹം മക്കൾക്ക് കുഞ്ഞയ്യൻ, കുഞ്ഞുപണിക്കർ, കുഞ്ഞൻ, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞികൃഷ്ണൻ എന്നീ പേരുകളിട്ട് വെല്ലുവിളിച്ചു.


ഇതുകൂടി വായിക്കൂ:  സ്ത്രീത്വം നിരന്തരം അപമാനിക്കപ്പെടുമ്പോൾ


അക്കാലത്ത് ദേവീദേവന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ബുദ്ധമതക്കാരായ അവർണർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരമായി മംഗലത്ത് ഒരു ശിവക്ഷേത്രം നിർമ്മിക്കാൻ വേലായുധപ്പണിക്കർ തീരുമാനിച്ചു. ഇതിനുവേണ്ടി വൈക്കം മഹാദേവക്ഷേത്രത്തിൽ ഒരു കൂസലും കൂടാതെ വേഷപ്രച്ഛന്നനായി കടന്നുചെന്ന അദ്ദേഹം വാസ്തുവിദ്യാരീതികളെയും, ആചാരാനുഷ്ഠാനങ്ങളെയും മനസിലാക്കി. തിരികെവന്ന വേലായുധപ്പണിക്കർ 1851‑ൽ തന്റെ സ്വദേശമായ മംഗലത്ത് ഒരു ശിവക്ഷേത്രം പണികഴിപ്പിച്ച്, മാവേലിക്കര കണ്ടിയൂർമറ്റത്തിൽ വിശ്വനാഥ ഗുരുക്കളെക്കൊണ്ട് ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു. അരുവിപ്പുറത്ത് ശ്രീ നാരായണഗുരു ദേവൻ 1888‑ലാണ് ശിവപ്രതിഷ്ഠ നടത്തിയത്. (മംഗലത്ത് ക്ഷേത്രം പണികഴിപ്പിച്ചത് വേലായുധപ്പണിക്കരാണെങ്കിലും പ്രതിഷ്ഠ നടത്തിയത് തന്ത്രിയാണ്. ഈ സത്യം മനസിലാക്കാതെ പലരും പ്രതിഷ്ഠ നടത്തിയത് വേലായുധപ്പണിക്കരാണെന്ന് വിശ്വസിച്ചുപോരുന്നു. ഇത് തെറ്റാണ്).
അക്കാലത്ത് സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. മുലക്കരം, തലക്കരം, ഏണിക്കരം, കത്തിക്കരം, വലക്കരം, വണ്ടിക്കരം തുടങ്ങി ശരീരത്തിന്മേലും, ഉപകരണങ്ങൾക്കുമേലും കരം ചുമത്തിയിരുന്ന കാലമായിരുന്നു. മുലക്കരം പിരിക്കാൻ വന്ന ഉദ്യോഗസ്ഥരുടെ മുമ്പിൽ മുല രണ്ടും അരിഞ്ഞു വച്ചിട്ടു പിടഞ്ഞുവീണു മരിച്ച നങ്ങേലിയെന്ന ധീര വനിതയുടെ പ്രവൃത്തിയുടെ ഫലമായി മുലക്കരം നിർത്തലാക്കി. മാറുമറയ്ക്കാൻ ഒരു തുണ്ടു തുണിയുമിട്ട് കമ്പോളത്തിൽ പോയ ഈഴവ യുവതിയുടെ മാറിൽ നിന്നും തുണിമാറ്റി മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച സംഭവത്തെത്തുടർന്ന് സ്ത്രീകളുടെ അഭിമാനത്തിനു ഭംഗം വരുത്തിയ സവർണമേലാളന്മാരെ ബഹുജനമധ്യത്തിൽ തിരികെ തല്ലുന്നതിന് അദ്ദേഹം നേതൃത്വം കൊടുത്തു.
അതിനുശേഷം കിട്ടാവുന്നത്രയും മേൽമുണ്ട് ശേഖരിച്ച് കമ്പോളത്തിലെത്തി, മാറുമറയ്ക്കാൻ അവകാശമില്ലാത്ത സ്ത്രീകൾക്ക് സൗജന്യമായി നല്കി. മേൽമുണ്ടു ധരിക്കാതെ ആരും ഇനി കമ്പോളത്തിൽ വരരുതെന്ന് ആജ്ഞാപിക്കുകയും അതോടുകൂടി എല്ലാ സ്ത്രീകൾക്കും മാറുമറയ്ക്കാം എന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. 1859‑ലെ രാജകീയ വിളംബരത്തിലൂടെ മാറുമറയ്ക്കാനുള്ള അവകാശം നേടിയെടുക്കുകയും വിക്ടോറിയ രാജ്ഞിയുടെ വിളംബരത്തോടെ 1916‑ൽ ഇതിന് പൂർണ അവകാശം ലഭിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ:  വലിച്ചെറിയപ്പെടേണ്ട വൈധവ്യത്തിന്റെ അടയാളങ്ങൾ


ഈഴവ സ്ത്രീകളെ മൂക്കുത്തി ധരിക്കാൻ അനുവദിച്ചിരുന്നില്ല. പന്തളത്ത് ഒരു ഈഴവ യുവതി മൂക്കുത്തി ധരിച്ച് നടന്നു. ഇതുകണ്ട് സവർണർ അവരുടെ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്ത് താഴെയിട്ട് ചവിട്ടി. ഇതറിഞ്ഞെത്തിയ വേലായുധപ്പണിക്കർ ഒരു കിഴി നിറയെ പൊന്നിൻ മൂക്കുത്തി എല്ലാ അവർണ സ്ത്രീകൾക്കും വിതരണം ചെയ്തു. അതോടുകൂടി അനുവാദമില്ലാതിരുന്ന സ്ത്രീകൾക്കും മൂക്കുത്തി ധരിക്കാനുള്ള അവകാശമുണ്ടായി.
തിരുവിതാംകൂറിലെ നെയ്ത്തുകാർ ഈഴവരായിരുന്നു. അവർ നെയ്യുന്ന വസ്ത്രങ്ങൾ മുട്ടിനു താഴെയെത്തുംവിധം മാത്രമെ ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. കായംകുളത്തിനടുത്ത് പത്തിയൂർ എന്ന സ്ഥലത്ത് ഒരു ഈഴവ യുവതി വയൽവരമ്പിലൂടെ മുണ്ട് നീട്ടിയുടുത്ത് നടന്നുപോകുന്നത് കണ്ട് സവർണർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതിഷ്ടപ്പെടാതെ അവരെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുകയും അവരുടെ വസ്ത്രത്തിൽ തുപ്പുകയും ചെയ്തു. മനുഷ്യത്വഹീനമായ ഈ പ്രവൃത്തിയെ തുടർന്ന്, അവർണ സമുദായത്തിലെ അംഗങ്ങളാരും ഇതിനൊരു തീരുമാനം ഉണ്ടാകുന്നതുവരെ സവർണരുടെ കൃഷിയിടങ്ങളിൽ ജോലിയിൽ ഏർപ്പെടാൻ പാടില്ലാ എന്ന് പണിക്കർ ആഹ്വാനം ചെയ്തു.
അവർണ വിഭാഗക്കാർ അദ്ദേഹത്തിന്റെ ആജ്ഞ അനുസരിച്ചു എന്നു മാത്രമല്ല, ഇങ്ങനെ സ്വന്തം തൊഴിൽ ചെയ്യാതെ വിട്ടുനിന്നവർ പുറത്തുനിന്നുവന്ന ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കാനും അനുവദിച്ചില്ല. ഇതു മൂലം സവർണർക്ക് വരുമാനം ഇല്ലാത്ത അവസ്ഥ വന്നു. എന്നാൽ ജോലിയിൽ നിന്നും വിട്ടുനിന്ന പാവങ്ങൾക്ക് വേലായുധപ്പണിക്കർ അരിയും മറ്റു സാധനങ്ങളും എത്തിച്ചുകൊടുത്തു.
അന്നത്തെക്കാലത്ത് നാട്ടിൽ നടക്കുന്ന കലഹങ്ങളും, വാക്കുതർക്കങ്ങളും മറ്റും ഒത്തുതീർപ്പാക്കുന്നതിനുള്ള കോടതിയായും പണിക്കർക്ക് പ്രവർത്തിക്കേണ്ടിവന്നു. ഇതിൽ പലർക്കും അദ്ദേഹത്തോട് വെറുപ്പും, വിദ്വേഷവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തി വർധിക്കുന്നതിനനുസരിച്ച് എതിർപ്പുണ്ടായിരുന്നുവെങ്കിലും നേരിട്ട് പണിക്കരെ എതിർക്കാനുള്ള ധൈര്യം ഒരാൾക്കും ഉണ്ടായിരുന്നില്ല.


ഇതുകൂടി വായിക്കൂ:  അരക്കില്ലങ്ങള്‍ സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ ഭരണം


അതേതുടർന്ന് പണിക്കരോട് എതിർപ്പുണ്ടായിരുന്ന സവർണരും മറ്റും ചേർന്ന് അദ്ദേഹത്തെ ചതിയിൽപ്പെടുത്താനുള്ള പദ്ധതി തയാറാക്കി.
1874 ജനുവരി മാസം എട്ടിന് (1049 ധനുമാസം 24) ഒരു കേസിന്റെ ആവശ്യത്തിനായി തണ്ടുവലിക്കുന്ന കെട്ടുവള്ളത്തിൽ ആറാട്ടുപുഴ നിന്നും അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിച്ചു. വള്ളം കായംകുളത്തെത്തിയപ്പോൾ അർധരാത്രിയായതിനാൽ അദ്ദേഹം ഉറക്കത്തിലായിരുന്നു, തണ്ടുവലിക്കാർ വള്ളം തുഴഞ്ഞുകൊണ്ടിരിക്കുന്ന സമയം, മറ്റൊരു കേവു വള്ളത്തിലെത്തിയ ചിലർ പണിക്കരോട് അത്യാവശ്യമായി കുറച്ചുകാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് വള്ളത്തിൽക്കയറി. അതിൽ ഒരാൾ മോഷണക്കുറ്റത്തിന് പണിക്കർ തന്നെ ശിക്ഷ നല്കിയ കിട്ടനെന്ന ആൾ ആയിരുന്നു. അയാൾ ഉറങ്ങിക്കിടന്നിരുന്ന പണിക്കരുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി. തണ്ടു വലിക്കാർ ചതി മനസിലാക്കിയപ്പോൾ ആക്രമികൾ കേവു വള്ളത്തിൽ കയറി രക്ഷപ്പെട്ടിരുന്നു. അങ്ങനെ വീരേതിഹാസ നായകൻ എന്നന്നേക്കുമായി ഈ ലോകത്തു നിന്നും വിടവാങ്ങി.
വേലായുധപ്പണിക്കർ ഉയർത്തിപ്പിടിച്ച ധാർമ്മിക ആശയങ്ങളും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ പോരാട്ടങ്ങളും കേരളത്തിന്റെ വർത്തമാന സാമൂഹിക ചരിത്രത്തിൽ വളരെ പ്രസക്തവും, നിർണായകവുമാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് ഇന്നനുഭവയോഗ്യമായിരിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും നേടിയെടുക്കുന്നതിന് സ്വന്തം ജീവൻ ബലിയർപ്പിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ ഇന്നും ജനഹൃദയങ്ങളിൽ ഒരു അഗ്നിനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.