കേവലം അക്ഷരങ്ങളല്ല വാക്കുകള്‍. കാരണം വാക്കുകളെ സൃഷ്ടിക്കുന്ന അക്ഷരങ്ങള്‍ അഗ്നിയാണ്. ഭാരതീയ പുരാണങ്ങളില്‍ അഗ്നിയെ മൂര്‍ത്തീകരിക്കുന്നത് അഗ്നിദേവനാണ്. ഒരു ജ്വലിക്കുന്ന മുട്ടനാടിന്റെ പുറത്തു സഞ്ചരിക്കുന്ന ഇരുമുഖനായ ദൈവം. ഇരുമുഖങ്ങളും അഗ്നിയെ ജീവദാതാവായും ജീവനെടുക്കുന്നവനായും പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നു. അഗ്നിയെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാന്‍, അഗ്നിയായ വാക്കുകളെയും. ചില വാക്കുകള്‍ ചില അവസരങ്ങളില്‍ അഗ്നിയെക്കാള്‍ ചൂടു കൈവരിക്കും. അതുകൊണ്ടാണ് തമിഴ് സംസ്കൃതിയുടെ ഭാഗമായ അന്‍പേശിവമെന്ന മന്ത്രമൊഴികള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്.
“അന്‍പാകപേശു
ഇനിമൈയാക പേശു
ഉണ്‍മൈയേ പേശു
നന്‍മൈയേ പേശു
മെതുവാക പേശു
ചിന്തിത്തു പേശു
സമയമറിന്തു പേശു
സഭൈയറിന്തു പേശു
പേശാതിരുന്തും പഴകൂ”.
വാക്ക്ശുദ്ധിയുടെ മഹത്വമാണ് ഈ വരികള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഈ തത്വങ്ങളില്‍ നിന്ന് വാക്കുകളുടെ പ്രയോക്താവ് വ്യതിചലിക്കുമ്പോഴാണ് അസ്വസ്ഥമായ അന്തരീക്ഷം ഉടലെടുക്കുന്നതും പിന്നീട് സംഘര്‍ഷമായി പരിണമിക്കുന്നതും. അത്തരം അവസ്ഥകളില്‍ ഉന്നതസ്ഥാനീയരായവര്‍ക്ക് സ്ഥാനചലനം പോലും സംഭവിക്കാം. കേരള രാഷ്ട്രീയത്തില്‍ നിന്ന് ഈ വകയില്‍പ്പെടുത്താവുന്ന എത്രയെങ്കിലും ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനാവും.
വാവിട്ടുപോയ വാക്കിന്റെ പേരില്‍ വെള്ളം കുടിക്കേണ്ടിവന്ന രാഷ്ട്രീയക്കാര്‍ എല്ലാ മുന്നണികളിലുമുണ്ട്. 1985 മേയ് 25ന് കൊച്ചിയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മന്ത്രി ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിലെ നാക്ക് പിഴയാണ് സത്യപ്രതിജ്ഞാലംഘനത്തിന് ഏറ്റവും നല്ല ഉദാഹരണമായി ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്തിന് അര്‍ഹമായ പദ്ധതി വിഹിതം വേണമെന്ന ആവശ്യം മുന്നോട്ടുവച്ച് മുന്നണിയില്‍ നിന്നുകൊണ്ട് തന്നെ വേണ്ടിവന്നാല്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ് മോഡല്‍ സമരം തന്നെ ചെയ്യണമെന്ന ആഹ്വാനമായിരുന്നു ബാലകൃഷ്ണ പിള്ളയ്ക്ക് വിനയായത്. ഖലിസ്ഥാന്‍ വിഘടനവാദം കത്തിനിന്ന സമയത്തായിരുന്നു ബാലകൃഷ്ണ പിള്ളയ്ക്ക് നാവുപിഴച്ചത് എന്നത് പ്രശ്നം ഗുരുതരമാക്കി. ജനപ്രതിനിധി ഭരണഘടനാനുസൃതമായ സത്യപ്രതിജ്ഞ ലംഘിച്ചാല്‍ മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൂടെന്ന ഹൈക്കോടതിയുടെ നിരീക്ഷണമാണ് അദ്ദേഹത്തിന്റെ രാജിക്ക് വഴിയൊരുക്കിയത്.
വെറും ചില വാക്ക് പ്രയോഗങ്ങളുടെ പേരില്‍ സിപിഐ(എം) നേതാക്കളായ എം വി ജയരാജനും എം എം മണിക്കും അഴിക്കുള്ളിലാവേണ്ടി വന്നിട്ടുണ്ട്. പൊതുനിരത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു 2010 ജൂണ്‍ 26ന് ജയരാജന്റെ ‘ശുംഭന്‍’ പ്രയോഗം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു എന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസില്‍പ്പെടുന്നതും റിമാന്‍ഡിലാകുന്നതും. വീണ്ടും കക്ഷിഭേദമില്ലാതെ ഒട്ടേറെ നേതാക്കള്‍ക്ക് നാക്ക് പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ വിവാദങ്ങളായി മാറി കെട്ടടങ്ങുകയായിരുന്നു.
നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോട് സത്യസന്ധമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സജി ചെറിയാന്‍ എന്ന മന്ത്രിക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന തെറ്റിനാണ് രാജിവയ്ക്കേണ്ടി വന്നത്. ‘കുന്തവും കുടച്ചക്രവും’ എന്ന രൂപകത്തിലൂടെ ഭരണഘടനയിലെ ജനാധിപത്യ‑മതേതര അടിസ്ഥാനത്തെ നിസാരവല്ക്കരിച്ചുവെന്നും ഭരണഘടനയോട് നിര്‍വാജ്യമായ കൂറും വിശ്വസ്തതയും കാട്ടുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുകമാത്രമല്ല, ആ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഭരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ വീക്ഷണവും ഭാഷണവും ഇങ്ങനെ ആകരുതെന്നുമാണ് കോടതിയും നിയമജ്ഞരും നാടിന്റെ പൊതുബോധവും നിരീക്ഷിച്ചിരിക്കുന്നത്.
സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ച നടപടി ഉചിതവും സന്ദര്‍ഭോചിതവുമാണെന്ന് സിപിഐ(എം) പാര്‍ട്ടി സെക്രട്ടേറിയറ്റും വിലയിരുത്തിയിരിക്കുകയാണ്. ഭരണഘടനാഭേദഗതികളെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ രാജ്യവ്യാപകമായി നടക്കുന്ന വേളയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവസരോചിതമായി ഉയര്‍ന്നുകൊണ്ടാണ് രാജി തീരുമാനമെടുത്തത്.
എല്ലാ പരിമിതികള്‍ക്കുമപ്പുറം ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാരസ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും പദവിയും അവസരത്തില്‍ സമത്വവും പ്രാപ്തമാക്കുവാനും അവരുടെയെല്ലാ പേരുടെയുമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കികൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സൗഗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണഘടന നിര്‍മ്മാണസഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു” എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. 1976ലെ 42-ാം ഭേദഗതിയിലൂടെയാണ് ‘സോഷ്യലിസ്റ്റ്’ എന്ന പദം ഭരണഘടനയില്‍ ചേര്‍ക്കുന്നത്.
സോഷ്യലിസ്റ്റ് എന്ന പദം ഇവിടെ വിവക്ഷിച്ചിരിക്കുന്നത് ജനാധിപത്യ സോഷ്യലിസത്തെയാണ്. സമ്പത്ത് സാമൂഹികമായി ഉല്പാദിപ്പിക്കപ്പെടുന്നതിനാല്‍ അത് വിതരണ നീതിയിലൂടെ സമൂഹം തുല്യമായി പങ്കിടണം, ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിക്കാതെ, സാമൂഹിക‑സാമ്പത്തിക അസമത്വങ്ങള്‍ കുറയ്ക്കുന്നതിന് ഭൂമിയുടെയും വ്യവസായത്തിന്റെയും ഉടമസ്ഥാവകാശം സര്‍ക്കാര്‍ നിയന്ത്രിക്കണം എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അപ്പോള്‍ ഭരണഘടനയില്‍ യാതൊരു തൊഴിലാളി വിരുദ്ധതയുമില്ല, അത് പ്രയോഗത്തില്‍ വരുത്തുന്ന ഭരണകൂടമാണ് വിരുദ്ധതകള്‍ വരാതെ ശ്രദ്ധിക്കേണ്ടത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടനയും ഒരു ജൈവരേഖയാണ്. അതുകൊണ്ടുതന്നെ വിമര്‍ശനാതീതവുമല്ല. ധാരാളം പിഴവുകളും അപഭ്രംശങ്ങളും പരിമിതികളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കാലോചിതമായി അതൊക്കെ പരിഷ്കരിക്കുവാനുള്ള സാധ്യതകളും ഈ സാമൂഹ്യരേഖ അനുവദിക്കുന്നുണ്ട്. ആ ജനാധിപത്യ അവകാശങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് വേണ്ടത്. ഭരണഘടനയെ പരാമര്‍ശിക്കുമ്പോള്‍ നാക്ക് പിഴവരാന്‍ പാടില്ല. നാക്ക് ഉടക്ക് ആണെങ്കില്‍ ക്ഷമിക്കപ്പെടും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്കുടക്കുകള്‍ സഭയില്‍ നിര്‍ദോഷമായ ഫലിതങ്ങൾ മാത്രമാണല്ലോ!
മാറ്റൊലി
കയ്യില്‍ നിന്നും പോയ കല്ലും നാവില്‍ നിന്ന് പോയ വാക്കും തിരിച്ചെടുക്കാൻ കഴിയില്ല.