ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഫ്രഞ്ച് ദാർശനികരിൽ ഒരാളാണ് ഇമ്മാനുവൽ ലെവിനാസ്. അപരൻ (ദ അദർ) എന്ന വാക്ക് അദ്ദേഹത്തിന്റെ ദാർശനിക നിലപാടിനെ സമാഹരിക്കാൻ സഹായിക്കും. തന്റെ ഉണ്മയിൽ നിന്ന് വ്യത്യസ്തനായ അപരനെ കുറിച്ചുള്ള ചിന്തയിലൂടെയാണ് അദ്ദേഹം യൂറോപ്യൻ ഫിലോസഫിക്ക് വഴിത്തിരിവ് സൃഷ്ടിച്ചത്. ആധുനിക പാശ്ചാത്യ ദർശനത്തെ ലെവിനാസ് വിമർശനപൂർവം വിശേഷിപ്പിക്കുന്നത് അതൊരു വലിയ ഈഗോളജി ആണെന്നാണ്. ഈഗോ എന്നാൽ ഗ്രീക്ക് ഭാഷയിലെ സാധാരണ വാക്കാണ്. ‘ഞാൻ’ എന്നർത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിൽ സിഗ്മണ്ട് ഫ്രോയിഡിന്റെ മനോവിശകലന വിദ്യ വികസിപ്പിച്ചപ്പോഴാണ് ഈഗോ എന്നതിന് ആധുനിക യൂറോപ്യൻ ഭാഷകളിൽ പുതിയ അർത്ഥതലങ്ങൾ കൈവന്നത്. ഇന്ത്യയിൽ അതിനെ ‘അഹം’ എന്ന് കണക്കാക്കുന്നു. എല്ലാ പാശ്ചാത്യ ദാർശനിക വിചിന്തനവും ആരംഭിക്കുന്നത് ഈഗോയിലാണ്; മിക്കവാറും അവസാനിക്കുന്നതും. അതുകൊണ്ടാണ് ആധുനിക പാശ്ചാത്യ ദർശനം ഈഗോളജി ആണെന്ന് ലെവിനാസ് വിമർശിച്ചത്. ആധുനിക പാശ്ചാത്യ ദർശനത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ചുകാരൻ റെനെ ദെക്കാർത്ത് തന്റെ ചിന്തയുടെ ആധാരമായി അവതരിപ്പിക്കുന്നത് “ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്” എന്ന കണ്ടെത്തലാണ്. എന്താണ് സുനിശ്ചിതമായിട്ടുള്ളത് എന്നാണ് ദാർശനികന്റെ അന്വേഷണം. ദെക്കാർത്തിന്റെ ചിന്തയെ പരാമർശിക്കാതെ പിന്നീട് പാശ്ചാത്യർക്ക് ഒരു ദാർശനിക പദ്ധതിയും ഉണ്ടായില്ല. പരിഹാസവും വിമർശനവും അനുഭാവവും എല്ലാം ഇതിനെതിരെയുണ്ടായി. ‘ഞാനും എന്റെ ബോധവും, എന്റെ ബോധത്തെ കുറിച്ചുള്ള ബോധവും, എന്റെ ബോധത്തെ കുറിച്ചുള്ള ബോധത്തെ കുറിച്ചുള്ള ബോധത്തിന്റെ ബോധവും.….’ അങ്ങനെയങ്ങനെ അനന്തമായി നീണ്ടുപോകുന്നതാണ് അഹംബോധം. എന്റെ ബോധമാണ് അറിവ് തുടങ്ങിയ വിവക്ഷകളുമാകാം. ഭാരതീയ ചിന്തയിലും മറ്റു പാശ്ചാത്യേതര ചിന്തകളിലും ആരംഭം അഹത്തിൽ നിന്നാണ്. എന്നാൽ ഇന്ത്യയിൽ ദർശനം വികസിച്ചത് മറ്റൊരു വഴിക്കാണ്. യഥാർത്ഥത്തിൽ ഉള്ളത് എന്താണ് എന്നന്വേഷിക്കുന്നത് ‘ഞാൻ’ ആണ്. എന്റെ ബോധമാണ് എനിക്കുള്ള ഏക ഉപാധി. ഭാരതീയ ചിന്താഗതിയിൽ അഹംബോധം തന്നെ ഉളവാകുന്നത് അവിദ്യയുടെ അഥവാ അറിവില്ലായ്മയുടെ ഫലമാണ്. തെറ്റായ അഹംബോധം മൂലമാണ് ഞാനും നീയും രണ്ടാണ്, ഞാനും ബ്രഹ്മവും രണ്ടാണ് എന്നൊക്കെയുള്ള ദ്വൈതചിന്ത ഉളവാകുന്നത്. അതായത് ഒരിടത്ത് ഞാനും എന്റെ ബോധവും സുനിശ്ചിതമാണ് എന്നു കരുതി ചിന്ത വികസിക്കുന്നു, മറ്റൊരിടത്ത് ഞാനും എന്റെ ബോധവും അജ്ഞാനത്തിന്റെ ഫലമാണെന്നും അതുകൊണ്ട് അവാസ്തവമാണെന്നും കരുതുന്നു. ഭാരതീയ ചിന്തയിൽ ‘പരം’ എന്നാൽ പരമമായത് എന്നർത്ഥം. പരൻ എന്നാൽ ഈശ്വരൻ എന്നാണ്. അതിന് വിരുദ്ധമാണ് അപരം. അ — പരം എന്നാൽ പരമമല്ലാത്തത്. അപരമായി വല്ലതും തോന്നുന്നുണ്ടെങ്കിൽ അത് അവിദ്യയുടെ ഫലമാണ്. ഞാനും ലോകവും ഒന്നുതന്നെ എന്നാണ് ഭാരതീയ ദർശനം പറയുന്നത്. പക്ഷെ അപരവും അപരനും നമ്മുടെ വ്യാവഹാരിക ലോകത്തിലുണ്ട്. ഞാനും നീയും ഉണ്ട്. ഞങ്ങളും നിങ്ങളും ഉണ്ട്. ഞങ്ങൾ അല്ലാത്തവരാണ് മറ്റുള്ളവർ. എന്നെപ്പോലെയുള്ളവർ കൂടുന്നതാണ് ഞങ്ങൾ. ഈ സമാനതയാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്. മതങ്ങൾ, ജാതികൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ എല്ലാം ഈ ബാഹ്യേതരമായ സമാനതയിലാണ് ഊന്നുന്നത്.
പാശ്ചാത്യ ബൗദ്ധിക വ്യവഹാരത്തിൽ അപരനുണ്ട്. കൊളോണിയൽ കാലത്ത് യൂറോപ്പിന് പുറത്ത് അവർ കണ്ടെത്തിയ നാടുകളും ജനങ്ങളുമെല്ലാം അവർക്ക് അപരന്മാർ അഥവാ മറ്റുള്ളവർ ആയിരുന്നു. യൂറോപ്പിന്റെ തനിമ നിലനിർത്താൻ ‘മറ്റുള്ളവർ’ ആവശ്യമായിരുന്നു. സാംസ്കാരികമായ ഒരു കീഴാള — മേലാള വ്യത്യാസം കല്പിക്കപ്പെട്ടു. ഞങ്ങൾ പരിഷ്കൃതരും മറ്റുള്ളവർ അപരിഷ്കൃതരും ആണ്. ഞങ്ങൾ ഭരിക്കാനും നിയന്ത്രിക്കാനും കഴിവുള്ളവർ, മറ്റുള്ളവർ ഭരിക്കപ്പെടാനും നിയന്ത്രിക്കപ്പെടാനും വിധിക്കപ്പെട്ടവരുമത്രെ. പാശ്ചാത്യർ അവരുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കുകയും മറ്റുള്ളവരെ താഴ്ന്നവരായി പരിഗണിക്കുകയും ചെയ്തു.
ഇന്ത്യയിലെ ജാതിവ്യവസ്ഥയിൽ മേൽജാതിക്കാർ കീഴാളരോട് ഇതേ മനോഭാവം പുലർത്തുന്നു. കീഴാളർ അപരന്മാരാണ്. ഹിന്ദുത്വവാദികൾ ന്യൂനപക്ഷങ്ങളോട് പറയുന്നു നിങ്ങൾ അപരന്മാരാണ്. മ്ലേച്ഛം എന്ന പദം നമ്മുടെ നാട്ടിൽ ഉപരിവർഗം ഉപയോഗിച്ചത് എപ്പോഴും അപരന്മാരെ കുറിച്ചാണ്. ചാതുർവർണ്യത്തിൽ ബ്രാഹ്മണരൊഴികെ എല്ലാം അപരന്മാരാണ്. അത്യുന്നത സംസ്കാരത്തിന്റെ വക്താക്കൾ എന്നവകാശപ്പെട്ട വെള്ളക്കാരെ മ്ലേച്ഛന്മാർ എന്നാണ് ബ്രാഹ്മണർ വിളിച്ചത്. അപരശബ്ദം എല്ലായിടത്തും ഉണ്ട്. ആളിക്കത്തുന്ന വർഗീയതയും മാരകമായ വിദ്വേഷവും ജനങ്ങൾക്കിടയിൽ വിതയ്ക്കാൻ ഈ ചിന്തയ്ക്ക് കഴിയും. അത് ഇന്ത്യയിൽ ധാരാളം പ്രകടമാണ്. മണിപ്പൂരിലും ഉത്തർ പ്രദേശിലും മറ്റും തുടര്‍ച്ചയായി പ്രകടമാക്കപ്പെടുന്നു.
ഭൂമിശാസ്ത്രപരമായും ലിംഗപരമായും വംശീയമായും വർണപരമായും ഞങ്ങളും മറ്റുള്ളവരും തമ്മിലുള്ള വേർതിരിവ് മാനവീയതയ്ക്ക് ഭീഷണിയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും സാംസ്കാരികമായും ലോകത്തിനുമേൽ ആധിപത്യമുള്ളവർക്ക് ഈ മനോഭാവമുണ്ടായാൽ അത്യുഗ്രമായ നിഗ്രഹശേഷിയുള്ളതായി അത് മാറുന്നു. അതാണ് ഇന്ന് ലോകം കാണുന്ന നെക്രോ പൊളിറ്റിക്സ് അഥവാ മൃത്യു രാഷ്ട്രീയം. ആഗോളതലത്തിലും ഇന്ത്യയിലും രാഷ്ട്രീയ സാമ്പത്തിക രംഗത്തും പ്രത്യയശാസ്ത്ര വേദിയിലും അപരൻ ശത്രുവാണ്. അംബേദ്കർ പറഞ്ഞു, ‘ബ്രഹ്മം എല്ലാവരിലും ഉണ്ടെങ്കിൽ അത് മഹർ ജാതിയിലും മറ്റും എന്തുകൊണ്ടില്ല. എന്തുകൊണ്ടാണ് താഴ്ന്ന ജാതിക്കാർ മൃഗീയമായ പീഡനത്തിന് ഇരയാകുന്നത്. അവരൊക്കെ അപരന്മാർ ആയതുകൊണ്ടല്ലേ.’
ലെവിനാസ് തന്റെ ചിന്തയിൽ പറയുന്നത് അപരന്റെ സാന്നിധ്യമാണ് എന്റെ സ്വത്വത്തെ അഥവാ തനിമയെ കണ്ടെത്താൻ എന്നെ സഹായിക്കുന്നത് എന്നാണ്. ഇവിടെയാണ് അപരന്റെ സാന്നിധ്യം ധാർമ്മികവും നൈതികവുമായ ഉത്തരവാദിത്തമായിത്തീരുന്നത്. പക്ഷെ അങ്ങനെയൊരു ചിന്ത ഇന്നത്തെ ലോകത്തിൽ ഇല്ല. അക്രമവും അനീതിയും നടമാടുന്ന വ്യാവഹാരിക യാഥാർത്ഥ്യത്തെ നാം എങ്ങനെയാണ് സമീപിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ അകലം വർധിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വർധിക്കുമ്പോൾ മേലേക്കിടയിലുള്ളവർ ആഡംബരതയിൽ മുഴുകുന്നു. ന്യൂനപക്ഷ മതങ്ങളിലുള്ളവർ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. അവരുടെ ജീവൻ കവർന്നെടുക്കുന്നു, ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു. ദളിതരും ആദിവാസികളും അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നു. അവരുടെ ഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. മാവോവാദികൾ എന്നുവിളിച്ച് അവരെ വെടിവച്ച് കൊല്ലുന്നു. അവരൊക്കെ ഭരണകൂടത്തിന്റെ കണ്ണിൽ അപരന്മാരാണ്.
ജീവിക്കാൻ വേണ്ടി, നീതിക്കുവേണ്ടി പോരാടുന്നവരെ പല പേരുകളിൽ മുദ്രകുത്തുന്നു. അവരൊക്കെ അപരന്മാരത്രെ. ഗാസ ചുട്ടെരിച്ചു, പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ഉക്രെയ്‌നിൽ അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളിലും ലക്ഷക്കണക്കിന് അഭയാർത്ഥികൾ. അവരൊക്കെ അപരന്മാരാണ് ഭരണകൂടങ്ങളുടെ കാഴ്ചപ്പാടിൽ. ഭീകരമായ മനുഷ്യ വിരുദ്ധതയാണ് ലോകമെങ്ങും നടമാടുന്നത്. സമൂഹത്തിലും,സ്ഥാപനങ്ങളിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അപരന്മാരുണ്ട്. അധികാരികൾക്കും നേതൃത്വത്തിനും ഇഷ്ടമില്ലാത്തവരൊക്കെ അപരന്മാർ ആണ്. നേതൃത്വങ്ങളെ സ്തുതിക്കാത്തവർ അപരന്മാർ എന്നാണ് സ്ഥിതി.
ഗുരുദേവൻ പറഞ്ഞത് ഓർക്കുക;
“അവനിവനെന്നറിയുന്നതൊക്കെയോർത്താ -
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായി വരേണം”
അയൽക്കാരനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാനുള്ള ധാർമ്മിക ഉത്തരവാദിത്തമുണ്ട് നമുക്ക്. അപരനെ അന്യനായി കാണാതെയും, അവന്റെ തനിമയെ നിഹനിക്കാതെയും ആദരപൂർവം സംവദിക്കാനുള്ള സുമനസും സാമൂഹിക ജീവിതത്തിൽ ഉരുത്തിരിയണം. ആ ബോധം സൃഷ്ടിക്കലാണ് രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ കടമ. അല്ലാതെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ, ചോദ്യം ചെയ്യുന്നവരെ അകറ്റി നിർത്തുകയല്ല. ഇന്ത്യക്ക് ആവശ്യം ചോദ്യം ചെയ്യുന്നവരെയാണ്. എങ്കിലേ സമൂഹം യാഥാർത്ഥ്യമാകുകയുള്ളൂ. അല്ലെങ്കിൽ വെറുമൊരു കൂടിച്ചേരലോ ആൾക്കൂട്ടമോ ആയിത്തീരും നമ്മൾ. അപ്പോൾ കൂടുതൽ അക്രമാസക്തമാകും സമൂഹം. അതാണ് ലോകം ഇന്ന് കാണുന്നത് ഇന്ത്യയിലടക്കം. അതിനെ അതിജീവിക്കാൻ മനുഷ്യസ്നേഹം മാത്രമേ വഴിയുള്ളൂ. അധികാരപ്രമത്തതയും, സ്വജനപക്ഷപാതവും, സ്വാർത്ഥതയും, സമ്പത്ത് കേന്ദ്രീകരണവും, ജാതീയതയും, മത സ്പർധയും അല്ല, മനുഷ്യനെ ചേർത്തുപിടിക്കലാണ് വഴി മുന്നോട്ടുള്ള യാത്രയിൽ.