ദാരിദ്ര്യത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചുമൊക്കെ എത്ര പഠനങ്ങള്‍ വന്നു. ഇത് രണ്ടും മാറ്റാനുള്ള വഴികളെക്കുറിച്ചുള്ള ഗവേഷണങ്ങളും കുന്നുകൂടി. പക്ഷെ, രണ്ടും നമുക്കൊക്കെ അറിയാവുന്നതും മാറ്റാനാവുന്നതുമായ കാരണങ്ങള്‍കൊണ്ട് ഇന്നും നിലനില്‍ക്കുന്നു. ഏറ്റവും ചുരുക്കത്തില്‍ വിശപ്പ് മഹാശാപമാണ്. ഭക്ഷ്യസാധനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, അത് ചിലര്‍ക്കുമാത്രം സ്വരൂപിച്ച് ലാഭമുണ്ടാക്കാനുള്ള വസ്തുവായതുകൊണ്ട് ഭക്ഷണം വിശക്കുന്നവനിലെത്തുന്നതിന് മുമ്പ് തടയുന്നതുകൊണ്ട്, വിശന്നുവലഞ്ഞ് ഭക്ഷണശാലയിലെത്തുന്ന അഗതികളെ ബോംബിട്ട് തകര്‍ക്കുന്നതുകൊണ്ട്, ഇതൊക്കെ സംഭവിക്കുന്നു. മനുഷ്യന് ആര്‍ദ്രതയും വകതിരിവും നഷ്ടമായാല്‍, ഇതൊക്കെ സംഭവിക്കുന്നു. ഈ കാരണങ്ങളില്‍ അവസാനത്തെ രണ്ടും സംഭവിക്കുന്ന ഗാസയില്‍ നരകമാണ്. മരിച്ചവരെത്രയോ, മരിച്ചവരില്‍ നിഷ്കളങ്കരായ കുട്ടികളെത്രയോ, പരിക്കേറ്റവരത്രെയോ. ഗാസ ഒരു തുറന്ന, വലിയ ശ്മശാനമാവുന്നു. ഫലഭൂയിഷ്ഠമായ മണ്ണുള്ള ആ ഭൂഭാഗം ഇന്ന് നിലയ്ക്കാത്ത നിലവിളിയുയരുന്ന ശ്മശാനമാണ്. ഇസ്രയേലിനും മധ്യധരണ്യാഴിക്കുമിടയില്‍ ഒട്ടിനില്‍ക്കുന്ന ഈ ഭൂമി മനോഹരമാണ്. എന്നാലിന്ന് കൂട്ട മനുഷ്യഹത്യയുടെ നരകം. മനുഷ്യനും അവന്റെ തീര്‍ത്താല്‍ത്തീരാത്ത സാമ്പത്തിക മോഹങ്ങളും വംശീയ പകയും മരണം വിളയിക്കുന്ന ഭൂമി.
2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍, ഗാസയിലേയ്ക്ക് കടന്നതും ഹമാസ് തിരിച്ച്, അതിര്‍ത്തി കടന്ന് യുദ്ധം തുടങ്ങിയതും. ഒറ്റയടിക്ക് മരിച്ചത് 1,200 പേര്‍. പിന്നെ യുദ്ധവും നിഷ്ഠുര മരണങ്ങളും തന്നെ. ഏതാണ്ട് 23 ലക്ഷം പേര്‍ താമസിക്കുന്ന 365ചതുരശ്ര കിലോമീറ്ററുള്ള രാജ്യമാണ് ഗാസ. അതിനടുത്തുകൂടെ പലസ്തീനില്‍ നിന്ന് ഇസ്രയേലിലേക്ക് ഒരു ബസില്‍ കടന്നുപോയത് ഏറെ മുമ്പല്ല. ഞാനതിന്നും ഓര്‍ക്കുന്നു. യുദ്ധത്തിന്റെയും വൈരാഗ്യത്തിന്റെയും മുഖം അന്നുമുണ്ടായിരുന്നു. പലസ്തീനില്‍ നിന്ന്, ഇസ്രയേലിലേക്ക് കടക്കുമ്പോള്‍ ഗന്ധകത്തിന്റെ വാസനയുള്ള തോക്കേന്തിയവരുടെ പരിശോധനയുണ്ടായിരുന്നു, മുഖത്ത് വെറുപ്പും. എന്ത് മനോഹരമായ ഭൂമി. ഈയിടെ ഒരു പ്രശസ്ത ഇംഗ്ലീഷ് പത്രത്തില്‍ വന്ന വിവരണം ദുഷ്കരമായിരുന്നു. ഏതാണ്ട് 59,000പലസ്തീനികള്‍ കൊല്ലപ്പെട്ടു. അതില്‍ 17,000കുട്ടികള്‍. ഗാസയുടെ ജനസംഖ്യയുടെ ആറ് ശതമാനം വരുന്ന 1,40,000 പേര്‍ക്ക് മുറിവേറ്റു. പലരും ദിക്കറിയാതെ പലായനം തുടങ്ങി. വഴികള്‍ അടച്ചതോടെ കുട്ടികളും സ്ത്രീകളുമടക്കം എല്ലാവരും കൊടും പട്ടിണിയിലായി. ഭക്ഷണത്തിനായി അത് നല്‍കുന്ന കേന്ദ്രത്തിലേക്ക് പാഞ്ഞെത്തിയവരില്‍ 1,000 പേരെങ്കിലും അവിടെവച്ച് വെടിയേറ്റുമരിച്ചു. ഇസ്രയേല്‍ നടത്തുന്നത് സമാന്തരമില്ലാത്ത ‘ജെനോസൈഡ്’ ആണെന്ന് ലോകം അപലപിച്ചു. പക്ഷെ, ആര് കേള്‍ക്കാന്‍. ഇസ്രയേലും പിന്നില്‍ ഭ്രാന്തമായ തീരുമാനങ്ങളിലൂടെ ഡൊണാള്‍ഡ് ട്രംപും നരഹത്യ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്ര അനാഥമായ ഒരവസ്ഥ, ആധുനിക ലോകത്ത് ഉണ്ടായിട്ടുണ്ടാവില്ല.
ഹമാസിനെ തീര്‍ത്തും ഇല്ലാതാക്കുന്നതുവരെ യുദ്ധം എന്നാണ് ഇസ്രയേല്‍ പറഞ്ഞത്. അതിന് പിന്തുണ ട്രംപും. ഈ യുദ്ധത്തില്‍ ട്രംപിനെന്തുകാര്യം എന്നാണറിയാത്തത്. ലോകത്തെവിടെയുമുള്ള നരഹത്യയുടെ കുത്തക അമേരിക്കയ്ക്കാണോ എന്നറിയില്ല. ഉക്രെയ്‌ന്റെ കഥയും ഇതുതന്നെ.
ഹമാസിന് വേണ്ടത് മൊത്തം പിന്‍മാറ്റം. ഇസ്രയേലിന് വേണ്ടത് സമ്പൂര്‍ണ വിജയം. ഇതിനിടയില്‍ മരിച്ചുവീഴുന്നത് ഗാസയിലെ അശരണര്‍. ഒരു മാസത്തില്‍ ശരാശരി 815 ശിശുമരണങ്ങള്‍ അവിടെ സംഭവിക്കുന്നു. 2025 ജൂണ്‍ ആയപ്പോഴേക്കും 17,121 ശിശു മരണങ്ങള്‍ സംഭവിച്ചു. ഇതിനിയും വര്‍ധിക്കും. ഭക്ഷണം കിട്ടാതെ വിതരണ കേന്ദ്രത്തിന് മുന്നില്‍ വരിയായി നിന്ന കുട്ടികളുടെ മേല്‍ ബോംബിട്ടു. അവരുടെ ഭക്ഷണവും തലച്ചോറും കൂടിക്കുഴഞ്ഞു. ‘ഫ്ലോര്‍ മാസക്കര്‍’ എന്ന ഓമനപ്പേരും. പട്ടിണി മരണം, മുറിവേറ്റവരുടെ ദയനീയ അവസ്ഥ, അനിശ്ചിതത്വം, അരാജകത്വം ഇങ്ങനൊരു ജനതയ്ക്ക് എങ്ങനെ തുടരാനാവും. ഒരു മാസം മുറിവേല്‍ക്കുന്നത് ഏതാണ്ട് 7,000 പേര്‍ക്കാണ്. കയ്യും കാലും നഷ്ടപ്പെട്ടവര്‍ എത്രയോ. അവിടുത്തെ ഭാവിതലമുറയുടെ അവസ്ഥ എന്താവും. വികലാംഗരുടെ ഒരു തലമുറയ്ക്ക് എന്തു ചെയ്യാനാവും. രക്ഷാപ്രവര്‍ത്തകരായ 500 പേരും 200 റിപ്പോര്‍ട്ടര്‍മാരും വധിക്കപ്പെട്ടു. നാമിന്നറിയുന്ന യുദ്ധവാര്‍ത്തകള്‍ ശരിക്കുള്ള നാശത്തിന്റെ ചെറിയൊരംശം മാത്രമാണ്. ഇതിനിടയില്‍ ചില്ലറ സമാധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടത്രെ. ഈ സമയമുപയോഗിച്ച് തദ്ദേശീയര്‍ക്ക് പലായനം ചെയ്യാനാവാത്തവിധം അതിര്‍ത്തികള്‍ അടച്ചിട്ടുകഴിഞ്ഞു.
ഗാസയുടെ 88% സ്ഥലവും ഇസ്രയേലി സേനയുടെ അധീനത്തിലാണ്. പുറത്തുകടക്കാനും വയ്യ, ഭക്ഷണവുമില്ല. തീര്‍ച്ചയായ മരണത്തിനുള്ള സമയം മാത്രം കാത്തുകഴിയുന്നവരാണവര്‍. നൂറുകണക്കിന് സമാധാന സംഘടനകളും സമാധാനം പ്രഖ്യാപിക്കുന്ന രാഷ്ട്രങ്ങളുമുണ്ടായിട്ടും ഒരു സഹായഹസ്തവും ഇവരിലേക്കെത്തുന്നില്ല. ഒരു ട്രംപിനോ നെതന്യാഹുവിനോ പട്ടിണിക്കിട്ടും ബോംബിട്ടും തീര്‍ക്കാനുള്ളതാണോ, ഒരു ചെറിയ സ്ഥലത്തെ നിസഹായരായ ജനത.
എന്താണ് എല്ലാവരും നിര്‍വീര്യരായിപ്പോയത്. ഭക്ഷണസാധനങ്ങള്‍ അവിടേയ്ക്കെത്താനനുവദിക്കുന്നില്ല. ബോംബിട്ട് കൊന്നാല്‍ ലോകമറിയും. വേണ്ട പട്ടിണിക്കിട്ട് കൊല്ലാമല്ലോ. ആരറിയാന്‍. ഗാസയിലെ രൂക്ഷമായ പട്ടിണിമരണത്തെക്കുറിച്ച് ഏതാണ്ട് 100 സംഘടനകള്‍ റിപ്പോര്‍ട്ട് തന്നിരുന്നു. വിശപ്പുകൊണ്ട് മാത്രമല്ല, മരണം കാത്തുകിടക്കുന്ന പോഷകാഹാരക്കുറവുള്ള വലിയൊരു വിഭാഗം ജനങ്ങളുമുണ്ട്. അധികവും കുട്ടികള്‍തന്നെ. ഏതാണ്ട് 15,000 കുട്ടികള്‍ പോഷകക്കുറവിന്റെ പിടിയിലാണ്. ഇനി ജീവിതം തുടര്‍ന്നാലും ഈ കുറവുണ്ടാക്കുന്ന അവശത, ഭാവിജീവിതത്തെ ബാധിക്കും. ഒന്നും അവസാനിക്കുന്നില്ല. സുമാര്‍ നാല് ലക്ഷം വീടുകള്‍ തകര്‍ന്നു. അവര്‍ക്കിനി മേല്‍ക്കൂരയില്ല. എന്നെങ്കിലും ദുരിതാശ്വാസം തുടരുമെങ്കില്‍ ഇവരുടെ കാര്യത്തില്‍ പുനരധിവാസത്തിന് 20 വര്‍ഷങ്ങളെങ്കിലും വരും, അതിനിടയില്‍ വീണ്ടും യുദ്ധം തുടരുന്നില്ലെങ്കില്‍. മുന്നില്‍ ഇരുട്ടുമാത്രമുള്ള ഒരു ജനതയാണ്. ഇനിയിപ്പോള്‍ യുദ്ധം അവസാനിച്ചാല്‍ത്തന്നെ അവര്‍ക്ക് ഭാവിയെന്നൊന്നില്ല. ഈ യുദ്ധം മരിക്കുന്നവരുടെ മാത്രം പ്രശ്നമാകുന്നു. നാടും വീടും വിട്ട് അലയുന്നവരുടെ വിശക്കുന്നവരുടെ മാത്രം പ്രശ്നമാവുന്നു.
യുദ്ധം അനാഥത്വത്തിന്റെ വിളനിലമാണ്. ഒരു യാത്രയ്ക്കിടയില്‍, പലസ്തീനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കുമ്പോള്‍ ഞാന്‍ ജോര്‍ദാന്‍ താഴ്‌വരകളുടെ സൗന്ദര്യം ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ ഗെെഡ് ഖാലിദ് പറഞ്ഞു. ‘ഇനി എന്നെങ്കിലും നിങ്ങള്‍ വരികയാണെങ്കില്‍ ഇതൊന്നും ഇങ്ങനെയായിരിക്കില്ല. ചിലതുണ്ടാവില്ല, ചിലരടക്കം, ഞാനടക്കം.’
ആ ഭൂമി ഇന്നും എന്റെ മനസിലുണ്ട്. യാത്രയില്‍ കണ്ട പലരും എവിടെയായിരിക്കും. അറിയില്ല.

